അന്ന് കാൻസർ കാൽ കവർന്നു; ഇന്ന് ഒറ്റക്കാലിൽ മാരത്തൺ പൂർത്തിയാക്കി യുവാവ്!
Mail This Article
കാൻസർ അതിജീവിച്ച് ജീവിതവിജയങ്ങൾ എത്തിപ്പിടിക്കുന്നവർ നമുക്കുചുറ്റും നിരവധിയുണ്ട്. ഈ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് പാലക്കാടുകാരനായ, നാട്ടുകാർ പ്രഭു എന്നു വിളിക്കുന്ന പ്രഭാകരൻ. കാൻസറിനെതുടർന്ന് ഒരു കാൽ മുറിച്ചു മാറ്റേണ്ടിവന്ന പ്രഭു പാലക്കാട് ജില്ലയിൽ 5 കി. മീറ്റർ മാരത്തൺ ഫിനിഷ് ചെയ്ത ആദ്യത്തെ കാൻസർ അതിജീവിച്ച ആൾ കൂടിയായിരിക്കുന്നു. ഏറെ അഭിമാനിക്കുന്ന, മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ഈ നിമിഷത്തെക്കുറിച്ച് പ്രഭു എഴുതിയ കുറിപ്പ് വായിക്കാം.
"നേരേ നിവർന്ന് നിൽക്കില്ല എന്നു പലരും പറഞ്ഞ ഞാൻ മാരത്തോൺ ഓടിയിരിക്കുന്നു. ഈ പൊയ്ക്കാലുകളിൽ 5 കിലോമീറ്റർ ഫിനിഷ് ചെയ്യാൻ എനിക്ക് കഴിഞ്ഞു. ഇതെന്റെ ജീവിതത്തിൽ ശരിക്കും വിപ്ലവത്തിന്റെ നിമിഷമാണ്.
ഞാൻ ഇത്രയും ദൂരം ഓടിയത് ഈ ഒരു കാല് കൊണ്ടോ ഈ ക്രച്ചസ് കൊണ്ടോ അല്ല. മറിച്ച് എന്റെ ആത്മവിശ്വാസം കൊണ്ടാണ്.
ഇനിയും ഓടാനും ഇനിയുമിനിയും മുന്നേറാനും ആണ് തീരുമാനം.
ജീവിതം നമ്മളെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ നമ്മൾ ജീവിതത്തെ നോക്കി ഒന്ന് പുഞ്ചിരിക്കണം. എന്നിട്ട് ഇതുപോലെ ഓടണം, വിജയത്തിലേക്ക്.
എന്നെപ്പോലെ ജീവിത യാത്രയുടെ വഴിയിൽ കാലു തട്ടി വീണവർക്ക് ഒരു പ്രചോദനം ആകാൻ കൂടിയാണ് ഞാൻ ഓടിയത്. ഇതിനു വേണ്ടി എന്നെ സഹായിച്ചവർക്കും ഒപ്പം ഇതിന്റെ സംഘാടകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
പ്രത്യേകിച്ച് എനിക്ക് മാരത്തണിൽ പങ്കെടുക്കാൻ വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് തന്ന സ്റ്റുഡന്റ്‌സ് അത്‌ലറ്റിക് അക്കാദമിയിലെ രാജേഷ് ബ്രോ, എനിക്കൊപ്പം ഓടി സർവ പിന്തുണയും നൽകിയ കഞ്ചിക്കോട് സ്‌കൂളിലെ പിടി അധ്യാപകനായ ദാസൻ സർ, കൂടെപ്പിറപ്പിനെപ്പോലെ കൂടെനിന്ന സ്റ്റീഫൻ എന്നിവർക്ക്.
ജീവിതം പൊരുതുന്നവർക്കുള്ളതാണ്, പടവെട്ടി സ്വപ്നങ്ങൾ സ്വന്തമാക്കുന്നവർക്കാണ്. അങ്ങനെ മുന്നോട്ട് പോകുന്നവർക്ക് പ്രതീക്ഷയും പിന്തുണയും നൽകുന്ന www.royaleimpero.com എന്ന ബ്രാൻഡിനും എന്റെ അകമഴിഞ്ഞ സ്നേഹവും കടപ്പാടും.
പാലക്കാട് ജില്ലയിൽ 5 കി. മീറ്റർ മാരത്തൺ ഫിനിഷ് ചെയ്ത ആദ്യത്തെ കാൻസർ അതിജീവിച്ച amputee എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്ന നിമിഷം."
English Summary: Cancer survivor Prabhu runs in marathon