ലിംഗാഗ്ര ചർമത്തിൽ കാണുന്ന വെളുത്ത പാടുകൾ; കാരണങ്ങൾ ഇവ
Mail This Article
മുപ്പത്തിരണ്ടു വയസ്സുള്ള ഞാൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കുടുംബത്തിന്റെ ഒരേ ഒരു വരുമാനമാർഗമാണ് എന്റെ ജോലി. കഴിഞ്ഞ മൂന്നാലു മാസമായി എന്റെ ലിംഗത്തിന്റെ അഗ്രചർമം നീക്കുമ്പോൾ ഒരു വെളുത്ത പദാർഥം കാണപ്പെടുന്നു. ദിവസവും രണ്ടു നേരം വൃത്തിയാക്കാറുണ്ട്. എങ്കിലും അത് മാറുന്നില്ല. ഫംഗസ് ആണെന്നു കരുതി ഡെറ്റോൾ ഒഴിച്ച വെള്ളം കൊണ്ടാണ് കഴുകുന്നത്. ഒരു കുറവുമില്ല. വേദനയോ നീറ്റലോ ഒന്നും കാണുന്നില്ല. ഇവിടെ ഡോക്ടറെ കാണിച്ചാൽ ലൈംഗികരോഗം എന്നെഴുതി നാടുകടത്തും. ഞങ്ങൾക്ക് യൂറോപ്യൻ രീതിയിലുള്ള ടോയ്‍ലറ്റാണ്. പത്തുപന്ത്രണ്ടു പേരോളം ഉപയോഗിക്കുന്നതാണ്. അതിൽ കൂടെയെങ്ങാനും വന്ന രോഗമാണോ ഇത്? എന്റെ കുട്ടിക്കാലത്ത് ഇതുപോലെ ഉണ്ടായിരുന്നതായി ഓർമയുണ്ട്. ഞാൻ ഭാര്യയോടല്ലാതെ മറ്റാരുമായും ബന്ധപ്പെട്ടിട്ടുമില്ല. ഇത് ഭയപ്പെടേണ്ട രോഗമാണോ? ഒരു പ്രതിവിധി പറഞ്ഞുതരുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.
ഉത്തരം: കൗമാരപ്രായത്തിൽ ശരീരഘടനയിൽ പ്രത്യേകിച്ചും ലൈംഗികാവയവങ്ങളിൽ വിസ്മയകരമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങും. അതേപ്പറ്റി ജിജ്ഞാസ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോൾ ആരോടു സംശയം ചോദിക്കും? മാതാപിതാക്കളോടു ചോദിക്കാൻ ധൈര്യപ്പെട്ടെന്നു വരികയില്ല. സഹോദരങ്ങളോടോ മറ്റു മുതിർന്നവരോടോ ചോദിച്ചാൽ തന്നെയും പലപ്പോഴും തെറ്റായതോ അബദ്ധങ്ങളോ ആയ ഉപദേശങ്ങളായിരിക്കും ലഭിക്കുന്നത്. വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ് മുതലെങ്കിലും ലൈംഗിക ക്ലാസുകൾ ഏർപ്പെടുത്തുന്നത് ഉചിതമായിരിക്കും.
കൗമാരദശയിൽ ലിംഗം വളർന്നു വികസിക്കുന്നതോടെ അഗ്രചർമവും പൂർണമായും പുറകോട്ടു മാറ്റാൻ സാധിക്കേണ്ടതാണ്. ആ സമയം ലിംഗം ഉദ്ധരിച്ചു നിൽക്കുമ്പോൾ പോലും മൂത്രനാളത്തിന് അഗ്രചർമം മൂലം സമ്മർദം അനുഭവപ്പെടരുത്. ലിംഗാഗ്രം തണ്ടിനെക്കാൾ സ്വൽപം വികസിച്ചിരിക്കും. ലിംഗതണ്ടിനെയും ലിംഗശീർഷത്തെയും വേർതിരിക്കുന്ന ഒരു ചാൽ ലിംഗാഗ്രത്തിനു ചുറ്റും കുറുകെ നിലനിൽക്കുന്നുണ്ട്. ഇവിടെ ഒട്ടനവധി ചെറുഗ്രന്ഥികളുണ്ട്. പ്രത്യേകമായി ശ്രദ്ധേയമാകുന്നത് ലിംഗശീർഷവും ഈ ചാലും തമ്മിൽ ചേരുന്ന ലിംഗത്തിനു ചുറ്റിലും കാണുന്ന ഗ്രന്ഥികളാണ്. ഈ അഗ്രചർമീയ സ്രവത്തിന് സ്മെഗ്മ എന്നു പറയും.
കൗമാരദശയിൽ മുഖത്ത് കൂടുതൽ എണ്ണമയം വന്നു തുടങ്ങുന്നു. അതു പോലെ ഇവിടെയും സ്മെഗ്മ ശ്രവം ധാരാളമായി കണ്ടു തുടങ്ങും. ഇത് എന്നും ലൈംഗിക ജീവിതാന്ത്യം വരെ തുടരുകയും ചെയ്യും. ഒന്നു രണ്ട് ദിവസം കഴുകാതെയിരുന്നാൽ കട്ടിയായി വെള്ളനിറത്തിൽ പാടമാതിരി പ്രത്യക്ഷമായേക്കാം. ഇതിനു പ്രത്യേകമായ ഒരു ഗന്ധവും കണ്ടേക്കാം. എന്നാല്‍ ദുർഗന്ധം അനുഭവപ്പെടുന്നെങ്കിൽ അത് അഗ്രചർമം പുറകോട്ടുമാറ്റി ദിവസവും കുളിക്കുമ്പോഴെങ്കിലും അവിടെ കഴുകാത്തതുമൂലമായിരിക്കും.
നിങ്ങൾ വിവരിക്കുന്ന കാര്യങ്ങൾ ഒരു രോഗമായി കരുതേണ്ടതില്ല. ചികിത്സയും ആവശ്യമില്ല. പക്ഷേ, ശുചിത്വം പാലിച്ചില്ലെങ്കിൽ രോഗാണുക്കൾ കടന്ന് ചെറിയ പോറലുകൾ പിടിപെട്ടു വേദനയും ചൊറിച്ചിലും ദുർഗന്ധവും ഉണ്ടാകും. മൂത്രമൊഴിച്ചു കഴിഞ്ഞ് മൂത്രനാളത്തിൽ ബാക്കി നിൽക്കുന്ന അവസാന തുള്ളി മൂത്രം വാർന്നു മൂത്രദ്വാരത്തിൽ ചുറ്റും പ്രസരിക്കുന്നെങ്കിൽ തുടച്ചോ മറ്റോ ഇത് തടയാനുള്ള മാർഗം സ്വയം കണ്ടെത്തണം.
ലൈംഗികാവയവങ്ങൾ പുരുഷനായാലും സ്ത്രീയായലും കഴുകി വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. അതിന് പച്ചവെള്ളം പോലെ നല്ലൊരു വസ്തു വേറെയില്ല.
English Summary: Sexual health care