വിഷാദം അലട്ടിയ നാളുകൾ, അനുഭവിച്ച ബുദ്ധിമുട്ടുകൾ; തുറന്നു പറഞ്ഞ് ദീപിക
Mail This Article
വിഷാദരോഗത്തിന് ചികിത്സ തേടിയിട്ടുണ്ട് എന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. വെള്ളിവെളിച്ചത്തില്‍ തിളങ്ങി നിൽക്കുന്ന ദീപികയ്ക്കും വിഷാദമോ എന്നായിരുന്നു അന്ന് എല്ലാവരും അദ്ഭുതപ്പെട്ടത്. എന്നാല്‍ തന്റെ ജീവിതം പുറത്തുനിന്നു കാണുന്നതല്ല എന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ദീപിക. ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്റോസ് ഗബ്രിയാസിസുമായി നടത്തിയ സംഭാഷണത്തിലാണ് ദീപിക തന്റെ അവസ്ഥയെ കുറിച്ച് വീണ്ടും വെളിപ്പെടുത്തിയത്.
‘ജീവിതത്തില്‍ ഒരിക്കലും തനിക്ക് മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. പിന്തുണയ്ക്കുന്ന മാതാപിതാക്കളും നല്ലൊരു കരിയറും സ്നേഹബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ജീവിതം കൈവിടുന്ന അവസ്ഥ ഉണ്ടായി. അന്ന് താന്‍ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. ഒരുദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ തോന്നാത്ത അവസ്ഥ ഉണ്ടായി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തലചുറ്റി വീണു. ഭാഗ്യത്തിന് വീട്ടിലെ സഹായി ഉണ്ടായിരുന്നത് കൊണ്ട് അവര്‍ പരിപാലിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ രക്തസമ്മര്‍ദം കൂടിയതാകാം എന്നു പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. വിശപ്പ് ഇല്ലാതായി, ഇടയ്ക്കിടെ പാനിക് അറ്റാക്ക് ഉണ്ടായി ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടായി.’– ദീപിക പറയുന്നു.
പിന്നീടാണ് ഇതൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായിരുന്നെന്നു മനസ്സിലാക്കിയതെന്ന് ദീപിക പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ തനിക്ക് ഡിപ്രഷന്‍ ഉണ്ടായിരുന്നു എന്ന് ദീപിക വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വിഷാദരോഗത്തെ ദീപിക അതിജീവിച്ചു കഴിഞ്ഞു. വിഷാദരോഗം അനുഭവിക്കുന്നവർക്കു പിന്തുണ നൽകാൻ ‘ലീവ്, ലവ്, ലാഫ്’ എന്ന പേരിൽ ഒരു ഫൗണ്ടേഷന്‍ ദീപിക തുടങ്ങിയിട്ടുണ്ട്.
2014 മുതലാണ് തനിക്ക് വിഷാദരോഗം ആരംഭിച്ചതെന്നാണു ദീപിക പറയുന്നത്. എല്ലാവരും ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ താന്‍ മാത്രം ഒറ്റപ്പെട്ടു കഴിഞ്ഞു. എപ്പോഴും കട്ടിലില്‍തന്നെ കിടക്കാന്‍ തോന്നുകയും ആവശ്യമില്ലാതെ കരയുകയും ചെയ്യുന്നത് പതിവായി. സിനിമകള്‍ വലിയ വിജയമായതും രൺവീര്‍ സിങ്ങുമായുള്ള പ്രണയവും ഒന്നും തന്നെ സന്തോഷിപ്പിച്ചില്ല.
ഒരിക്കല്‍ തന്നെ കാണാന്‍ മാതാപിതാക്കള്‍ മുംബൈയില്‍ വന്നു. അവര്‍ തിരികെ പോകാന്‍ നേരം കരച്ചില്‍ നിയന്ത്രണം വിട്ട പോലെയായി. അവരുടെ നിര്‍ദേശപ്രകാരം ഡോക്ടറെ കണ്ടപ്പോഴാണ് ക്ലിനിക്കല്‍ ഡിപ്രഷന്‍ ഉണ്ടെന്നു സ്ഥിരീകരിച്ചതെന്നു ദീപിക പറയുന്നു. കൗൺസിലിങ്, മരുന്നുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. വിഷാദരോഗം ഉണ്ടെന്നു ലോകത്തോടെ തുറന്നു പറഞ്ഞപ്പോള്‍തന്നെ അത് വലിയ സന്തോഷം നല്‍കിയെന്ന് ദീപിക പറയുന്നു.
തന്റെ ഈ അവസ്ഥയെ കുറിച്ച് രണ്‍വീര്‍ നന്നായി മനസ്സിലാക്കിയിരുന്നു എന്ന് ദീപിക പറയുന്നു. അതു തങ്ങളുടെ ബന്ധത്തെ ബാധിച്ചില്ലെന്നു മാത്രമല്ല, ആ കാലമത്രയും അദ്ദേഹം തനിക്കു വേണ്ടി നിലകൊണ്ടെന്നും ദീപിക പറയുന്നു.
English Summary: Deepika Padukone spoke about depression and mental health