പഠിത്തത്തിൽ ശ്രദ്ധയില്ല, വിഷാദരോഗം; കാരണം അച്ഛനിൽ നിന്നും നേരിട്ട പീഡനമോ?
Mail This Article
ബെംഗളൂരുവിൽ രണ്ടാംവർഷ ബിഎസ്‍സി നഴ്സിങ്ങിനു പഠിക്കുകയാണ് എന്റെ മൂത്തമകൾ. ആദ്യവർഷം കുഴപ്പമൊന്നുമില്ലാതെ പോയി. ഇത്തവണ പല പരീക്ഷകൾക്കും തോറ്റു. ക്ലാസിൽ പലപ്പോഴും പോകാറില്ല എന്നു കൂട്ടുകാർ പറഞ്ഞു. മിക്കവാറും ഓരോരോ അസുഖങ്ങളാണ്. പക്ഷേ, കാര്യമായ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. അന്യമതസ്ഥനായ ഒരു പയ്യനുമായി അവൾക്കു പ്രണയമുണ്ടായിരുന്നു. ഞാൻ അതിനെ എതിർത്തുവെങ്കിലും തുടർന്നു പോന്നു. പക്ഷേ, എന്തോ കാരണത്താൽ അവർ തമ്മിൽ തെറ്റി. പ്രണയം മൂത്ത സമയത്ത് അവന്റെ പേര് കൈത്തണ്ടയിൽ പച്ചകുത്തിയിരുന്നു. ഇപ്പോൾ അതു മാറ്റണമെന്നു പറഞ്ഞ് അവിടെയെല്ലാം ബ്ലേഡ് കൊണ്ടു വരഞ്ഞിരിക്കുകയാണ്.
അവളോട് ആർക്കും ഇഷ്ടമല്ല അവളെ ആരും മനസ്സിലാക്കുന്നില്ല. പഠിച്ചിട്ടൊന്നും മനസ്സിലാകുന്നില്ല. പഠിത്തം നിർത്തണം എന്നൊക്കെയാണു പറയുന്നത്. രാത്രി ഉറക്കം കിട്ടില്ല. പകൽ കിടന്നുറങ്ങും. ശരീരം നന്നേ മെലിഞ്ഞുപോയി. പഴയ പ്രസരിപ്പും ഉൽസാഹവും ഒന്നുമില്ല. ചെറിയ കുട്ടി ആയിരിക്കുമ്പോൾ അവളുടെ അച്ഛനിൽ നിന്നുതന്നെ അവൾക്കു ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു അപകടത്തിൽ രണ്ടു വർഷം മുൻപ് അദ്ദേഹം മരിച്ചു. ചെറുപ്പത്തിലുണ്ടായ ദുരനുഭവങ്ങൾ മൂലമാണോ ഇവൾ ഇങ്ങനെയായത്.
പ്രതികരണം: കുട്ടി ഇപ്പോൾ കടന്നുപോകുന്നത് വിഷാദാവസ്ഥയിലൂടെയാണ് (Depression) എന്ന് അനുമാനിക്കാം. ചെറിയ കുട്ടി ആയിരുന്നപ്പോൾ ഉണ്ടായ ലൈംഗിക ദുരുപയോഗത്തെപ്പറ്റി ഈ ഘട്ടത്തിൽ ഒരു വിശകലനത്തിനു മുതിരുന്നത് ഒട്ടും അഭിലഷണീയമല്ല. എത്രയും വേഗം കുട്ടിക്ക് ഉചിതമായ ചികിൽസയും സൈക്കോ തെറപ്പിയും നൽകുവാന്‍ പ്രാപ്തനായ ഒരു ഡോക്ടറെ സമീപിക്കുക. നന്നായി പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടി പെട്ടെന്നു പഠനത്തിൽ പിന്നാക്കം പോകുക. രോഗമില്ലാത്ത രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക, നിരാശയും സ്വയം മതിപ്പില്ലായ്മയും ഒക്കെ പ്രകടിപ്പിക്കുക– ഇവയൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം. ഉറക്കത്തിന്റെ താളക്രമത്തിൽ വരുന്ന വ്യത്യാസവും ശരീരം മെലിയുന്നതും ഒക്കെ സൂചിപ്പിക്കുന്നത് കുട്ടി വിഷാദത്തിന്റെ പിടിയിലാണ് എന്നാണ്. അതതു കാലത്ത് ഉണ്ടാകുന്ന സംഘർഷങ്ങളും (ഇവിടെ പ്രണയഭംഗം) ഭൂതകാലത്തുണ്ടായ ദുരനുഭവങ്ങളും (ഇവിടെ അച്ഛനിൽ നിന്നുണ്ടായ ലൈംഗിക പീഡനം) വിഷാദത്തിലേക്കു വഴിവച്ചേക്കാം.
English Summary: Daughter lost interest in Studies due to Depression