ഹെയർ ഡൈയും സ്ട്രെയ്റ്റനറും ഉപയോഗിച്ചാൽ അർബുദം; കാരണങ്ങൾ ഇങ്ങനെ
Mail This Article
മുടി കളര്‍ ചെയ്യാനുപയോഗിക്കുന്ന ഡൈയും കെമിക്കല്‍ സ്ട്രെയ്റ്റനറുകളും സ്തനാര്‍ബുദസാധ്യത വർധിപ്പിക്കുന്നുവെന്നു പഠനം. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് കാന്‍സറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഹെയര്‍ കെമിക്കലുകളും കാന്‍സര്‍ സാധ്യതയും തമ്മില്‍ ബന്ധമുണ്ടോ എന്നതില്‍ നേരത്തെതന്നെ പഠനം നടന്നിരുന്നു.
സ്ഥിരമായി ഹെയര്‍ ഡൈയോ സ്ട്രെയ്റ്റനറുകളോ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നത്. ഇതില്‍തന്നെ കറുത്ത ചര്‍മം ഉള്ള സ്ത്രീകള്‍ക്കാണ് അപകടനിരക്ക് കൂടുതല്‍ എന്നും പറയുന്നു.
ഈ പഠനത്തിൽ 35 നും 74 നും ഇടയിലുള്ള 46,709 സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്നു. ഇവരുടെയെല്ലാം ബന്ധുക്കൾക്കു സ്തനാര്‍ബുദം ഉണ്ടായിരുന്നു.
സ്ഥിരമായി ഹെയര്‍ ഡൈ ഉപയോഗിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഒന്‍പതു ശതമാനം അധികമാണെന്നു കണ്ടെത്തി. ഇതില്‍ കറുത്ത സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത 45 % ആണ്. ഓരോ അഞ്ചാഴ്ച മുതല്‍ എട്ടാഴ്ച വരെ ഇടവേളകളില്‍ തുടര്‍ച്ചയായി ഹെയര്‍ ഡൈ ഉപയോഗിക്കുന്ന സ്ത്രീകളില്‍ കാന്‍സര്‍ സാധ്യത 60 % ആണ് എന്നതാണ് ഞെട്ടിക്കുന്നത്.
ഹെയര്‍ ഡൈ മൂലമുള്ള സ്തനാര്‍ബുദ സാധ്യത കൂടുതൽ ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകള്‍ക്കാണ്. സെമി പെര്‍മനെന്റ് അല്ലെങ്കില്‍ ടെംപററി ഹെയര്‍ ഡൈ ഉപയോഗിക്കുന്നവര്‍ക്ക് റിസ്ക് കുറവാണ് എന്നതും എടുത്തു പറയണം.
ഹെയര്‍ സ്ട്രെയ്റ്റനറുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് 18% ആണ് സ്തനാര്‍ബുദ സാധ്യത. എന്നാല്‍ ഈ ഒരു പഠനം കൊണ്ടു മാത്രം ഇവയൊന്നും ഉപയോഗിക്കരുത് എന്ന് കര്‍ശനമായി പറയാനും സാധിക്കില്ലെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ദാലെ സന്‍ട്‌ലര്‍ പറയുന്നു. എന്നാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുന്നത് എന്ത് കൊണ്ടും നല്ലതാകും എന്നും ഗവേഷകര്‍ പറയുന്നു.
English Summary: Hair dye and chemical straighteners linked to Iincreased risk of breast cancer