ADVERTISEMENT

സ്തനാർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. നിരവധി ഘടകങ്ങൾ ഈ രോഗത്തിന് കാരണമാകുന്നു. ഹെയർ ഡൈയുടെ ഉപയോഗം, പൊണ്ണത്തടി, വളരെ വൈകിയുള്ള ഭക്ഷണം കഴിപ്പ് എന്നിവ അവയിൽ ചിലതാണ്. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ ഒരു പഠനത്തിൽ െപർമനന്റ് ഹെയർ ഡൈയും കെമിക്കൽ ഹെയർ സ്ട്രെയ്റ്റ്നറുകളും ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഇവ ഉപോയോഗിക്കാത്തവരെ അപേക്ഷിച്ച് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു. രാസവസ്തുക്കൾ അടങ്ങിയ ഈ ഹെയര്‍ ഉൽപ്പന്നങ്ങളുടെ ഉപയോഗം എത്ര കൂടുന്നുവോ രോഗസാധ്യതയും അത്രതന്നെ കൂടുന്നതായി ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

46709 സ്ത്രീകളിലാണ് പഠനം നടത്തിയത്. അഞ്ചു മുതൽ എട്ട് ആഴ്ചവരെ തുടർച്ചയായി പെർമനന്റ് ഡൈ ഉപയോഗിച്ച ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളിൽ സ്തനാർബുദ സാധ്യത 60 ശതമാനമാണെന്ന് കണ്ടു. സെമി പെർമനന്റ്, ടെമ്പററി ഡൈ ഉപയോഗിച്ചവരിൽ സ്തനാർബുദ സാധ്യത കൂടുതലില്ല എന്നും കണ്ടു. ഹെയർ സ്ട്രെയ്റ്റ്നർ അഞ്ചുമുതൽ എട്ട് ആഴ്ച വരെ ഉപയോഗിക്കുന്നവർക്ക് സ്തനാർബുദം വരാനുള്ള സാധ്യത 30 ശതമാനത്തിലധികമാണ്. 

മറ്റു കാരണങ്ങൾ

സ്തനാർബുദം വരാൻ നിരവധി കാരണങ്ങൾ ഉണ്ട്. ജീനുകൾ, ഹോർമോണുകൾ, പ്രായം, അനാരോഗ്യകരമായ ജീവിത ശൈലി ഇവയെല്ലാം രോഗകാരണങ്ങളാകാം. സ്തനാർബുദം വരാനുള്ള നാലു കാരണങ്ങളെ അറിയാം. 

1. ശരീരഭാരം കൂടുന്നത്

അമിതഭാരവും പൊണ്ണത്തടിയും ഉള്ള സ്ത്രീകള്‍ക്ക് സ്തനാർബുദം വരാൻ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ആർത്തവവിരാമത്തിനുശേഷം രോഗസാധ്യത ഇരട്ടിയാകും. അമിതഭാരമുള്ളവരിൽ ഇൻസുലിന്റെ അളവും കൂടുതലായിരിക്കും. ഇതും സ്തനാർബുദ സാധ്യത കൂട്ടും. ഒരു സ്ത്രീയുടെ പ്രായം ഇരുപതുകൾ മുതൽ അറുപതുകൾ വരെ എത്തുമ്പോൾ അരവണ്ണം കൂടുന്നുവെങ്കിൽ 33 ശതമാനമാണ് സ്തനാർബുദ സാധ്യതയെന്ന് ബിഎംജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

2. ഗർഭനിരോധന ഗുളികകൾ

ഈസ്ട്രജൻ ധാരാളം അടങ്ങിയ ഗർഭനിരോധന ഗുളികകൾ സ്തനാർബുദം വരാനുള്ള സാധ്യത കൂട്ടും. ഗര്‍ഭംധരിക്കാതെ ഇത് സംരക്ഷിക്കുമെങ്കിലും രക്തത്തിൽ കൂടിയ അളവിൽ ഹോർമോൺ കലരുന്നത് സ്തനകോശങ്ങളെ അമിതമായി ഉത്തേജിപ്പിക്കും. ഇത് സ്തനാർബുദ സാധ്യത കൂട്ടും. കാൻസർ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഇത് ശരിവയ്ക്കുന്നു. 

3. ആൽക്കഹോൾ

അമിതമായി ആൽക്കഹോൾ ഉപയോഗിക്കുന്നത് സ്തനങ്ങളുടെ ആരോഗ്യം ഇല്ലാതാക്കും. ദിവസം രണ്ടു മുതൽ  അഞ്ചു വരെ ഡ്രിങ്ക് കഴിക്കുന്ന സ്ത്രീകള്‍ക്ക് മദ്യപിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് സ്തനാർബുദ സാധ്യത ഒന്നര ഇരട്ടി ആണെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നു. 

4. വൈകിയുള്ള ഭക്ഷണം

സ്തനാർബുദത്തിന് ഭക്ഷണരീതിയുമായും ബന്ധമുണ്ട്. കാൻസർ എപ്പിഡെമിയോളജി ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് സ്തനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നു കണ്ടു. വൈകി കഴിക്കുന്നത് ഇന്‍സുലിന്റെ അളവിനെ ബാധിക്കുകയും ഇത് സ്തനാർബുദ സാധ്യത കൂട്ടുകയും ചെയ്യും.

English Summary: Breast cancer causes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com