പെൺമനസ്സിലെ രോഗങ്ങൾ: അറിയാം, പ്രതിരോധിക്കാം
Mail This Article
65 വയസ്സുണ്ട് ഷീബാമ്മയ്ക്ക്. കടുത്ത പ്രമേഹ രോഗി, ഹൃദ്രോഗവുമുണ്ട്. അഞ്ച് ആണ്‍ മക്കൾ. എല്ലാവരും വിവാഹം കഴിഞ്ഞ് സുഖമായിക്കഴിയുന്നു. എന്നാൽ കടുത്ത വിഷാദത്തിനു ചികിത്സ തേടിയാണ് ആ അമ്മയെ മക്കൾ സൈക്യാട്രിസ്റ്റിന്റെ അടുക്കലെത്തിച്ചത്. ഡോക്ടർ മരുന്നുകൾ നിർദേശിച്ചശേഷം മനശ്ശാസ്ത്ര ചികിത്സകൾക്കായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ അടുക്കലേക്ക് അയച്ചു. ആ അമ്മ മനസ്സു തുറന്നു സംസാരിച്ചു.
കുട്ടിക്കാലത്ത് ആർത്തവാരംഭം മുതലുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ, പത്താം ക്ലാസു പഠനം കഴിഞ്ഞയുടനെയുണ്ടായ വിവാഹം, തുടരെയുള്ള അഞ്ചു പ്രസവങ്ങൾ, താൻ സുന്ദരിയായിരുന്നിട്ടും മറ്റു സ്ത്രീകളെ തേടിപ്പോയ ഭർത്താവിനോടുള്ള പക, ക്രൂരമായി തല്ലുകയും അസഭ്യം പറയുകയും ചെയ്യുന്ന അദ്ദേഹത്തിനോടുള്ള ഭയം, മക്കളോരോരുത്തരുടേയും വിവാഹം കഴിഞ്ഞപ്പോൾ അവർ അവരുടെ ഭാര്യമാരെ സ്നേഹിക്കുന്നതു കണ്ടപ്പോഴുള്ള അസൂയയും നഷ്ടബോധവും... മരിക്കാനുള്ള പേടികൊണ്ടുമാത്രം ആത്മഹത്യ ചെയ്യാതിരുന്ന മാനസികാവസ്ഥകൾ.. ഇങ്ങനെ മാനസിക രോഗാവസ്ഥയിലേക്കു നയിച്ച ജീവിത കഥകൾ കണ്ണീർ വാർത്തുകൊണ്ടാണ് അവർ പങ്കുവച്ചത്.
വളെര വൈകിയാണെങ്കിലും മരുന്നു ചികിത്സയും തുടർന്നുള്ള സൈക്കോ തെറപ്പികളും കൊണ്ട് ജീവിതത്തിന്റെ ഊഷ്മളതയിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ് ഇപ്പോൾ ആ അമ്മ.
അമിത വണ്ണത്തിന് ചികിത്സ തേടി ഡോക്ടറുടെ അടുത്ത് എത്തിയതാണ് ഐടി ജീവനക്കാരിയായ സാന്ദ്ര. ഭാരം 100 കിലോ. എപ്പോഴും പിരിമുറുക്കവും ഉത്കണ്ഠയും അനുഭവിക്കുന്ന പ്രകൃതമാണ് സാന്ദ്രയുടേത്. രണ്ടു വർഷം മുൻപ് വിവാഹം കഴിഞ്ഞതോടെ അത് പരമാവധിയായി. ഭക്ഷണം കഴിക്കുമ്പോഴാണ് അൽപമൊരാശ്വാസം കിട്ടുകയെന്നു സാന്ദ്ര ഡോക്ടറോട് പറഞ്ഞു. അങ്ങനെയങ്ങനെ ടെൻഷൻ കൂടുമ്പോഴെല്ലാം പിസയും ബർഗറും പോലെയുള്ള ഫാസ്റ്റ് ഫുഡ് വാരിവലിച്ചു കഴിക്കുന്നതു ശീലമായി. ആ ഭക്ഷണം കഴിക്കൽ തകരാറാണ്(Eating disorder) സാന്ദ്രയെ പൊണ്ണത്തടിയിലേക്കു നയിച്ചത്.
പെണ്ണിന്റെ മനസ്സ്
മാനസിക പ്രശ്നങ്ങളും മാനസികമായ രോഗങ്ങളും ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ബാധിക്കാം. അതേസമയം മാനസികരോഗ ലക്ഷണങ്ങളിലും പ്രത്യാഘാതങ്ങളിലും സമാനതകൾ ഉണ്ടെങ്കിലും, സ്ത്രീകൾ പലപ്പോഴും പുരുഷനേക്കാൾ രൂക്ഷമായ വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നതാണ് സത്യം. നമ്മുടെ സമൂഹത്തിൽ സ്ത്രീയുടെ ജീവിതകാലത്തിനിടയിൽ അഞ്ചിൽ ഒരാൾ എന്ന നിലയിൽ ബലാൽസംഗത്തിനോ അതിനുള്ള ശ്രമത്തിനോ ഇരയാകുന്നുണ്ട്. ഇത്തരത്തിലുള്ള സാമൂഹ്യ സാഹചര്യങ്ങൾ കൂടി ചേർത്തുവച്ചുവേണം സ്ത്രീകളിലെ മാനസികപ്രശ്നങ്ങളെ വിലയിരുത്താൻ.
മദ്യം–മയക്കുമരുന്ന് അഡിക്‌ഷൻ(Substance abuse disorders) ഒഴികയുള്ള പ്രധാനപ്പെട്ട മിക്ക മനോരോഗങ്ങളുടേയും കാര്യത്തിൽ സ്ത്രീകളാണ് മുൻപന്തിയിൽ. വിഷാദം(Depression), ഒസിഡി (Obsessive Cumpulsive Disorder), അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്താഘാതങ്ങളെ തുടർന്നുണ്ടാകുന്ന പിരിമുറുക്കരോഗം (PTSD) തുടങ്ങിയ മാനസിക പ്രശ്നങ്ങൾ പുരുഷനു വരാനുള്ള സാധ്യതയുടെ ഇരട്ടിയിലധികമുണ്ട് സ്ത്രീക്ക്. ഇതാണ് അവസ്ഥയെങ്കിലും മിക്കപ്പോഴും അവളുടെ സ്വഭാവദൂഷ്യമായോ പെരുമാറ്റപ്രശ്നമായോ അഹങ്കാരമായോ കണക്കാക്കി അവഗണിക്കുകയാണ് പതിവ്.
മനോരോഗങ്ങൾ സ്ത്രീകളിൽ ഇത്രയധികം വ്യാപകമായിരുന്നിട്ടും അതിനുവേണ്ട ചികിത്സ കിട്ടാതെ പോകുന്നതിനുള്ള കാരണവും ഈ പറഞ്ഞ തെറ്റായധാരണകളാണ്. പെൺ ശരീരത്തിന്റെ പ്രത്യേകതകളേക്കാൾ സങ്കീർണമാണ് പെൺമനസ്സ്. ഒപ്പം നമ്മുടെ സാമൂഹ്യസഹചര്യങ്ങളും സ്ത്രീയോടുള്ള കാഴ്ചപ്പാടിലെ അസന്തുലനവും സൃഷ്ടിക്കുന്ന അവസ്ഥാവിശേഷവും കൂടിച്ചരുമ്പോൾ പെൺമനസ്സു പിടിവിട്ടു പോകുന്നതിൽ അദ്ഭുതമില്ല.
അവ മുൻകൂട്ടി തിരിച്ചറിയാനായാൽ ശാസ്ത്രീയമായ പരിഹാരങ്ങളിലൂടെ മറികടക്കാനാവുമെന്ന സത്യം ഒാരോരുത്തരും അറിഞ്ഞിരിക്കണം.
പെൺകുട്ടിക്കാലം
മുതിർന്ന സ്ത്രീകൾക്കു മാത്രമാണ് മാനസിക പ്രശ്നങ്ങളെന്ന് കരുതരുത്. ഒരു പെൺകുട്ടി കൗമാരത്തിലേക്കു കടക്കും മുൻപു പോലും തീവ്രമാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോകാം. കുട്ടിയുടെ വിമർശന ബുദ്ധി (Critical Mind) രൂപപ്പെടുന്നത് 10-12 വയസ്സോടെയാണ്. അതിനുമുൻപ് പുറമേ നിന്നും മനസ്സിലേൽക്കുന്ന, വരുന്ന ആശയങ്ങളെല്ലാം കാര്യമായ എതിർപ്പുകളില്ലാതെ മനസ്സിന്റെ ഉള്ളറയിൽ പതിഞ്ഞുപോകാം. അതിനാൽ ഈ കാലഘട്ടത്തിൽ ആരോഗ്യ പൂർണമായ മനസ്സു നിലനിർത്തുന്നത് വളരെ പ്രധാനമാണ്. എന്നാൽ വിവിധ തരത്തിലുള്ള ശാരീരിക ചൂഷണങ്ങൾക്കും (abuse) മാനസിക പീഡനങ്ങൾക്കും അധികം വിധേയരാകുന്നതും പെൺകുട്ടികളാണ്. അവ സൃഷ്ടിക്കുന്ന ആഴമേറിയ മാനസിക മുറിവുകൾ, പിന്നീട് ജീവിത കാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന പലവിധ മനോഭ്രംശങ്ങളുടേയും തായ്‌വേരായി നിലകൊള്ളാം. ഇക്കാരണത്താൽ കുട്ടികളുടെ ബാല്യം അങ്ങേയറ്റം കരുതലോടെയും സുരക്ഷിതത്വത്തോടെയും ആയിരിക്കണം.
ഏതെങ്കിലും വിധത്തിലുള്ള മാനസികാഘാതം കുട്ടിക്ക് ഉണ്ടായാൽ ‘‘അതു വളരുമ്പോൾ മാറിക്കോളും’’ എന്നു ചിന്തിക്കുന്നത് അപകടകരമാണ്. ആ സമയത്ത് പ്രൊഫഷനലായ മാനസിക ചികിത്സ കുട്ടിക്ക് ലഭ്യമാക്കിയാൽ വരുംകാലത്ത് ആ കുട്ടിക്ക് സംഭവിക്കാനിടയുള്ള വിവിധങ്ങളായ മാനസിക പ്രശ്നങ്ങളെ മുളയിലേ നുള്ളാനാകും.
∙ ആദ്യത്തെ ആർത്തവം: ആദ്യത്തെ ആർത്തവം ഒരു പെൺ ജീവിതത്തിെല സുപ്രധാന നിമിഷമാണ്. സാധാരണ 13–15 വയസ്സിലായിരുന്നു ആദ്യ ആർത്തവം (Menarche) മുൻപ് സംഭവിച്ചിരുന്നത്. ഇന്നത് 9–12 വയസ്സിലേക്കു ചുരുങ്ങി. ഭക്ഷണത്തിലും ജീവിത ശൈലിയിലും വന്ന മാറ്റങ്ങളാണ് അതിന്റെ പ്രധാന കാരണം. തന്റെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലുമാകാത്ത പ്രായത്തിൽ നേരത്തേയെത്തുന്ന ആദ്യ ആർത്തവം ആ പെൺജീവിത്തിലെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നതായി പലപഠനങ്ങളും വ്യക്തമാക്കുന്നു.
വളരെ നേരത്തെ ആർത്തവം എത്തുന്ന പെൺകുട്ടികളിൽ 30 വയസ്സിനുള്ളിൽ വിഷാദരോഗം ബാധിക്കാനുള്ള സാധ്യത ഇരട്ടിയാണ്. അതുപോലെ സമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ എർപ്പെടാനുള്ള സാധ്യതയും ഈ കുട്ടികളിൽ കൂടുതലായിരിക്കും. ഇവയ്ക്കു പുറമേ ഉത്കണ്ഠ, പിരിമുറുക്കം, പിടിവാശിപോലയുള്ള വിവിധ പ്രശ്നങ്ങളും ഈ പെൺകുട്ടി കൂടുതലായി അനുഭവിക്കേണ്ടി വരാം. ഇക്കാര്യം നേരത്തേ മനസ്സിലാക്കി, മുൻകൂട്ടിയുള്ള മനശ്ശാസ്ത്ര സഹായം ലഭ്യമാക്കാൻ രക്ഷാകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആശങ്കകളുടെ കൗമാരകാലം
ശരീരവും മനസ്സും തമ്മിലുള്ള പൊരുത്തപ്പെടലിനായുള്ള സംഘർഷത്തിന്റെ കൂടി സമയമാണ് കൗമാരകാലം. ശരീരത്തിലെ ഹോർമോൺ ചാഞ്ചാട്ടങ്ങളിൽ മനസ്സുലഞ്ഞുപോകുന്നവരും വിഷാദിച്ചുപോകുന്നവരും കുറവല്ല. ലോകാരോഗ്യ സംഘനയുടെ വിലയിരുത്തൽ പ്രകാരം മനോരോഗികളിൽ 50 ശതമാനം പേരുടേയും രോഗാരംഭം ഏതാണ്ട് 14 വയസ്സിലായിരുന്നു എന്നാണ്. കൗമാരകാലത്തെക്കുറിച്ച് നമ്മുടെ ഓരോരുത്തരുടേയും കണ്ണുതുറപ്പിക്കേണ്ട ഒരു സുപ്രധാന വിവിരമാണിത്. അസാധാരണമായ മനോ ഭാവങ്ങളോ പെരുമാറ്റങ്ങളോ കുട്ടികൾ പ്രകടിപ്പിച്ചാൽ അതു നിസ്സാരമാക്കരുത് എന്നു നമ്മളെ ബോധ്യപ്പെടുത്തുന്ന കാര്യമാണത്.
കൗമാരകാലത്ത് നല്ലൊരുപങ്കു പെൺകുട്ടികളിലും ആർത്തവാരംഭത്തിനു മുൻപുള്ള ദിവസങ്ങളിൽ കടുത്ത ദേഷ്യം, നിരാശ, വിഷാദം, ഉത്കണ്ഠ, അസ്വാസ്ഥ്യം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കാണാറുണ്ട്. പിഎംഡിഡി (Premenstrual dysphoric disorder) എന്ന ഈ അവസ്ഥ നേരിയതോതിൽ ഏതാണ്ട് 80 ശതമാനം പേരിലും കാണാം. പക്ഷേ മിക്കപ്പോഴും പെൺകുട്ടികൾ ഇതു തിരിച്ചറിയാതെ പോകുകയാണ് പതിവ്. ‘‘ഞാൻ എന്തുകൊണ്ടാ ഇങ്ങനെ?’’ എന്ന ചിന്തയ്ക്കപ്പുറത്തേയ്ക്ക് അവർ ആലോചിക്കില്ല. എല്ലാ തവണയും ഈ പ്രശ്നം രൂക്ഷമായി അനുഭവിക്കുന്നവർ വിദഗ്ധ സഹായം തേടേണ്ടതാണ്. കാരണം ഓരോ മാസവുമുള്ള ഈ ദുരനുഭവം കൗമാരത്തിൽ മാത്രമല്ല തുടർന്നുള്ള ജീവിതത്തിലും ഏറിയോ കുറഞ്ഞോ അനുഭവപ്പെടാം.
വിഷാദപൂർവമോ യൗവനം?
സ്ത്രീകളിലെ മാനസിക പ്രശ്നങ്ങളിലും മനോ രോഗങ്ങളിലും ഒന്നാമത് നിൽക്കുന്നത് വിഷാദമാണ്. പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെ കൂടുതലാണ് ഈ രോഗാവസ്ഥ. കരഞ്ഞും വിഷാദിച്ചും ഇരിക്കുന്നതു മാത്രമല്ല കേരളത്തിലെ സ്ത്രീകളിൽ കണ്ടുവരുന്ന വിഷാദലക്ഷണം. അത് പലപ്പോഴും അടക്കാനാകാത്ത ദേഷ്യമായും അസ്വാസ്ഥ്യ പ്രകടനമായും പ്രത്യക്ഷപ്പെടാമെന്ന് കേരളത്തിലെ വിവിധ മനോരോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വിഷാദ കാരണം: സ്ത്രീകളെ വിഷാദരോഗികളാക്കുന്ന ഘടകങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾ മുതല്‍ സാമൂഹികപ്രശ്നങ്ങൾ വരെയുണ്ട്. തൈറോയ്ഡ് രോഗികളിൽ കാണുന്ന വിഷാദവും സ്ത്രീകളിലാണ് കൂടുതൽ. കാരണങ്ങൾ തിരിച്ചറിഞ്ഞാൽ വിഷാദാവസ്ഥ ഫലപ്രദമായി പരിഹരിക്കാനാവും.
ലക്ഷണങ്ങൾ: വിഷാദം പുരുഷന്മാരിലും സ്ത്രീകളിലും ചില പൊതുലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ടെങ്കിലും സ്ത്രീകളിൽ കുറ്റബോധം പോലെയുള്ള ചില പ്രത്യേക ലക്ഷണങ്ങൾ കൂടുതലായി കാണാം. അമിത ഉറക്കം, അമിത ഭക്ഷണം, അമിതവണ്ണം എന്നിവ സ്ത്രീകളിൽ വളെര സാധാരണമായി കാണുന്ന വിഷാദ ലക്ഷണങ്ങളാണ്. നേരത്തേ പ്രിയമായിരുന്ന കാര്യങ്ങളോട് താൽപര്യം നഷ്ടപ്പെടുന്നതാണ് വിഷാദം പെട്ടെന്നു തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ലക്ഷണം
വിഷാദലക്ഷണം മാറിമറിയുന്നു
വിഷാദലക്ഷണങ്ങൾ സ്ത്രീ പുരുഷൻമാരിൽ വ്യത്യസ്തരീതിയിൽ പ്രകടമാകാം. ഈ കാര്യം പരസ്പരം അറിഞ്ഞിരുന്നാൽ രോഗാവസ്ഥ തെറ്റിദ്ധരിക്കപ്പെട്ടു പോകാതിരിക്കാൻ ഏറെ സഹായിക്കും. കാരണം രോഗാവസ്ഥയിലുള്ള വ്യക്തി, തനിക്കു വിഷാദമുണ്ടെന്ന് ചിലപ്പോൾ തിരിച്ചറിയണമെന്നില്ല. ഒരുമിച്ചു ജീവിക്കുന്നവർക്കും അടുത്ത് ഇടപഴകുന്നവർക്കുമാണ് അത് എളുപ്പം മനസ്സിലാവുക, ചികിത്സയിലേക്കു നയിക്കാനാവുക. വിഷാദാവസ്ഥയിൽ സമാനമായ മാനസികാവസ്ഥകളെ സ്ത്രീപുരുഷൻമാർ പ്രകടിപ്പിക്കുന്നത് വ്യത്യസ്തമായ രീതിയിലാവാം.
∙സ്ത്രീകൾ വിഷാദാവസ്ഥയിൽ ഉത്കണ്ഠയും ഭയവും അനുഭവിക്കുമ്പോൾ പുരുഷനാകട്ടെ സ്വയം പ്രതിരോധം തീർക്കാനാവും ശ്രമിക്കുക.
∙ വിഷാദവേളയിൽ സ്ത്രീ സ്വയം കുറ്റപ്പെടുത്തുമ്പോൾ വിഷാദമുള്ള പുരുഷൻ മറ്റുള്ളവരെ കുറ്റപ്പെടുത്തും.
∙സ്ത്രീകൾ സങ്കടവും സ്വയം ഒന്നിനും കൊള്ളാത്തവൾ എന്ന തോന്നലും അനുഭവിക്കുമ്പോൾ വിഷാദമുള്ള പുരുഷൻ അസ്വാസ്ഥ്യവും ദേഷ്യവുമാകും പ്രകടിപ്പിക്കുക.
∙ വിഷാദിച്ചിരിക്കുന്ന സ്ത്രീ തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കും. മറിച്ചു പുരുഷൻ വാക്കുതർക്കങ്ങൾ ഉണ്ടാക്കും.
∙ സ്ത്രീകൾ അനിയന്ത്രിതമായ ഭക്ഷണം കഴിക്കലിലേക്കു വിഷാദകാലത്ത് നീങ്ങുമ്പോൾ പുരുഷൻമാർ മദ്യപാനം, ടിവി എന്നിവയ്ക്ക് അടിമപ്പെടാം.
വിഷാദാവസ്ഥയിൽ സ്ത്രീകൾക്കുള്ള ഒരു പ്രധാന മെച്ചം അവർ അനുഭവിക്കുന്ന, കടന്നു പോകുന്ന മാനസികാവസ്ഥയെക്കുറിച്ചും നിരാശയക്കുറിച്ചും പ്രിയപ്പെട്ട ആരോടെങ്കിലുമൊക്കെ പറയാൻ തയാറാവും എന്നതാണ്. എന്നാൽ പുരുഷനാവട്ടെ തന്റെ അത്തരം ലക്ഷണങ്ങളെ വിശ്വസിക്കാതിരിക്കുകയും തന്റെ കഴിവില്ലായ്മയോ ശാരീരിക ക്ഷീണമോ മാത്രമെന്നു കരുതും. അക്കാര്യങ്ങൾ ആരോടെങ്കിലും വെളിപ്പെടുത്താനും മടിക്കും.
വിഷാദരോഗി ഏതെങ്കിലും ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുകയാണെങ്കിൽ നിർബന്ധമായും ചികികിത്സാ സഹായം തേടേണ്ട സമയമാണ് അത് എന്നു പ്രത്യേകം ഒാർക്കുക.
വിഷാദം നാലു ഘട്ടങ്ങളിൽ
സ്ത്രീ ജീവിതത്തിൽ നാലുഘട്ടങ്ങളിലാണ് വിഷാദരോഗവും വിഷാദാനുഭവങ്ങളും കൂടുതലായി ബാധിക്കുന്നത്.
1. ആർത്തവത്തിനു മുമ്പ് : മാസംതോറും ആർത്തവം തുടങ്ങുന്നതിനു മുമ്പ് വിഷാദമുണ്ടാകാം. വന്നുപോകുന്ന ഈ വിഷാദാവസ്ഥ തീവ്രമാണെങ്കിൽ ചികിത്സ തേടാൻ മടിക്കരുത്. ഏതാണ്ട്അഞ്ചു മുതൽ 10 ശതമാനം വരെ സ്ത്രീകളിൽ ഏകാഗ്രതയില്ലായ്മ , ഓർമക്കുറവ്, നിരാശ, ഉത്കണ്ഠ , ശ്രദ്ധക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.
2. ആർത്തവ വിരാമത്തിൽ: 40–48 വയസ്സുകളിൽ സംഭവിക്കുന്ന ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ഹോർമോൺ വ്യതിയാനങ്ങൾ വിഷാദം വരുത്താം. ലൈംഗിക താൽപര്യക്കുറവ്, പെട്ടെന്ന് ശരീരം വിയർക്കുന്ന ഹോട്ട്ഫ്ലാഷസ്, ഉറക്കപ്രശ്നങ്ങൾ എന്നിവയുടെ അനുബന്ധമായാണ് വിഷാദവും കടന്നു വരിക.
3.പ്രസവാനന്തരം : മുമ്പ് വിഷാദരോഗമുള്ളവരിലും ഗർഭകാലത്ത് സാമൂഹിക, ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ അനുഭവിച്ചവരിലും പ്രസവശേഷം വിഷാദ രോഗസാധ്യത കൂടുതലാണ്. വിഷാദരോഗികളായ അമ്മമാർ പൊതുവെ സ്വന്തം ശരീരപരിചരണത്തിലും ശിശുപരിചരണത്തിലും വിമുഖത കാണിക്കും. ചെറിയതോതിൽ വികാര വിക്ഷോഭവും പിരിമുറുക്കവും ഉത്കണ്ഠയും പ്രകടമാകുന്ന ‘‘പോസ്റ്റ് പോർട്ടം ബ്ലൂ’’ ആണ് ഇതിൽ സാധാരണം. ബന്ധുക്കളുടെ കരുതലും അനുഭാവപൂർവമായ പെരുമാറ്റവും മതിയാകും ഇതു മറികടക്കാൻ. എന്നാൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ്പാർട്ടം സൈക്കോസിസ് പോലയുള്ള തീവ്ര രോഗാവസ്ഥകളിൽ അടിയന്തരമായി ചികിത്സിക്കണം. അമ്മയുടേയും കുഞ്ഞിന്റേയും ജീവനുതന്നെ ഈ അവസ്ഥ ഭീഷണിയാവാം.
4. മറ്റു കാരണങ്ങളാൽ: വന്ധ്യത, കുട്ടിയുടെ മരണം, ഗർഭഛിദ്രം, ദാമ്പത്യതകർച്ച, പങ്കാളിയിൽ നിന്നുള്ള പീഡനം തുടങ്ങിയവയോടനുബന്ധിച്ചും വിഷാദം ഉണ്ടായേക്കാം.
ചെറിയരീതിയിലുള്ള വിഷാദാവസ്ഥക്ക് മനശ്ശാസ്ത്ര ചികിത്സ മതിയാവാം. ഗുരുതരമായി തുടർന്നാൽ മരുന്നുപയോഗിച്ചുള്ള ചികിത്സചെയ്യാൻ മടിക്കരുത്.
മറ്റു മനോരോഗങ്ങൾ
വിഷാദത്തിനു പുറമേ ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ, ബോർഡർലൈൻ പെഴ്സനാലിറ്റി ഡിസോർഡർ, ഭക്ഷണം കഴിക്കൽ തകരാറ് (ഈറ്റിങ് ഡിസോർഡർ) മറവി തുടങ്ങിയ വിവിധ മാനസികപ്രശ്നങ്ങൾ സ്ത്രീകളിൽ കൂടുതലാണ്. വിഷാദ രോഗം കഴിഞ്ഞാൽ ഉത്കണ്ഠാ രോഗമാണ് സ്ത്രീകളിൽ ഏറ്റവും പ്രബലം. ആറ് മാസ കാലയളവിൽ മിക്ക ദിവസങ്ങളിലും “അമിതമായ ഉത്കണ്ഠ” അനുഭവപ്പെടുന്നതായി തോന്നിയാൽ പൊതു ഉത്കണ്ഠാരോഗം (GAD) എന്നു നിർവചിക്കാം. ഉത്കണ്ഠാ രോഗങ്ങൾ പല രൂപത്തിലും ഭാവത്തിലും കടന്നുവരാം. പാനിക് ഡിസോർഡർ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ, സോഷ്യൽ ആങ്ൈസറ്റി ഡിസോർഡർ (സോഷ്യൽ ഫോബിയ), സെപ്പറേഷൻ ആങ്ൈസറ്റി ഡിസോർഡർ, അമിതമായി ഭക്ഷണം കഴിക്കുകയോ ഭക്ഷണം പരമാവധി ഒഴിവാക്കുകയോ ചെയ്യുന്നതു പോലുള്ള ഈറ്റിങ് ഡിസോർഡറുകൾ, വിവിധ തരം ഭയം(ഫോബിയ) എന്നിവയും ഉത്കണ്ഠാരോഗങ്ങളുടെ പരിധിയിൽ വരുന്നവയാണ്.
വാർധക്യത്തിലെത്തുമ്പോൾ
വിഷാദവും ഉത്കണ്ഠയും തന്നെയാണ് വാർധക്യത്തിലെത്തുന്ന സ്ത്രീകളെ കൂടുതലായി അലട്ടുന്ന മാനസികപ്രശ്നങ്ങൾ. വാർധക്യത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഏകാന്തതയുമാണ് ഈ കാലഘട്ടത്തിലെ മാനസിക പ്രശ്നങ്ങളുടെ പ്രധാന കാരണം. ജീവനെടുക്കുന്ന മാരക രോഗങ്ങളുടെ സാന്നിധ്യം മുതൽ ശാരീരികമായും സാമ്പത്തികമായുമൊക്കെയുള്ള പരാശ്രയത്വം, മക്കൾ അകന്നു പോകുന്നതുമൊക്കെ വാർധക്യത്തിലെത്തിയ സ്ത്രീകളെ കടുത്ത മാനസിക പ്രശ്നങ്ങളിലേക്കു തള്ളി വിടാറുണ്ട്. ഭർത്താവിനു പൊതുവേ പ്രായം കൂടുതലുള്ളതിനാൽ അദ്ദഹത്തിന്റെ വിയോഗത്തോടെ തനിച്ചാകുന്ന സ്ത്രീകൾ ‘എംപ്റ്റി നെസ്റ്റ് സിൻഡ്രോം’ എന്ന മാനസിക ഏകാന്ത അവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും കൂടുതലാണ്.
വാർധക്യത്തിലെ സാമ്പത്തിക ഭദ്രത സ്ത്രീകൾ നേരത്തേ ഉറപ്പു വരുത്തുന്നത് നല്ലൊരളവോളം ഈ സമയത്തെ മാനസിക പ്രശ്നങ്ങളെയും മറ്റ് ആരോഗ്യപ്രശ്നങ്ങളേയും അതിജീവിക്കാൻ കരുത്തു നൽകുന്നതായി വിദഗ്ധർ പറയുന്നു. മാത്രമല്ല ചെറുപ്പത്തിലേയുണ്ടായിരുന്ന വിവിധ മാനസിക രോഗാവസ്ഥകൾ കൃത്യമായി ചികിസിച്ചു മാറ്റുന്നതും മാനസികാരോഗ്യമുള്ള വാർധക്യത്തിനു സ്ത്രീകളെ സഹായിക്കും. പൊതുവായ, സാമൂഹ്യ കാര്യങ്ങളിൽ ഇടപെടുന്നത് ഈ സമയത്തെ മാനസികാരോഗ്യത്തെ പരമാവധി മെച്ചപ്പടുത്തുമെന്നും പഠനങ്ങൾ പറയുന്നു.
എന്താണ് ചെയ്യേണ്ടത്?
ആരോഗ്യമുള്ള മനസ്സോടെ സന്തോഷപൂർവം ജീവിക്കാനുള്ള എല്ലാ അർഹതയും തനിക്ക് ഉണ്ട് എന്ന ബോധ്യം ഓരോ സ്ത്രീയിലും ഉടലെടുക്കുകയാണ് ഏറ്റവും പ്രധാന കാര്യം. അസാധാരണമായ മാനസിക വിക്ഷോഭം, ആഗ്രഹിക്കുന്നതിനു വിപരീതമായി ചാഞ്ചാടുന്ന മനസ്സ്, അകാരണമായ വിഷാദം, എപ്പോഴും നിരാശ തുടങ്ങിയവയെ കരുതലോടെ കാണുക. അത്തരം വൈകാരികാവസ്ഥകൾ നിങ്ങളുടെ നിയന്ത്രണത്തിനു പുറത്താണ് എന്നു തോന്നുന്ന ഏതൊരു സ്ത്രീയും സ്വയം ഒരു മാനസികാരോഗ്യ പരിശോധനയ്ക്ക് തുനിയണം.
ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളോട് തന്റെ പ്രതികരണം വേണ്ട വിധത്തിലാണോ? ചെയ്യുന്ന കാര്യങ്ങളുടെ മേൽ പിന്നീട് കുറ്റബോധം അനുഭവപ്പെടുന്നുണ്ടോ? ഒരു കാര്യത്തിലും സന്തോഷം അനുഭവിക്കാനാകാതെ വരുന്നുണ്ടോ? എത്ര ചെറിയ കാര്യത്തിലും അമിതമായി ഉത്കണ്ഠപ്പെടുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിച്ചുക്കുക. അതിനു കിട്ടുന്ന ഉത്തരത്തിൽ നിന്നും നിങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഒരു ധാരണകിട്ടും. ആവശ്യമെങ്കിൽ പ്രിയപ്പെട്ട ആരോടെങ്കിലും ഇക്കാര്യം ചർച്ചചെയ്യാം.
പനിയും തലവേദനയും പോലെ ആർക്കും എപ്പോൾ വേണമെങ്കിലും പിടിപെടാവുന്ന ഒന്നുമാത്രമാണ് മാനസിക പ്രശ്നങ്ങളും മനോരോഗങ്ങളും. അതിനാൽ ആവശ്യമെങ്കിൽ മനശ്ശാസ്ത്ര, ചികിത്സാ സഹായം തേടാൻ ഒരു മടിയും വിചാരിക്കരുത്. ഈ ഭൂമിയിലെ സുന്ദര ജീവിതം ഏറ്റവും ആഹ്ലാദത്തോടെ ജീവിക്കാനുള്ള അവസരമാണ് അതിലൂടെ കൈവരുന്നത്. അത് നഷ്ടപ്പെടുത്താതിരിക്കുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. പി.എൻ. സുരേഷ്കുമാർ
സൈക്യാട്രിസ്റ്റ്, കോഴിക്കോട്.
ഡോ.അരുൺ ബി. നായർ
സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം
ഡോ.സാനി വർഗീസ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കോട്ടയം.
(ഹെൽത് ജേണലിസ്റ്റും പൊസിറ്റീവ് സൈക്കോളജിസ്റ്റുമാണ് ലേഖകൻ)
English Summary: Health issues specific to women's health