എന്തുകൊണ്ട് ഗർഭധാരണം നടക്കുന്നില്ല?
Mail This Article
എനിക്ക് മുപ്പതു വയസ്സും ഭാര്യയ്ക്ക് ഇരുപത്തിനാലു വയസ്സുമാണ്. കുട്ടികളില്ല. സൗദിയിൽ ജോലി ചെയ്യുന്നു. നാട്ടിൽ വന്ന ഒന്നരമാസം ഞങ്ങൾ എല്ലാ ദിവസവും ബന്ധപ്പെട്ടിരുന്നു. ഒരു പ്രയോജനവും ഉണ്ടായില്ല. ഒരു ഡോക്ടറെ കണ്ട് അവർ പറഞ്ഞ എല്ലാ പരിശോധനകളും നടത്തി. രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ല എന്നാണു പറഞ്ഞത്. വീണ്ടും രണ്ടു വർഷത്തിനുശേഷം ഒന്നര മാസത്തെ അവധിക്കു ഞാൻ വന്നു. മുൻപു കണ്ട അതേ ഡോക്ടറെ തന്നെ വീണ്ടും കാണുകയും പരിശോധനകൾ എല്ലാം നടത്തുകയും ചെയ്തു. രണ്ടു പേർക്കും ഒരു തകരാറുമില്ലെന്നു ഡോക്ടർ വീണ്ടും പറഞ്ഞു. എന്തു കാരണത്താലാണ് ഞങ്ങൾക്കു കുട്ടികൾ ഉണ്ടാകാത്തത്?
ഉത്തരം: ഗർഭധാരണത്തിനു പുരുഷ ബീജം യോനിയിലാണ് നിക്ഷിപ്തമാകുന്നത്. പുരുഷബീജം ഒരു പാമ്പിന്റെ ആകൃതിയിലാണ് നിലകൊള്ളുന്നത്. ബീജം സ്വന്തം ചലനശേഷികൊണ്ട് യോനിയിലേക്കു തള്ളി നിൽക്കുന്ന ഗർഭപാത്രഗളം കടന്നു ഗർഭപാത്രത്തിൽ പ്രവേശിക്കണം. അടഞ്ഞു കിടക്കുന്ന ഈ കവാടത്തെ ദ്വാരപാലകന്മാരെപ്പോലെ മ്യൂക്കസ് പടലം കാത്തു സൂക്ഷിക്കുന്നുണ്ട്. ബീജം ഇതിൽക്കൂടിയെല്ലാം തുരന്നു കയറി ഗർഭപാത്രത്തിലെത്തണം. അവിടെ നിന്നു ട്യൂബ് വഴി അണ്ഡാശയം വരെ എത്തണം. അവിടെയായിരിക്കും ബീജം അണ്ഡവുമായി കൂടിച്ചേരുന്നത്. പിന്നീട് അവിടെ നിന്ന് തിരികെ ട്യൂബ് വഴി ഗർഭപാത്രത്തിലെത്തണം. ആ സമയം ഗർഭപാത്രത്തിന്റെ ഉൾഭിത്തിയിലെ രക്തധമനികളെല്ലാം ആർത്തവാനന്തരമുള്ള രണ്ടാഴ്ച കൊണ്ടു വികസിച്ച് ഭ്രൂണത്തെ സ്വീകരിച്ച് പോഷകാംശങ്ങളെല്ലാം കൊടുക്കുവാൻ തയാറായിരിക്കണം.
ബീജം സ്വന്തം ചലനശേഷി കൊണ്ടാണ് നീങ്ങി ഉദ്ദിഷ്ട സ്ഥാനത്തെത്തുന്നത്. അതിനാൽ ലിംഗത്തിന്റെ നീളക്കുറവോ വണ്ണക്കുറവോ വളവോ ഒന്നുംതന്നെ ഒരു പ്രശ്നമാകുന്നില്ല. വന്ധ്യതയുടെ കാരണം സ്ത്രീയിലാകാം. പുരുഷനിലാകാം. അല്ലെങ്കിൽ ഇരുവരിലുമാകാം. വന്ധ്യതാ ക്ലിനിക്കുകളിൽ വളരെ വിപുലവും വിശദവുമായ പരിശോധനകൾ നടത്തപ്പെടുന്നുണ്ട്. അടുത്തപടിയാണ് അണ്ഡത്തെ പുറത്തെടുത്ത് ബീജവുമായി കൂടിച്ചേർത്ത് ഗർഭപാത്രത്തിൽ നിക്ഷേപിക്കുക– ടെസ്റ്റ് ട്യൂബ് ശിശു ചെലവേറും. ഒന്നു രണ്ടു പ്രാവശ്യം ചെയ്യേണ്ടി വരും.
English Summary: Reasons behind Infertility