പ്രസവശേഷമുള്ള വിഷാദം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Mail This Article
എന്റെ മകളുടെ പ്രസവും കഴിഞ്ഞിട്ട് ഒന്നരമാസമായി. അവൾക്ക് ഇപ്പോൾ എന്തോ വലിയ ഭയം ആണ്. പഴയതു പോലെ സംസാരമില്ല. കുഞ്ഞിനെ മുലയൂട്ടാൻ മടിയാണ്. അവളിൽ നിന്നു കുഞ്ഞിന് എന്തെങ്കിലും ദോഷം വരുമെന്നാണ് പേടി. ഭർത്താവ് അവളെ ഉപേക്ഷിച്ചു പോകുമെന്ന് പറഞ്ഞ് എപ്പോഴും അവൻ അടുത്തു വേണം എന്നു പറഞ്ഞ് കരച്ചിലാണ്. കുഞ്ഞിനെ കാണാൻ ആരും വരുന്നത് ഇഷ്ടമല്ല. കുഞ്ഞിനെ ആരെങ്കിലും തൊട്ടാൽ കുഞ്ഞിന് അസുഖം വരും എന്നാണ് അവളുടെ വിശ്വാസം. ഗർഭിണി ആയിരുന്നപ്പോൾ പേടി കിട്ടിയതാണ് എന്നു ചിലർ പറഞ്ഞതനുസരിച്ച് ചരടു കെട്ടി ഒരു ഫലവും കാണുന്നില്ല. അമ്മായിയമ്മയിൽ നിന്നു ചില പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ ആൺകുട്ടിയെയാണ് പ്രതീക്ഷിച്ചത്. പക്ഷേ പെണ്‍കുട്ടിയായിപ്പോയതിനു ചില കുത്തുവാക്കുകൾ ഒക്കെ കേട്ടു. കുട്ടിയുടെ നക്ഷത്രവും നന്നല്ല. ഇതുകൊണ്ടൊക്കെ ആണോ ഇങ്ങനെ ഇവൾക്കു പേടി കിട്ടിയത്? പ്രതിവിധി എന്തെങ്കിലുമുണ്ടോ?
പ്രതികരണം: പ്രസവശേഷം ചിലരിൽ ഉണ്ടാകുന്ന വിഷാദരോഗം (post-partum depression) എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ് കത്തിലുള്ളത്. ഗർഭധാരണം, പ്രസവം എന്നീ പ്രക്രിയകളോടനുബന്ധിച്ചു തലച്ചോറിന്റെ രസതന്ത്രത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നതു ചിലരിൽ വിഷാദ ലക്ഷണങ്ങൾക്കു കാരണമാകാം. ഉന്മേഷമില്ലായ്മ, സങ്കടം, കരച്ചിൽ, കുഞ്ഞിനെ എങ്ങനെ പരിചരിക്കും എന്ന അമിതമായ ആശങ്ക, ഏതെങ്കിലും ആപത്തുകൾ തനിക്കോ കുഞ്ഞിനോ സംഭവിക്കുമോ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ സാധാരണമാണ്.
ഗർഭകാലത്തു കണ്ടുകൊണ്ടിരിക്കുന്ന ഗൈനക്കോളജിസ്റ്റിനെ കണ്ടു വിവരങ്ങൾ പറയുക. ആ ഡോക്ടറുടെ ഉപദേശപ്രകാരം ഒരു സൈക്യാട്രിസ്റ്റിനെയും കാണുക. എത്രയും വേഗം ചികിത്സ നൽകിയാൽ പൂർണ സൗഖ്യം ലഭിക്കും. ഈ മാനസികാവസ്ഥയെ അന്ധവിശ്വാസങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതേ.
English Summary: Post-partum depression