അമിത സ്‌ട്രെസ് കാന്‍സറിലേക്കു നയിക്കുന്നത് ഇങ്ങനെ
Mail This Article
മലിനീകരണം, പുകവലി, പാരമ്പര്യം, ജീവിതശൈലി എന്നിങ്ങനെ കാൻസറിനു പല കാരണങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അമിതമായ സ്‌ട്രെസ് കാന്‍സറിന് കാരണമായേക്കാമെന്നാണ് കാൻസറും സ്ട്രെസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ വിവിധ പഠനങ്ങൾ പറയുന്നത്.
അമിതമായ സമ്മർദം ഹൃദ്രോഗമടക്കം പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മുമ്പു കണ്ടെത്തിയിരുന്നു. ഇപ്പോൾ കാൻസറിനും അതു കാരണമായേക്കാമെന്നു പഠനങ്ങൾ പറയുന്നു.
അമിതമായ സ്‌ട്രെസ് നമ്മുടെ പ്രതിരോധ ശേഷി തളര്‍ത്തും. ഇതാണ് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നത്. സ്‌ട്രെസ് ഹോര്‍മോണ്‍ സാന്നിധ്യം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ norepinephrine കാന്‍സര്‍ കോശങ്ങളുടെ വളർച്ച വേഗത്തിലാക്കുമെന്നാണു കണ്ടെത്തല്‍.
സമ്മർദം കുറയ്ക്കാന്‍ പലരും പുകവലിയും മദ്യപാനവുമടക്കമുള്ള ദുശ്ശീലങ്ങളെ കൂട്ടുപിടിക്കാറുണ്ട്.. പുകവലി മൂലം പലതരം കാന്‍സര്‍ വളര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്. ശ്വാസകോശം, അന്നനാളം, തൊണ്ട, വായ എന്നിവിടങ്ങളിലെ കാന്‍സര്‍ വളര്‍ച്ചയ്ക്ക് മുഖ്യകാരണം പുകവലിയാണ്. അമിതമായ സ്‌ട്രെസ് വണ്ണം കൂടാനും കാരണമാകും.
നിങ്ങള്‍ക്ക് അമിതമായ സ്‌ട്രെസ് ഉണ്ടെന്നു തോന്നിയാല്‍ അത് കുറയ്ക്കാനുള്ള വഴികള്‍ തേടുകയാണ് ഏറ്റവും നല്ലത്. നല്ല സംഗീതം കേള്‍ക്കാം, മസാജ് ചെയ്യാം, ഡാന്‍സ് കളിക്കാം. ഇതുകൊണ്ടൊന്നും കുറയുന്നില്ല എങ്കില്‍ കൗണ്‍സിലിങ്ങിനു പോകാന്‍ മടിക്കേണ്ട.
English Summary: Chronic Stress Could Cause Cancer