വൃക്കരോഗം; ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ
Mail This Article
വൃക്കരോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. മറ്റു കാര്യങ്ങളിൽ അതീവശ്രദ്ധ കൊടുക്കുന്നവർ പോലും പലപ്പോഴും വൃക്കയുടെ കാര്യം വിസ്മരിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ അരിച്ച് പുറത്തു കളയുന്നത് വൃക്കയാണ്. അതിനാൽ വൃക്കയുടെ കാര്യത്തിലും പരിഗണന നൽകിയേ മതിയാകൂ. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം.
1. വെള്ളം ആവശ്യത്തിന്
ആവശ്യമായ അളവിൽ വെള്ളം കുടിക്കാതിരുന്നാൽ അത് വൃക്കകളെ ദോഷകരമായി ബാധിക്കും. ദിവസവും എട്ടു മുതൽ പത്തു വരെ ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. എന്നാൽ വൃക്കരോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവിൽ വെള്ളം കുടിക്കുക. വെള്ളത്തിന്റെ അളവു കുറഞ്ഞാൽ വൃക്കയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.
2. മൂത്രത്തിലെ അണുബാധ
മൂത്രസഞ്ചിയിലോ യുറീത്രയിലോനിന്ന് ആരംഭിക്കുന്ന അണുബാധ യുറീറ്ററിലൂടെ വൃക്കയെ ബാധിക്കാം. അതിനാൽ ഏതെങ്കിലും തരത്തിലെ അണുബാധ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ചികിത്സ തേടുക. വൃക്കകൾക്കു പ്രശ്നമുള്ളവരിൽ മൂത്രത്തിലെ അണുബാധ വൃക്കയുടെ പ്രവർത്തനക്ഷമതയെ ബാധിക്കും.
3. വേദനസംഹാരികൾ ശ്രദ്ധയോടെ
ചെറിയ വേദന തോന്നിയാൽപോലും വേദനസംഹാരികൾ കഴിക്കുന്നത് പലരുടെയും ശീലമാണ്. അങ്ങനെയുള്ളവർ അറിഞ്ഞോളൂ, ഇവ നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിക്കാം. ഇവ കഴിക്കുമ്പോൾ വൃക്കയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് വൃക്കകളുടെ പ്രവർത്തനം കുറയും. വൃക്കയിലെ ഇന്റർസ്റ്റീഷ്യം എന്ന ഭാഗത്തിനു നാശം സംഭവിച്ച് ഇന്റർസ്റ്റീഷ്യൽ നെഫ്രൈറ്റിസ് പിടിപെടാം. കൂടാതെ അമിതമായി വേദനസംഹാരികളുടെ ഉപയോഗത്തിലൂടെ ഗ്ലോമറുലസ് എന്ന അരിപ്പയ്ക്ക് നാശം സംഭവിക്കും. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ വേദനസംഹാരികൾ ഉപയോഗിക്കരുത്.
4. ഓക്സാലിക് ആസിഡ് കൂടിയ പഴങ്ങൾ
ഇരുമ്പൻപുളി, നക്ഷത്രപുളി എന്നിവയുടെ അമിതോപയോഗം വൃക്കകളെ ദോഷകരമായി ബാധിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് ആണ് വില്ലൻ. സാധാരണയായി ഈ ഓക്സാലിക് ആസിഡ് വൃക്കകളിലൂടെയാണ് പുറത്തു പോകുന്നത്. ഇവയുടെ അളവ് അധികമായാൽ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ പുറത്തുപോകാതെ വൃക്കകളിൽ അടിഞ്ഞ് വൃക്കസ്തംഭനം സംഭവിക്കാം.
5. കൂടിയ ശരീരഭാരം
തടി കൂടുതലായാൽ വൃക്കകളുടെ പ്രവർത്തനം കുറയാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്. ശരീരഭാരം വർധിക്കുമ്പോൾ വൃക്കകളിലെ ഇൻട്രാഗ്ലോമറുലർ സമ്മർദം കൂടുന്നു. ഇത് വൃക്കകളുടെ രൂപഘടന നശിപ്പിക്കുന്നു. ഇത് ക്രോണിക് കിഡ്നി ഡിസീസിലേക്കു നയിക്കാം.
6. ഉയർന്ന രക്തസമ്മർദം
വൃക്കകളുടെ പ്രവർത്തന പരാജയത്തിന്റെ ഒരു പ്രധാന കാരണമാണ് ഉയർന്ന രക്തസമ്മർദം. നിയന്ത്രണാതീതമായ രക്തസമ്മർദം വൃക്കയ്ക്കു ചുറ്റുമുള്ള ധമനികളെ ഇടുങ്ങിയതും ദുർബലമോ കഠിനമോ ആയതുമാക്കുന്നു. ഇതുവഴി വൃക്കയുടെ കോശസമൂഹത്തിലേക്ക് ആവശ്യമായ രക്തം എത്തിക്കാൻ ധമനികൾക്ക് സാധിക്കാതെ വരുന്നു. രക്തത്തിലെ മാലിന്യങ്ങൾ അരിച്ചു മാറ്റുന്നത് വൃക്കകളാണ്. ഇതിന് ഏറെ രക്തക്കുഴലുകൾ ആവശ്യമാണ്. എന്നാൽ രക്തക്കുഴലുകൾക്ക് നാശം സംഭവിച്ചാൽ രക്തം ശുദ്ധീകരിക്കുന്ന നെഫ്രോണുകൾക്ക് ഓക്സിജൻ സ്വീകരിക്കാനാകാതെയും സുഗമമായി പ്രവർത്തിക്കാനാകാതെയും വരും.
7. പ്രമേഹം
രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമല്ലെങ്കിൽ ഇത് പ്രമേഹ സങ്കീർണതയായി വൃക്കയുടെ പ്രവർത്തനം താളം തെറ്റിക്കും. ഇതാണ് ഡയബറ്റിക് നെഫ്രോപ്പതി. പുകവലി കൂടിയുള്ളവരാണെങ്കിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ വൃക്കയെ ബാധിച്ച് ചികിത്സ പോലും ഫലപ്പെടാതെ വരാം.
8. ചില മരുന്നുകൾ
ചില തദ്ദേശീയ ചികിത്സകളുടെ ഭാഗമായുള്ള മരുന്നുകൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഈ മരുന്നുകളിലെ ചില ഘടകങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ നേരിട്ടു തകരാറിലാക്കുകയും വൃക്ക പരാജയത്തിലേക്കു നയിക്കുകയും ചെയ്യും. ഭസ്മം പോലുള്ളവ ചേർന്ന മരുന്നുകൾ, മെർക്കുറി ഉൾപ്പടെയുള്ള ടോക്സിക് ഹെവി മെറ്റൽസ് അടങ്ങിയ മരുന്നുകൾ എന്നിവ ഇക്കൂട്ടത്തിൽ പെടുന്നതാണ്.
9. ചുവന്ന മാംസം എന്ന വില്ലൻ
ഇപ്പോൾ മലയാളികളുടെ ഭക്ഷണമേശകളിലെ ഒരു സ്ഥിരം സാന്നിധ്യമാണ് റെഡ് മീറ്റ് അഥവാ ചുവന്ന മാംസ വിഭവങ്ങൾ. റെഡ്മീറ്റായ ബീഫും പോർക്കും കൂടുതൽ കഴിക്കുന്നവർ വൃക്കകളുടെ ആരോഗ്യം കൂടി ശ്രദ്ധിക്കണം. ഇവയിൽ കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ ശരീരത്തിൽനിന്നു വിഘടിക്കപ്പെട്ട് യൂറിക് ആസിഡ് പുറന്തള്ളുന്നു. പ്യൂരിൻ അധികമായാൽ ഇത് രക്തത്തിൽ യൂറിക് ആസിഡിന്റെ ഉൽപാദനം വർധിപ്പിക്കും. യൂറിക് ആസിഡ് അധികമായാൽ വൃക്കകൾക്ക് അത് അരിച്ച് മൂത്രമായി പുറന്തള്ളാൻ സാധിക്കില്ല. അങ്ങനെ യൂറിക് ആസിഡ് ക്രിസ്റ്റലുകൾ സന്ധികളിലടിഞ്ഞ് ഗൗട്ട് വരാം.
10. ശ്രദ്ധ വേണം ആന്റിബയോട്ടിക്കിലും
ആവശ്യമില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം വൃക്കയിൽ ഇന്റർസ്റ്റീഷ്യൽ നെഫ്രൈറ്റിസിനു കാരണമാകും. ആന്റിബയോട്ടുക്കുകളിലടങ്ങിയ ചില പദാർഥങ്ങൾ വൃക്കയിലെ ചില കോശങ്ങളെ നശിപ്പിക്കാം. ചില ആന്റിബയോട്ടിക്കുകളാകട്ടെ മൂത്രത്തിൽ ക്രിസ്റ്റലുകൾ സൃഷ്ടിച്ച് മൂത്രതടസ്സമുണ്ടാക്കും. അതിനാൽ ഡോക്ടറുടെ കുറിപ്പില്ലാതെ അനാവശ്യമായി ഇവ വാങ്ങി കഴിക്കരുത്.
English Sumary: Kidney Disease: Reasons and Causes