അർബുദത്തിന്റെ പേരിൽ സ്വകാര്യ ഭാഗങ്ങളിൽ പരിശോധന; ഡോക്ടർ കുറ്റക്കാരൻ
Mail This Article
അർബുദ പരിശോധനയ്ക്കെന്ന വ്യാജേന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ പരിശോധന നടത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനെന്ന് ലണ്ടൻ കോടതി. ജനറൽ പ്രാക്ടീഷണർ മനീഷ് ഷാ (50) യാണ് നിരവധി യുവതികളെ ഇങ്ങനെ ലൈംഗികമായി ദുരുപയോഗിച്ചെന്ന് കോടതി കണ്ടെത്തിയത്. 23 സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ആഞ്ജലീന ജോളി സ്തനാർബുദത്തെ പ്രതിരോധിച്ചത് മുൻകൂട്ടി പരിശോധന നടത്തി മാസ്ടക്ടമി ചെയ്തു കൊണ്ടാണെന്നും മറ്റും പറഞ്ഞാണ് ഇയാൾ സ്ത്രീകളുടെ മാറിടം പരിശോധിച്ചിരുന്നത്. അർബുദത്തെക്കുറിച്ച് പറഞ്ഞ് രോഗികളെ ഭയപ്പെടുത്തി ജനനേന്ദ്രിയം, സ്തനങ്ങൾ, മലാശയം തുടങ്ങിയവ പരിശോധിക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മാവ്നി മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്ന 2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ 11 വയസ്സുള്ള പെൺകുട്ടി ഉൾപ്പടെ ആറ് സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചിരുന്നതായും കോടതി കണ്ടെത്തി.
മുമ്പ് സമാനമായ 17 പരാതികൾ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീകളുടെ അർബുദത്തോടുള്ള ഭയത്തെ മുതലെടുക്കുകയാണ് മനീഷ് ചെയ്തതെന്നും അതുവഴി സ്ത്രീത്വത്തെയും ഡോക്ടർ എന്ന ജോലിയേയും അപമാനിക്കുകയാണ് ഇയാൾ ചെയ്തതെന്നും പ്രോസിക്യൂട്ടർ കെയ്റ്റ് ബെക്സ് കോടതിയിൽ പറഞ്ഞു. ലൈംഗിക ചേഷ്ടകളോടെയാണ് രോഗികളോട് ഇടപഴകിയിരുന്നത്. ആലിംഗനം ചെയ്തും ഉമ്മ വച്ചുമാണ് ചിലരെ പരിശോധിക്കുക. ഇയാൾക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്നതോടെ 2013 ൽ മെഡിക്കൽ പ്രാക്ടീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
English summary: Indian-origin doctor faces jail for sexually assaulting patients