അൽസ്ഹൈമേഴ്സ് തടയാൻ ശീലമാക്കാം എയ്റോബിക്സ്
Mail This Article
എയ്റോബിക് വ്യായാമം പതിവാക്കുന്നത് ശാരീരികാരോഗ്യം മാത്രമല്ല ഓർമശക്തിയും മെച്ചപ്പെടുത്തുമെന്നും ഇത് അൽസ്ഹൈമേഴ്സ് രോഗത്തിൽനിന്നു സംരക്ഷണമേകുമെന്നും പഠനം.
ചടഞ്ഞുകൂടി ഇരിക്കുന്നവരിൽ പോലും വ്യായാമശീലം ഉണ്ടാക്കിയാൽ അൽസ്ഹൈമേഴ്സിൽനിന്ന് തലച്ചോറിന് സംരക്ഷണം നൽകാമെന്ന് യുഎസിലെ വിസ്കോൻസിൻ സർവകലാശാലയിലെ ഗവേഷകൻ ഒസിയോമ സി ഒകോൻക്വോ പറയുന്നു.
അൽസ്ഹൈമേഴ്സ് രോഗത്തിനു ജനിതക സാധ്യത ഉള്ള 23 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ഇവർ വ്യായാമം ശീലമാക്കാത്തവരും ആയിരുന്നു.
ഇവർ കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് പരിശോധന, ദിവസവുമുള്ള ശാരീരികപ്രവർത്തനങ്ങളുടെ അളവ്, ബ്രെയ്ൻ ഗ്ലൂക്കോസ് മെറ്റബോളിസം ഇമേജിങ്, ബുദ്ധി പരിശോധനകൾ എന്നിവയ്ക്ക് വിധേയരായി.
ഇവരിൽ പകുതി പേർക്ക് ആക്ടീവ് ആയ ജീവിതശൈലി നിലനിര്‍ത്താനുള്ള വിവരങ്ങൾ പകർന്നു നൽകി. ബാക്കിയുള്ളവർക്ക് ഒരു പഴ്സനൽ ട്രെയ്നറെ വച്ച് ട്രെഡ്മിൽ പരിശീലനം നൽകി. ആഴ്ചയിൽ മൂന്നു തവണ വീതം 26 ആഴ്ച വരെ പരിശീലനം നീണ്ടു.
സാധാരണ വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് ട്രെയ്നിങ് പ്രോഗ്രാമിൽ പങ്കെടുത്തവരുടെ കാർഡിയോ റസ്പിറേറ്ററി ഫിറ്റ്നസ് മെച്ചപ്പെട്ടതായും ബൗദ്ധിക പരീക്ഷകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായും കണ്ടു. ആസൂത്രണം, ശ്രദ്ധകേന്ദ്രീകരിക്കൽ, നിർദേശങ്ങൾ ഓർത്തുവയ്ക്കൽ, ഒന്നിലധികം പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കുക തുടങ്ങിവയിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചു.
കാർഡിയോ റസ്പിറേറ്ററി ഫിറ്റ്നസ് മെച്ചപ്പെട്ടതോടെ അൽസ്ഹൈമേഴ്സുമായി ബന്ധപ്പെട്ട തലച്ചോറിലെ പോസ്റ്റീരിയർ സിംഗുലേറ്റ് കോർട്ടക്സിലെ ബ്രെയ്ൻ ഗ്ലൂക്കോസ് മെറ്റബോളിസം വർധിച്ചു.
പതിവായുള്ള എയ്റോബിക് വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് തലച്ചോറിന്റെ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി പഠനത്തിൽ തെളിഞ്ഞു. അൽസ്ഹൈമേഴ്സിന്റെ കുടുംബചരിത്രം ഉള്ളവരിൽ എയ്റോബിക് വ്യായാമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ പഠനം ഏറെ പ്രധാനമാണ്. ബ്രെയ്ൻ പ്ലാസ്റ്റിസിറ്റി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
English Summary: Aerobic exercise for Alzheimer's disease