ADVERTISEMENT

ആണുങ്ങളില്‍ കാന്‍സര്‍ നിരക്ക് കൂടുതലാണോ? ആണെന്നാണ്‌ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ പറയുന്നത്. ഇതിനു കാരണമായി പറയുന്നത് ആണുങ്ങളിലെ y ക്രോമോസോം ആണ്. പുരുഷന്റെ ലിംഗ നിര്‍ണയത്തിന് കാരണമാകുന്ന ക്രോമോസോം ആണിത്. ഈ ക്രോമോസോം തന്നെയാണ് പുരുഷനിലെ കാന്‍സര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണം എന്നാണു സ്പെയ്നിലെ ബാർസിലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് നടത്തിയ പഠനത്തിലെ പുതിയ കണ്ടെത്തല്‍.  

ജീവിതശൈലിയിലെ വ്യത്യാസങ്ങള്‍ ഉദാഹരണത്തിന് പുകയില ഉപയോഗം പോലെയുള്ളവ ക്രോമോസോമിന്റെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നുണ്ട്. ഇതാകാം കാന്‍സര്‍ നിരക്ക് കൂടാന്‍ കാരണവും. ആണുങ്ങളില്‍ ഏറ്റവും അധികം കാണപ്പെടുന്ന കാന്‍സര്‍ ഏതൊക്കെ ആണെന്ന കൂടി നോക്കാം.

പ്രോസ്റ്റേറ്റ് കാന്‍സര്‍ -പുരുഷന്മാരില്‍ കാണപ്പെടുന്ന നാല് പ്രധാന കാന്‍സറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ 50–60 വയസ്സുള്ളവരിലും കണ്ടുവരുന്നുണ്ട്.  മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രന്ഥി സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. 

പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമായതിനാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. ചിലയിനം പ്രോസ്റ്റേറ്റ് കാൻസറുകളാകട്ടെ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്‍റെ അംശം

നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കുമുള്ള വേദന, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സ കൊണ്ട് ഫലം ലഭിക്കുന്ന രോഗം കൂടിയാണിത്.

ശ്വാസകോശ കാന്‍സര്‍ - പുകവലി തന്നെയാണ് ശ്വാസകോശ കാന്‍സര്‍ വരാനുള്ള ഏറ്റവും പ്രധാന കാരണം. അഞ്ചില്‍ നാല് ശ്വാസകോശ അര്‍ബുദത്തിനും കാരണമാകുന്നത് പുകവലി തന്നെയാണ്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം എന്ന് പറയുന്നത്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ടു തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് പലരും പ്രാധാന്യം നല്‍കുന്നത്. തുടര്‍ച്ചയായ ചുമ, ശ്വാസംമുട്ടല്‍, ചുമയ്ക്കുമ്പോള്‍ രക്തം കാണുക എന്നിവ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണണം.

കോളോറെക്ടല്‍ കാന്‍സര്‍-കുടലിനെ ബാധിക്കുന്ന ഒന്നാണ് കോളോറെക്ടല്‍ കാന്‍സര്‍. മറ്റേതു കാന്‍സറിനെപ്പോലെയും കോളോറെക്ടല്‍ കാന്‍സര്‍ തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സയും സാധ്യമാണ്. ശോധനാസംബന്ധമായ വ്യതിയാനങ്ങളാണ് കോളോറെക്ടല്‍ കാന്‍സറിന്റെ പ്രധാന ലക്ഷണം. മലബന്ധം, വയറിളക്കം, ഇടയ്ക്കിടെ മലം പോകുക എന്നിങ്ങനെ ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. മലത്തിനൊപ്പം രക്തം പോകുന്നതും ഒരു ലക്ഷണമാണ്. ഇത് പലരും പൈല്‍സായി തെറ്റിദ്ധരിച്ചേക്കും. അമിതവണ്ണം, വ്യായാമമില്ലാത്ത അവസ്ഥ എന്നിവ ഈ രോഗത്തിന്റെ കാരണങ്ങള്‍ ആണ്.

ബ്ലാഡര്‍ കാന്‍സര്‍ -പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ കാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാനകാരണം തന്നെയാണ്. എന്നാല്‍ കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്. 

മെലനോമ - സ്ത്രീകളെ അപേക്ഷിച്ച് സ്കിന്‍ കാന്‍സര്‍ അല്ലെങ്കില്‍ മെലനോമ വരാന്‍ കൂടുതൽ സാധ്യത പുരുഷൻമാർക്കാണ്. ചർമത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ചർമാര്‍ബുദം അഥവാ സ്‌കിന്‍ കാന്‍സര്‍. സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിന് കാരണമാകും. സൂര്യതാപം എല്‍ക്കുന്നതും ഒരു കാരണമാണ്. അതിനാല്‍ വേനല്‍ക്കാലത്ത് അതീവ ശ്രദ്ധ പുലര്‍ത്തണം. സംശയം ജനിപ്പിക്കുന്ന പാടുകള്‍ നിരീക്ഷിക്കുന്നതു മുതല്‍ സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുന്നതു വരെ ശ്രദ്ധിക്കണം.

English Summary: 5 most common cancers in men and their risk factors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com