കൂടുതൽ അസുഖങ്ങൾക്ക് പരിരക്ഷയും ശുഭകരമായ മാറ്റങ്ങളുമായി പുതുവർഷത്തിൽ മെഡിക്കൽ പോളിസികൾ
Mail This Article
സേവിങ്സ് ബാങ്ക് അക്കൗണ്ട് കഴിഞ്ഞാൽ ഏവർക്കും ഉണ്ടായിരിക്കേണ്ടുന്ന അടിസ്ഥാന സാമ്പത്തിക സേവനമാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ. വാങ്ങാൻ താരതമ്യേന എളുപ്പമാണെങ്കിലും ക്ലെയിം വരുമ്പോൾ കമ്പനികൾ ഓരോ തടസ്സങ്ങൾ ഉയർത്തി പോളിസി ഉടമയെ പ്രതിരോധത്തിലാക്കാറുമുണ്ട്. മെഡിക്കൽ പോളിസികൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ഈ വർഷം വരുത്തേണ്ട മാറ്റങ്ങൾക്കായുള്ള മാർഗരേഖ 2019ൽതന്നെ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് 5 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്ന ഒരു പൊതു ഹെൽത്ത് ഇൻഷുറൻസിന്റെ മാർഗരേഖയും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി ശുഭകരമായ മാറ്റങ്ങൾ മെഡിക്കൽ പോളിസികളിൽ ഇക്കൊല്ലം പ്രാബല്യത്തിൽ വരും.
കൂടുതൽ അസുഖങ്ങൾക്ക് പരിരക്ഷ
പല അസുഖങ്ങൾക്കും പരിരക്ഷ ഒഴിവാക്കിയാണ് ഇപ്പോൾ മെഡിക്കൽ പോളിസികൾ വിൽക്കുന്നത്. ഒരു കമ്പനി പരിരക്ഷ നൽകുന്ന അസുഖങ്ങൾ മറ്റൊരു കമ്പനിയുടെ പോളിസിയിൽ ഒഴിവാക്കപ്പെട്ട അസുഖങ്ങളുടെ പട്ടികയിലായിരിക്കും. ഒഴിവാക്കപ്പെട്ട അസുഖങ്ങൾ ഏതൊക്കെയാണെന്ന് സംശയം കൂടാതെ മനസ്സിലാക്കാനും പ്രയാസം അനുഭവപ്പെടുന്നു. ഒഴിവാക്കപ്പെട്ട അസുഖങ്ങളുടെ ഒരു പൊതു പട്ടികയാണ് ഇപ്പോൾ ഐആർഡിഎ പരസ്യപ്പെടുത്തിയിരിക്കുന്നത് എല്ലാ പോളിസികളിലും പൊതുവെ ബാധകമാക്കുന്നതോടെ കമ്പനികൾക്ക് ഇഷ്ടം പോലെ അസുഖങ്ങൾ ഒഴിവാക്കാനാകില്ല. നിലവിൽ ഒഴിവാക്കപ്പെട്ടിരിക്കുന്ന പല അസുഖങ്ങൾക്കും ഇനി പരിരക്ഷയും ലഭിക്കും. കാൽമുട്ടുചിരട്ട മാറ്റിവയ്ക്കൽ, തിമിരശസ്ത്രക്രിയ, അൽസ്‌ഹൈമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങി വയോജനങ്ങളെ ബാധിക്കുന്ന അസുഖങ്ങൾക്ക് പരിരക്ഷ ഉൾപ്പെടുത്തും. കൃത്രിമമായി ജീവൻ നിലനിർത്തുന്നതിനുള്ള ചികിത്സകളും മാനസികാരോഗ്യ സംബന്ധിയായ ചികിത്സകൾക്കും ജന്മനാലുണ്ടാകുന്ന രോഗ ചികിത്സകൾക്കും ഇനി സഹായം ലഭിക്കും. ഋതുമതി ആകുമ്പോഴും ആർത്തവ വിരാമ സമയത്തും ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ഇനി മുതൽ മെഡിക്കൽ പോളിസികളുടെ പരിരക്ഷാപരിധിയിൽ വരും.
നിലവിൽ ഉണ്ടായിരുന്ന അസുഖങ്ങൾ
പോളിസി എടുക്കുന്നതിനുമുൻപുതന്നെ ബാധിച്ചിട്ടുള്ള അസുഖങ്ങൾ എന്ന കാരണം പറഞ്ഞ് ക്ലെയിം അനുവദിക്കാതിരിക്കുന്നത് മെഡിക്കൽ പോളിസികൾക്കെതിരെയുള്ള പരാതികൾക്കു പ്രധാന കാരണമാണ്. ആദ്യമായി പോളിസി എടുക്കുന്നതിനുമുൻപ് രോഗ നിർണയം നടത്തുകയോ ചികിത്സ എടുക്കുകയോ ചെയ്തിട്ടുള്ള അവസരങ്ങളിലേ നിലവിലുണ്ടായിരുന്ന അസുഖമാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് തീരുമാനിക്കാനാകൂ. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ആദ്യമായി പോളിസി എടുക്കുന്നതിന് 48 മാസം മുൻപുവരെ രോഗനിർണയം നടത്തി സ്ഥിരീകരിക്കുകയും ചികിത്സ നിർദേശിക്കപ്പെട്ടതുമായ അസുഖങ്ങളാണ് നിലനിന്നിരുന്ന അസുഖങ്ങളുടെ വിഭാഗത്തിൽ വരിക. പുതിയ പോളിസി എടുത്ത് 3 മാസത്തിനുള്ളിൽ, ചില അസുഖങ്ങളുടെ രോഗലക്ഷണങ്ങൾ പ്രകടമാകുകയും അസുഖം സ്ഥിരീകരിച്ച് ചികിത്സ വേണ്ടി വരികയും ചെയ്യുമ്പോൾ അത്തരം അസുഖങ്ങൾ നിലനിന്നിരുന്നവയാണെന്ന് കണക്കാക്കും. എന്നിരുന്നാലും പോളിസി എടുത്ത് 48 മാസം മുടങ്ങാതെ പുതുക്കിക്കൊണ്ടിരുന്ന പോളിസികളിൽ സ്ഥിരമായി ഒഴിവാക്കപ്പെട്ടതല്ലാത്ത നിലവിലുള്ള അസുഖങ്ങൾക്ക് പരിരക്ഷ ലഭിച്ച് തുടങ്ങും. പോളിസി വാങ്ങിയ സന്ദർഭത്തിൽ നിലവിലുള്ള അസുഖങ്ങളെക്കുറിച്ചു കമ്പനിയെ മനഃപൂർവം അറിയിച്ചില്ലെങ്കിൽ അവർക്ക് പോളിസി റദ്ദാക്കാനാകും.
കാത്തിരിക്കൽ കാലാവധി
ജീവിതശൈലീരോഗങ്ങളായ ബ്ലഡ് പ്രഷർ, ഡയബറ്റിസ്, ഹൃദ്രോഗാവസ്ഥ എന്നീ അസുഖങ്ങൾക്കുള്ള കവറേജിനായി കാത്തിരിക്കേണ്ടുന്ന കാലാവധി 90 ദിവസമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അപകടങ്ങൾ മൂലമുണ്ടാകുന്ന ക്ലെയിമുകൾക്കു കാത്തിരിക്കൽ കാലാവധി ബാധകമല്ല. നിലവിലുള്ള പോളിസികളിൽ പരിരക്ഷ തുക ഉയർത്തുന്ന അവസരങ്ങളിൽ കാത്തിരിക്കൽ കാലാവധി വീണ്ടും തുടങ്ങും.
മൊറട്ടോറിയം കാലയളവ്
തുടർച്ചയായി 8 വർഷം വരെ പുതുക്കിയ പോളിസികളിൽ പുറകോട്ടുചികഞ്ഞ് അസുഖമുണ്ടായിരുന്നോ എന്നൊന്നും അന്വേഷിക്കാൻ കമ്പനികൾക്ക് അധികാരമില്ല. മൊറട്ടോറിയം എന്നറിയപ്പെടുന്ന ഈ കാലയളവിനുശേഷം മുട്ടുന്യായങ്ങൾ നിരത്തി ക്ലെയിം നിരസിക്കാൻ കമ്പനികൾക്ക് ആകില്ല. സ്ഥിരമായി ഒഴിവാക്കപ്പെട്ട പട്ടികയിൽ ഉൾപ്പെടുത്തിയ അസുഖങ്ങൾ മാത്രമാണ് പരിരക്ഷ ലഭിക്കാതെ വരിക.
മാറ്റങ്ങൾ വേറെയും
കുഞ്ഞക്ഷരങ്ങളിൽ ദ്വയാർത്ഥങ്ങൾ ഒളിപ്പിച്ച് പോളിസി നിബന്ധനകൾ എഴുതിച്ചേർത്ത് ഉടമകളെ പ്രയാസത്തിലാക്കാൻ ഇനി കഴിയില്ല. പോളിസികളിൽ ഉൾപ്പെടുത്തേണ്ട വാചകങ്ങൾ മാത്രമല്ല കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊതു കോഡ് നമ്പരുകളും ഐആർഡിഎ പ്രസിദ്ധീകരിച്ചിരിക്കുന്നു. വാർഷിക പ്രീമിയം ഒറ്റത്തവണയായി അടയ്ക്കണമെന്നില്ല; തവണകളായും നൽകാം. പോളിസികൾ സംബന്ധിച്ച സഹായങ്ങൾ ചെയ്തു നൽകുന്ന തേഡ് പാർട്ടി ഏജൻസികളുടെ പട്ടിക പോളിസി ഉടമയ്ക്കു തിരഞ്ഞെടുക്കാൻ പാകത്തിൽ നൽകണമെന്നാണ് പുതിയ നിബന്ധന. വിവിധ കമ്പനികളുടെ പോളിസികൾ സമാന രീതികളിലാക്കുന്നതോടെ ഒരു കമ്പനിയുടെ സേവനം തൃപ്തികരമല്ലെന്നുതോന്നുന്ന ഘട്ടങ്ങളിൽ മറ്റൊരു കമ്പനിയിലേക്കു പോളിസി മാറ്റിയെടുക്കുന്നതിനുള്ള പോർട്ടബിലിറ്റി കൂടുതൽ എളുപ്പമാകും.
English Summary: Medical Insurance policy changes