ഉത്തരവാദിത്തത്തോടെ പെരുമാറിയാൽ വൈറസിനെ തടയാം: സഞ്ജയ് കുമാർ ഗുരുദീന്‍ ഐപിഎസ്
Mail This Article
എല്ലാവരും ഉത്തരവാദിത്തത്തോടു കൂടി പെരുമാറിയാൽ മാത്രമേ കൊറോണ വൈറസിന്റെ വ്യാപനം തടയാനാകൂ എന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാർ ഗുരുദീന്‍. മനുഷ്യരിലൂടെയാണ് വൈറസിന് സഞ്ചരിക്കുന്നതും വ്യാപിക്കുന്നതുമെന്ന് മനസിലാക്കി വേണം എല്ലാവരും പ്രവർത്തിക്കാൻ. ഒന്നിച്ച് നിന്നു പോരാടിയാൽ മാത്രമേ വിജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
‘ഇതുവരെ ജനങ്ങളിൽ നിന്നുണ്ടായ പ്രതികരണം വളരെ നല്ലതാണ്. പക്ഷേ, ഉത്തരവാദിത്തത്തോടു കൂടി പെരുമാറേണ്ട നിരവധി ആളുകളുണ്ട്. വൈറസ് ബുദ്ധിയില്ലാത്ത ഒന്നാണ്. പക്ഷേ, നമ്മുടെ സഹായത്തോടെ അവയ്ക്ക് സഞ്ചരിക്കാനും വ്യാപിക്കാനുമാവും. അതുകൊണ്ട് ബുദ്ധിയുള്ളവരായ നമ്മൾ ഉത്തരവാദിത്തത്തോടു കൂടി പെരുമാറിയാൽ വൈറസിന്റെ വ്യാപനം തടയാം. നിസ്സാരകാര്യങ്ങൾക്കു വേണ്ടി യാത്ര ചെയ്യുന്ന ആളുകളുണ്ട്. അത് ഒഴിവാക്കണം. നിങ്ങൾക്ക് വൈറസ് ബാധിച്ചാലും അതിന്റെ ലക്ഷണങ്ങൾ കാണാൻ സമയമെടുക്കാം. ആ സമയം നിങ്ങളിലൂടെ കുടുംബാംഗങ്ങൾ ഉൾപ്പടെ മറ്റുള്ളവരിലേക്ക് രോഗം പടരാം. നിങ്ങൾ ആരോഗ്യവാനാണ്, നിങ്ങളുടെ പ്രതിരോധശേഷി മികച്ചതാണ് എന്നു കരുതി വീട്ടിലുള്ളവർക്ക് അങ്ങനെയാവണമെന്നില്ല. അതിനാൽ സാമൂഹ്യ അകലം പാലിക്കാൻ തയാറാകണം. ഒന്നിച്ചു നിന്നു പോരാടിയാൽ നമുക്ക് ജയിക്കാം. അല്ലെങ്കിൽ എല്ലാ ശ്രമങ്ങളും വെറുതെയാകും’’ സഞ്ജയ് കുമാർ പറഞ്ഞു.
265 കോവിഡ്19 കേസുകളാണ് കേരളത്തിൽ ഇതുവരെയുള്ളത്. ഇതിൽ 12 എണ്ണമാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്നുപേർ രോഗമുക്തി നേടി. ഒരു മരണവും സംഭവിച്ചിട്ടുണ്ട്.
English Summary : Trivandrum range DIG Sanjay Kumar on Coronavirus spreading