ADVERTISEMENT

ഇത്തവണ ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ ഭക്തിപൂർവം പൊങ്കാലയിടാനെത്തുന്നത് നാൽപതു ലക്ഷത്തിലധികം സ്ത്രീകൾ. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയായി ഗിന്നസ് ബുക്കിൽ വരെ ഉൾപ്പെട്ട ഉൽ‌സവം. ആഗ്രഹസാഫല്യത്തിനും ഉപകാരസ്മരണയ്ക്കും നാം നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ ചില ആരോഗ്യ കാര്യങ്ങൾ കൂടി മറക്കാതെ ശ്രദ്ധിക്കണം.

∙ കനത്ത ചൂടിനെയും സൂര്യപ്രകാശത്തെയും പ്രതിരോധിക്കാൻ പൊങ്കാലയിടുമ്പോൾ തുണി കൊണ്ട് തലയും മുഖവും മറയ്ക്കുക.

∙ കോട്ടൺ തുണിത്തരങ്ങളും ഇളം നിറത്തിലുള്ള വസ്ത്രങ്ങളും തിരഞ്ഞെടുക്കുക.

∙ തൊങ്ങലുകളുള്ളതും നീളം കൂടിയതുമായ വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കുക.

∙ തീ ആളിപ്പടരാനിടയുള്ളതിനാൽ അടുപ്പിൽ ചൂട്ട് ഒഴിവാക്കുക.

∙ ധാരാളം വെള്ളം കുടിക്കുക. വ്രതം കാരണം അന്നേ ദിവസം ജലപാനം ചെയ്യാതിരിക്കുന്നവർ തലേ ദിവസവും പൂജയ്ക്കു ശേഷവും ധാരാളം വെള്ളം കുടിക്കുക. വെറും വെള്ളത്തിനു പകരം ഉപ്പിട്ട കഞ്ഞിവെള്ളമോ മോരോ നാരങ്ങാ വെള്ളമോ ഉപയോഗിക്കാം.

∙ വഴിയോരങ്ങളിലെ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക.

∙ മുഖത്തും കൈകാലുകളിലും സൺ സ്ക്രീൻ ഉപയോഗിക്കുക.

∙ കുട ഉപയോഗിക്കുന്നതും തൊപ്പി ധരിക്കുന്നതും സൂര്യാഘാതം തടയാൻ സഹായിക്കും.

∙ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. വ്രതമെടുത്ത് ഭക്ഷണം ഒഴിവാക്കുന്നവരാണെങ്കിൽ രാവിലത്തെ ഗുളിക ഒഴിവാക്കുന്നതാണ് ഉത്തമം. ഇൻസുലിൻ എടുക്കുന്നവർ രക്തത്തിലെ ഷുഗർ ലെവൽ മുൻകൂട്ടി ടെസ്റ്റ് ചെയ്ത് ഡോക്ടറെ കണ്ട് ഡോസ് ക്രമീകരിക്കണം. പൊങ്കാലയ്ക്കു മുമ്പു തന്നെ പ്രമേഹം നിയന്ത്രണത്തിലാണെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.

∙ ചെരുപ്പുകൾ നിർബന്ധമായും ധരിക്കണം.

∙ ഉത്സവം കഴിഞ്ഞ് അടുത്ത അഞ്ചു ദിവസമെങ്കിലും കാലിന്റെ അടിഭാഗം പരിശോധിക്കണം. പൊള്ളലോ മുറിവുകളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം.

∙ തലകറക്കം അനുഭവപ്പെട്ടാലുടൻ കിടക്കുക. കാലുകൾ നീട്ടി, പറ്റുമെങ്കിൽ കാലുകൾ കുറച്ച് ഉയരത്തിൽ വച്ച് കിടക്കുക. തലകറങ്ങി  ബോധക്ഷയമുണ്ടാകുന്നതിന് മുമ്പുതന്നെ കുറച്ചു മധുരം കഴിക്കുന്നത് നല്ലതാണ്. ബോധക്ഷയം വന്ന വ്യക്തിക്കു ബോധം വരുന്നതു വരെ വെള്ളം കുടിപ്പിക്കാനോ ഭക്ഷണം കഴിപ്പിക്കാനോ പാടില്ല.

∙ തീയിൽനിന്നു നിശ്ചിത അകലം പാലിക്കുക. മുടി ഉണക്കി കെട്ടി വയ്ക്കാൻ ശ്രദ്ധിക്കണം. പൊള്ളലുകൾ ഉണ്ടായാൽ ഉടൻ മരുന്ന് പുരട്ടുകയോ വെള്ളത്തിൽ കഴുകുകയോ ചെയ്യുക.

∙ ആസ്മയോ അലർജിയോ ഉള്ളവർക്ക് ജനത്തിരക്കു മൂലമോ പുക ശ്വസിച്ചോ ശ്വാസംമുട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇൻഹേലർ ഉപയോഗിക്കുന്നവർ അത് കയ്യിൽ കരുതുക.

∙ തിളപ്പിച്ചാറ്റിയ വെള്ളവും നന്നായി കഴുകിയ അരിയും മറ്റു പദാർഥങ്ങളും ഉപയോഗിക്കുക. നിലത്തു വീണവ ഉപേക്ഷിക്കുക.

∙ കുട്ടികളുമായി പോകുന്നവർ അവർക്കാവശ്യമായ ലഘുഭക്ഷണവും വെള്ളവും തൊപ്പികളും കരുതുക.

∙ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും വരുന്നവർ അവരറിയാതെതന്നെ രോഗ വാഹകരാകാം എന്നതുകൊണ്ട് നമ്മൾ മാസ്ക് ധരിക്കുന്നതോ തുണി കൊണ്ട് മുഖം മറയ്ക്കുന്നതോ ഉത്തമം.

∙ ഛർദി, വയറിളക്കം, ശരീരത്തിലെ പാടുകൾ, ചൊറിച്ചിൽ, രണ്ടാഴ്ചയിൽ കൂടുതൽ നീളുന്ന ചുമ എന്നിവ പകർച്ചവ്യാധികളുടെ ലക്ഷണമാകാം . ഇവ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.

∙ പൊങ്കാലയ്ക്കു വരുന്നവർക്ക് ദേവിയുടെ അനുഗ്രഹം  ലഭിക്കണമെന്നുണ്ടെങ്കിൽ പരിസരം ശുചിയായി സൂക്ഷിക്കണമെന്നു കൂടി ഓർക്കുമല്ലോ.

∙ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. അവ നിശ്ചിത ഇടങ്ങളിൽ മാത്രം ഇടുക. പ്ലാസ്റ്റിക് ഒഴിവാക്കുക. നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ പരിസരവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നോർക്കുക.

ഏതൊരു ഉത്സവത്തിന്റെയും മാറ്റു കൂട്ടുന്നത് പരസ്പരമുള്ള കരുതലും സഹകരണവുമാണ്. നല്ല ആരോഗ്യ വിചാരത്തോടെ നമുക്കൊരുമിച്ച് പൊങ്കാല മഹത്തരമാക്കാം.

English Summary: Attukal Pongala health care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com