കുഴഞ്ഞു വീണു മരണം; മുൻകൂട്ടി കണ്ട് പരിഹരിക്കാൻ അറിയേണ്ട കാര്യങ്ങൾ
Mail This Article
സൂക്ഷിക്കുക, കുഴഞ്ഞു വീണുള്ള മരണങ്ങളുടെ കാലമാണിത്. ഇത്തരം മരണങ്ങൾക്കു പ്രായ വ്യത്യാസമില്ലെങ്കിലും കൂടുതൽ സംഭവിക്കുന്നത് 50 വയസ്സിനു മുകളിലുള്ളവരെയാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദയസ്‌തംഭനവും രക്‌തസമ്മർദവും മൂലവും തലച്ചോറിൽ രക്‌തം കട്ടപിടിച്ചുമാണ് ഇത്തരത്തിൽ പെട്ടെന്നു മരണം സംഭവിക്കുന്നതെന്നു ഡോക്‌ടർമാർ പറയുന്നു.
താപത്തളർച്ച വരുത്തും താപാഘാതം
വേനൽക്കാലമായതോടെ മുകളിൽ പറഞ്ഞ കാരണങ്ങൾ അല്ലാതെയും കുഴഞ്ഞു വീണു മരണങ്ങൾ കൂടുന്നു. അതെങ്ങനെയെന്നു പരിശോധിക്കാം: ചൂട് പ്രധാനമായും 2 വിധത്തിലാണു മനുഷ്യരെ ബാധിക്കുക. അധികമായി വിയർക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു നിർജലീകരണം സംഭവിക്കാം. വിയർപ്പിലൂടെ ധാരാളം ലവണങ്ങൾ നഷ്ടപ്പെടും. പ്രത്യേകിച്ചു സോഡിയത്തിന്റെ അളവു കുറയും. താപത്തളർച്ച എന്ന ആദ്യ ഘട്ടത്തിൽ ക്ഷീണം, തളർച്ച, പേശി വലിവ് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. നിർജലീകരണവും ലവണ നഷ്ടവും പരിഹരിക്കാൻ ഉതകുന്ന പാനീയങ്ങൾ, പ്രത്യേകിച്ച് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, ഇളനീർ എന്നിവ ധാരാളമായി കുടിക്കണം. ചൂടു കൂടിയ സാഹചര്യത്തിൽ നിന്നു മാറി നിൽക്കുക, വിശ്രമം തുടങ്ങിയ മാർഗങ്ങളിലൂടെ താപത്തളർച്ച പരിഹരിക്കാം. ഇതെല്ലാം അവഗണിച്ചാൽ താപത്തളർച്ച മൂർച്ഛിച്ചു താപാഘാതം അഥവാ ഹീറ്റ് സ്ട്രോക്ക് എന്ന ഗുരുതരാവസ്ഥയുണ്ടാകും.
ശരീരത്തിൽ താപനിയന്ത്രണ സംവിധാനം തകരാറിലാകുന്ന ഈ അവസ്ഥയിൽ തൊലിയിലേക്കുള്ള രക്തയോട്ടം നിലച്ചു വിയർക്കൽ പൂർണമായും ഇല്ലാതാകും. കടുത്ത പനി പോലെ ശരീര താപനില ഉയരും. നാഡിമിടിപ്പ് വർധിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണംവരെ സംഭവിക്കാം.
പരിഹാരം
ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിനു ലവണങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ ചൂടു മൂലമുള്ള ആഘാതം ഒരു പരിധിവരെ പരിഹരിക്കാം. മാർച്ച് പകുതി കഴിയുന്നതോടെ രാത്രി താപനില ഉയരുന്നതും മരണം വർധിക്കാൻ ഇട വരുത്തുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ മഴ കിട്ടി അന്തരീക്ഷ താപനില താഴുന്നതു വരെ നേരിട്ട് ഉച്ചവെയിൽ കൊള്ളുന്നതും കഠിനമായ അധ്വാനവും ഒഴിവാക്കണം. ഇടയ്ക്കെങ്കിലും ജനലുകൾ തുറന്നിടുന്നതു നല്ലതാണ്.
സൂക്ഷിച്ചില്ലെങ്കിൽ...
രക്തത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കുറയുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വഴിവയ്ക്കാം. ചൂടു മൂലമുള്ള നിർജലീകരണം രക്തസാന്ദ്രതയും ഹൃദയ ധമനികളിൽ ബ്ലോക്കുള്ളവരിൽ ഹൃദയാഘാത സാധ്യതയും വർധിപ്പിക്കുന്നതാണു കുഴഞ്ഞു വീണുള്ള മരണങ്ങൾക്കു പ്രധാന കാരണം.
ഹൃദയം പൊന്നുപോലെ സൂക്ഷിക്കുക
വ്യായാമം: 30 മുതൽ 45 മിനിറ്റ് വരെ ദിവസേന നടന്നാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാം. ആയുർദൈർഘ്യം കൂട്ടാനും പ്രമേഹം, രക്താതിസമ്മർദം, പക്ഷാഘാതം ഇവ കുറയ്ക്കാനും സഹായിക്കും.
ഭക്ഷണം: ഉപ്പും പഞ്ചസാരയും കൊഴുപ്പിന്റെ അംശവും പരമാവധി കുറയ്ക്കണം. അച്ചാറും ഉണക്കമീനും ഒഴിവാക്കുക. പച്ചക്കറികളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക.
English Summary: Cardiovascular Collapse death: Precautions and symptoms