ബെംഗളൂരുവിൽ നിന്ന് കാസർകോട്, 19 ഹൈവെ പട്രോള്‍ വാഹനങ്ങളിലൂടെ തിരുവനന്തപുരത്ത്; 6 മാസമുള്ള കുഞ്ഞിന് മരുന്നെത്തി
Mail This Article
ഖത്തറില്‍ ജോലി നോക്കുന്ന തിരുവല്ലം സ്വദേശി പ്രജിത്ത് തന്‍റെ മകള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് എത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയക്കുമ്പോള്‍ ഇത്രവേഗത്തില്‍ മരുന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പ്രജിത്തിന്‍റെ ആറുമാസം പ്രായമുളള മകള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അംശം കുറഞ്ഞുപോകുന്ന രോഗത്തിന് ചികില്‍സയിലാണ്. ദിവസേന മുടങ്ങാതെ മരുന്ന് കഴിക്കണം. കോവിഡ് വ്യാപനത്തില്‍ നാടെങ്ങും ലോക്ഡൗണായതോടെ മരുന്നും മുടങ്ങി. നാട്ടില്‍ നിന്നു വളരെയകലെയാണെങ്കിലും കുഞ്ഞുമകളുടെ മരുന്ന് കിട്ടാന്‍ പ്രജിത്ത് പലവഴിക്കും ശ്രമിച്ചു. ഒടുവില്‍ മരുന്ന് ബെംഗളൂരുവിൽ ലഭ്യമാണെന്നറിഞ്ഞപ്പോള്‍ ഒരു ബന്ധു മുഖേന വാങ്ങിപ്പിച്ചു. പക്ഷേ നാട്ടിലെത്തിക്കാന്‍ ഒരു മാര്‍ഗവും കണ്ടില്ല.
ഒടുവില്‍ തിരുവല്ലത്തെ തന്‍റെ വീട്ടിലേക്ക് മരുന്നെത്തിക്കാന്‍ സഹായിക്കണമെന്ന് കാണിച്ച് ചൊവ്വാഴ്ച ഉച്ചയക്ക് 12.45ന് പ്രജിത്ത് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചു. പിന്നെല്ലാം ഞൊടിയിടയില്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് തുടര്‍ നടപടിക്കായി ഇ-മെയില്‍ അയച്ചുകിട്ടിയതിനു പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജനമൈത്രി നോഡല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് ഐ.ജിയുമായ എസ്.ശ്രീജിത്തിനെ ബെംഗളൂരുവിൽ നിന്ന് മരുന്ന് നാട്ടിലെത്തിക്കാന്‍ ചുമതലപ്പെടുത്തി.
അദ്ദേഹം ബെംഗളൂരു ഐജിയുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസിന്‍റെ സഹായം അഭ്യര്‍ഥിച്ചു. വാങ്ങിവച്ചിരുന്ന മരുന്ന് ബെംഗളൂരു പൊലീസ് ചൊവ്വാഴ്ച വൈകിട്ടുതന്നെ കാസര്‍കോട് അതിര്‍ത്തിയിലെത്തിച്ചു. അവിടെനിന്ന് കേരള പൊലീസ് എറ്റുവാങ്ങി.
കാസർകോട് അതിര്‍ത്തിയില്‍ നിന്ന് തിരുവനന്തപുരം വരെ 19 ഹൈവെ പട്രോള്‍ വാഹനങ്ങള്‍ കൈമാറി മരുന്ന് തിരുവനന്തപുരത്തേക്ക്. പൊലീസ് ആസ്ഥാനത്തെ അലെര്‍ട്ട് സെല്ലിന്‍റെ നേരിട്ടുളള നിരീക്ഷണത്തിലാണ് വാഹനങ്ങള്‍ മരുന്നുമായി യാത്രതുടര്‍ന്നത്.
ബുധനാഴ്ച അര്‍ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച മരുന്ന് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഐ.ജി.ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പ്രജിത്തിന്‍റെ വീട്ടിലെത്തി കൈമാറി. സമ്പൂര്‍ണ ലോക്ഡൗണില്‍ ബെംഗളൂരുവിൽ നിന്ന് മരുന്ന് വീട്ടിലെത്തിക്കുക സാധ്യമല്ലെന്ന് കരുതിയിരുന്ന പ്രജിത്തും കുടുംബവും വെറും രണ്ടുദിവസം കൊണ്ട് മരുന്നെത്തിച്ചു നല്‍കിയ പൊലീസിന് നന്ദിയറിയിച്ചു. ജീവന്‍രക്ഷാ മരുന്നുമായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നിര്‍ത്താതെ തലങ്ങും വിലങ്ങും ഓടുകയാണ് പൊലീസ് വാഹനങ്ങള്‍.
English Summary: The Kerala Police brought medicine to a six month old infant