ഗർഭത്തിൽ മരിച്ച ഇരട്ട സഹോദരിയുടെ രൂപത്തിൽ മറുകുമായി ജനിച്ച 'അദ്ഭുത'ശിശു
Mail This Article
പേലോണ്‍ ഗിവന്‍സ് എന്ന കുഞ്ഞിനു ജന്മനാ കാലില്‍ കശുവണ്ടിയുടെ ആകൃതിയിൽ ഒരു മറുകുണ്ട്. പക്ഷേ അത് വെറുമൊരു ബെര്‍ത്ത് മാര്‍ക്ക് അല്ലെന്നറിയാവുന്നവര്‍ ചുരുക്കം. പേലോണിനൊപ്പം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്ന ഇരട്ടസഹോദരി ബാക്കി വച്ച അടയാളമാണ് ആ മറുക്. ലൂസിയാന സ്വദേശിയായ പേലോണിന്റെ അമ്മ കിസ്ലിവോനിയ ഗിവന്‍സിന് തന്റെ ഉദരത്തിലെ ഇരട്ടകളില്‍ ഒന്നിനെ നഷ്ടമായത് ഗര്‍ഭത്തിന്റെ പതിമൂന്നാം ആഴ്ചയിലായിരുന്നു. ‘പേഷ്യന്‍സ’ എന്ന പെണ്‍കുഞ്ഞിനെ അവര്‍ക്ക് ഗര്‍ഭകാലത്ത് തന്നെ നഷ്ടമായിരുന്നു.
‘Vanishing twin syndrome’ എന്ന അവസ്ഥയായിരുന്നു ഇവിടെ സംഭവിച്ചത്. അതിന്റെ ഫലമായി ഇരട്ടകളില്‍ ഒന്ന് മറ്റേ കുഞ്ഞിന്റെ ശരീരത്തോട് ചേര്‍ന്നു പോയി. പേലോണിനെക്കാള്‍ വളര്‍ച്ച കുറവായിരുന്ന കുഞ്ഞു പേഷ്യന്‍സ പതിമൂന്നാം ആഴ്ചയില്‍ സഹോദരന്റെ ശരീരത്തോടെ ചേര്‍ന്നു. ആ മറുകാണ് പേലോണിന്റെ ശരീരത്തില്‍ കാണുന്നത്. അപൂര്‍വമായ ഒരു പ്രതിഭാസമായാണ് ഇതിനെ വൈദ്യശാസ്ത്രലോകം കാണുന്നത്.
വസ്ത്ര ഡിസൈനറായ ഗിവന്‍സ് നാല് മക്കളുടെ കൂടി അമ്മയാണ്. പെലോണിന്റെ ജനനസമയത്ത് നഴ്സുമാർ ഈ ബെർത്ത്‌മാർക്ക് തന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്ന് ഗിവൻസ് പറയുന്നു. ‘ആദ്യം ഞെട്ടൽ തോന്നിയെങ്കിലും പിന്നീട് അത് സന്തോഷത്തിനു വഴിമാറി. ഒരു മനുഷ്യശരീരത്തിൽ ഇങ്ങനെയൊക്കെ നടക്കുമെന്നത് ശരിക്കും ഒരദ്ഭുതമായി തോന്നി. 10–ാമത്തെ ആഴ്ചയിൽ ഞാൻ സ്കാനിങ്ങിൽ കണ്ട അതേ രൂപമാണ് പെലോണിന്റെ കാലിലുള്ള ആ അടയാളവും’– ഗിവൻസ് പറഞ്ഞു.
English Summary: Baby died vanishing twin syndrome, but leaves her twin brother with an 'amazing' birthmark