സ്കൂള്‍ മുറ്റത്തു വീണ മഞ്ഞു നീക്കം ചെയ്തു, വിരൽ മുറിച്ചു മാറ്റേണ്ട ദുരവസ്ഥയിൽ വിദ്യാർത്ഥിനി; കാരണം...
Mail This Article
കടുത്ത മഞ്ഞു വീഴ്ചയുള്ള നേരത്ത് സ്കൂള്‍ ഗ്രൗണ്ട് വൃത്തിയാക്കാന്‍ ഇറങ്ങിയ പതിമൂന്നു വയസ്സുകാരിക്ക് 'ഫ്രോസ്റ്റ് ബൈറ്റ്' അഥവാ ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം മൂലം വിരലുകള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥ. വടക്ക് കിഴക്കന്‍ ചൈനയിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനിക്കാണ് ഈ ദുരവസ്ഥ.
കടുത്ത മഞ്ഞു വീഴ്ചയുള്ള ഇവിടെ സ്കൂള്‍ മുറ്റത്തു വീണ മഞ്ഞു നീക്കം ചെയ്യാന്‍ അധ്യാപിക വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഗ്ലൗസ് ധരിക്കാതെ മഞ്ഞു നീക്കം ചെയ്ത കുട്ടിക്കാണ് വിരലുകള്‍ക്ക് ചലനം നഷ്ടമായത്. മൂന്നു മണിക്കൂര്‍ നേരം ഗ്രൗണ്ട് വൃത്തിയാക്കിയ കുട്ടി തന്റെ വിരലുകള്‍ ചലിക്കുന്നില്ല എന്ന് അധ്യാപികയോട് പരാതി പറഞ്ഞിട്ടും അവര്‍ അത് ശ്രദ്ധിച്ചില്ല എന്ന പരാതിയുണ്ട്.
ലു യാന്യാന് എന്ന പതിമൂന്നു വയസുകാരി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ഫ്രോസ്റ്റ് ബൈറ്റു മൂലം വിരലുകള്‍ കരുവാളിച്ചു നീരു വന്ന അവസ്ഥയിലാണ് കുട്ടി. കുട്ടികള്‍ പുറത്തു ജോലി ചെയ്യുമ്പോള്‍ മൈനസ് ഒരു ഡിഗ്രിക്ക് താഴെയായിരുന്നു തണുപ്പ് എന്നാണ് റിപ്പോര്‍ട്ട്.
മൂന്നു മണിക്കൂര്‍ മഞ്ഞു നീക്കം ചെയ്ത ശേഷം ക്ലാസില്‍ എത്തിയ ലുയുവിന് തന്റെ കൈവിരലുകളുടെ സ്പര്‍ശനം അറിയാന്‍ സാധിക്കാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിയത്. വിരലുകള്‍ സാധാരണ നിലയിലേക്ക് മടങ്ങി വന്നില്ലെങ്കില്‍ അവ മുറിച്ചു മാറ്റണം എന്നാണു ഡോക്ടര്മ്മാര് പറയുന്നതെന്ന് ലുയുവിന്റെ അമ്മ പറയുന്നു.
English Summary: Schoolgirl's fingers swell and turn black as she faces amputation due to severe frostbite