ADVERTISEMENT

കാൻസർ അനുദിനം മനുഷ്യരെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. കാൻസർ ഈ ഭൂമുഖത്തു നിന്നു തുടച്ചു മാറ്റാൻ ഇതുവരെ സാധിച്ചട്ടില്ല. ഇതിനുള്ള പരീക്ഷണങ്ങൾ ഗവേഷകർ നടത്തുന്നുമുണ്ട്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകർ അർബുദ ചികിത്സാ രംഗത്ത് അദ്ഭുതങ്ങൾക്ക് സാധ്യതയുള്ള ഒരു മുരുന്ന് വികസിപ്പിച്ചെടുത്തിരുന്നു. ഞരമ്പിൽ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് എലികൾ ഉൾപ്പെടെ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു. എന്നാൽ മനുഷ്യരിലുള്ള ഈ മരുന്നു പരീക്ഷണത്തിനു താൻ തയാറാണെന്ന് അറിയിച്ചിരിക്കുകയാണ് കാൻസറിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ. ഫെയ്സ്ബുക്കിലൂടെയാണ് നന്ദു ഇത് എല്ലാവരെയും അറിയിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള നന്ദുവിന്റെ പോസ്റ്റ് വായിക്കാം

ചങ്കുകളേ രണ്ടാം വട്ട പരീക്ഷയിലെ എന്റെ ആദ്യത്തെ കീമോ കഴിഞ്ഞു ട്ടോ. ഞാൻ ഉഷാറാണ്. പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ. ശാരീരികമായ വേദനകളിലും നിങ്ങൾക്ക് തരാൻ എനിക്ക് കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്റെ ഈ മനം നിറഞ്ഞ പുഞ്ചിരി മാത്രമാണ്.

മറ്റൊരു സന്തോഷകരമായ കാര്യം കൂടി ഞാനെന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കുന്നു. ആ മരുന്ന് പരീക്ഷണത്തിന് ഞാൻ തയാറാണ് !!

ഇനി മനുഷ്യരിൽ ഒന്ന് രണ്ടു പരീക്ഷണങ്ങൾ കൂടി ചെയ്ത് കഴിഞ്ഞു പേറ്റന്റ് കൂടി കിട്ടിയാൽ ശ്രീ ചിത്രയിൽ വികസിപ്പിച്ചെടുത്ത കാൻസറിനുള്ള മരുന്ന് എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഉപയോഗപ്രദം ആകുമെന്ന് അറിഞ്ഞു.

ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാൻ !!

വളരെ സന്തോഷത്തോട് കൂടി ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയാറാണെന്ന് അറിയിക്കുന്നു !!

ഈ സമൂഹത്തിന് വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നു..

ഒരായിരം കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തിയ ഈ വിപത്തിനെ സമൂഹത്തിൽ നിന്ന് ആധുനിക വൈദ്യശാസ്ത്രം തുടച്ചു മാറ്റുമെന്ന്‌ ഞാൻ ഉറച്ചു വിശ്വസിക്കുന്നു..

അതിന് വേണ്ടി എനിക്കെന്റെ ജീവൻ നഷ്ടമായാലും അഭിമാനമാണ്.. അങ്ങേയറ്റം സന്തോഷമാണ് !!

ഇവിടെ ഒരു മരുന്ന് ലോബി ഉണ്ടോ ഇല്ലയോ എന്നത് എന്നിക്കറിയില്ല.. ഉണ്ടെന്ന് ഞാനും വിശ്വസിക്കുന്നു..

നിങ്ങളുടെ കാല് പിടിക്കാൻ പോലും ഞങ്ങൾ തയാറാണ്. നിങ്ങൾ കാൻസർ മരുന്ന് വേർതിരിച്ചെടുത്താൽ ഒരാളിന് പതിനായിരം രൂപക്ക് നൽകാൻ കഴിയുമെങ്കിൽ നിങ്ങൾ പത്ത് ലക്ഷം രൂപ വാങ്ങി വിറ്റോളൂ. എന്നാലും സാരമില്ല. ഞങ്ങൾ എങ്ങനെയും അത് വാങ്ങിക്കൊള്ളാം.

പക്ഷേ മരുന്നിനെ നിങ്ങൾ ഹൈജാക്ക് ചെയ്യരുത്. അത്രയ്ക്ക് തീഷ്ണമാണ് ജീവിക്കാനുള്ള ഞങ്ങടെ ആഗ്രഹം.

ഒരു കുടുംബമായി കുട്ടികൾ ഒക്കെയായി ജീവിക്കണമെന്നൊക്കെ ഞങ്ങൾക്കും ആഗ്രഹങ്ങൾ ഉണ്ടെടോ.

മറ്റൊരു കാര്യം ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ലോകത്തിൽ ഇത്രയേറെ രാജ്യങ്ങളിൽ എത്രയോ കോടിക്കണക്കിന് ആൾക്കാർ അർബുദം കാരണം നരകയാതന അനുഭവിക്കുന്നു.

ഈ രാജ്യങ്ങളൊക്കെ സംയുക്തമായി ഒരു പരീക്ഷണശാല നിർമിച്ച് അവിടെ ലോകത്തിലെ തന്നെ മികച്ച ശാസ്ത്രജ്ഞരെ ഒരുമിച്ചു ഗവേഷണം നടത്താൻ ഒരു പദ്ധതി ലോകാരോഗ്യ സംഘടന കൊണ്ടു വന്നാൽ നൂറിൽ ഇരുന്നൂറ് ശതമാനം ഉറപ്പാണ് ഒരു വർഷത്തിനുള്ളിൽ അർബുദത്തെ വരുതിയിൽ ആക്കാനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാൻ പറ്റും..

ശതകോടികൾ മുടക്കി വലിയ ഹൈഡ്രജൻ കൊളൈഡർ പരീക്ഷണം നടത്തി ഭൂമി എങ്ങനെ ഉണ്ടായി എന്ന് കണ്ടു പിടിക്കുന്നതിന് പകരം ഇപ്പോൾ ഭൂമിയിലുള്ള ഈ നശിച്ച രോഗത്തിന് മരുന്ന് കണ്ടെത്താനാണ് ശാസ്ത്ര ലോകം ശ്രമിക്കേണ്ടത്..

ലക്ഷം കോടി മുടക്കി ചൊവ്വയിലേക്ക് മനുഷ്യനെ വിടുന്നതിനു ശ്രമിക്കുന്നതിന്റെ ഒരു ശതമാനം ഒരുമ ഈ കാര്യത്തിൽ കാണിച്ചാൽ ഒത്തിരി വേദനിക്കുന്നവർക്ക് ഇവിടെ നേരെ ചൊവ്വേ ജീവിക്കാനുള്ള സാഹചര്യം ഒത്തുവരും..

ഇവിടന്ന് അവിടെ ചെല്ലുമ്പോൾ ഒരു രോഗത്തിന് മരുന്ന് കണ്ടെത്താൻ പറ്റാത്ത നിങ്ങൾ ഇവിടെ വന്നത് വല്യ കാര്യായിപ്പോയിന്ന് ചൊവാ ജീവികൾ കളിയാക്കും..

തീർച്ചയായും ഈ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയ്ക്കുള്ള ആദ്യത്തെ നിവേദനം കേരളത്തിൽ നിന്നാക്കണം എന്ന് ഞാനഗ്രഹിക്കുന്നു..

എന്റെ പ്രിയപ്പെട്ടവർ അതിന് എന്നോടൊപ്പം ഉണ്ടാകണം..

ഒരിക്കൽ വസൂരിയെയും മാരക രോഗങ്ങളെയും തുടച്ചു മാറ്റിയത്‌ പോലെ നമുക്ക് തുടച്ചു മാറ്റണം അർബുദത്തെ ഈ ഭൂമിയിൽ നിന്ന്..

ഒരിക്കൽ കൂടി പൂർണസമ്മതത്തോടെ ഈ പരീക്ഷണത്തിന് ഞാൻ എന്റെ മനസ്സും ശരീരവും അർപ്പിക്കുന്നു എന്നറിയിക്കുന്നു..!

സ്നേഹം പ്രിയരേ !!

English Summary: Sree Chitra Institute's anti cancer drug experiment: Nandu Mahadeva says he is ready

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com