പുരുഷന്റെ കൈകളുമായി ജീവിക്കുന്ന 18കാരി; അറിയണം ശ്രേയയുടെ ജീവിതം
Mail This Article
ഒരു പുരുഷന്റ ഇരു കൈകളുമായി ജീവിക്കുന്ന പെൺകുട്ടി. അതാണ് ശ്രേയ സിദ്ധനാ ഗൗഡർ. മുട്ടിനു മേൽപ്പോട്ട് ഒരു 18 കാരി പെൺകുട്ടിയുടെ മൃദുവായ കയ്യും മുട്ടിനു കീഴ്പ്പോട്ട് 21 വയസുള്ള ഒരു യുവാവിന്റെ ദൃഢമായ, നിറയെ രോമങ്ങളുള്ള, കയ്യുമായി ജീവിതത്തിലേക്ക് വീണ്ടും ചിറകുവച്ചു പറന്നു തുടങ്ങുകയാണ് ശ്രേയ. ശ്രേയയെക്കുറിച്ച് ബിഗ് എംജെ സുമി സമൂഹമാധ്യമത്തിൽ കുറിച്ചത് വായിക്കാം.
'പ്രിയപ്പെട്ടവരെ ,
ഇത് ശ്രേയ സിദ്ധനാ ഗൗഡർ. പുണെ ആണ് സ്വദേശം. ഒരു ചിത്രശലഭത്തെ പോലെ പാറി പറന്നു നടക്കുമ്പോൾ 18 ാമത്തെ വയസ്സിൽ ഒരപകടത്തിൽ രണ്ട് കൈകളും നഷ്ടപ്പെട്ടു. ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇതുപോലെ മറ്റൊരു അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഒരു യുവാവിന്റെ കൈകൾ അവൾക്ക് ദാനമായികിട്ടി. പതിമൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാരുടെ ഒരു സംഘം ആ കൈകൾ അവൾക്ക് പിടിപ്പിച്ചത്. മുട്ടിനു മേൽപ്പോട്ട് ഒരു 18 കാരി പെൺകുട്ടിയുടെ മൃദുവായ കയ്യും മുട്ടിനു കീഴ്പ്പോട്ട് 21 വയസ്സുള്ള ഒരു യുവാവിന്റെ ദൃഢമായ, നിറയെ രോമങ്ങളുള്ള കയ്യുമായി അവൾ ജീവിതത്തിലേക്ക് വീണ്ടും ചിറകുവച്ചു പറന്നു തുടങ്ങി.
ഏഷ്യയിൽതന്നെ ആദ്യമാണ് ഇങ്ങനെ ഒരു സർജറി. ഒരു പുരുഷന്റെ രണ്ട് കൈകളും ഒരു സ്ത്രീക്ക് വച്ചു പിടിപ്പിക്കുന്നത്. ഇത് സാധ്യമാക്കിയത് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു.
2019–ൽ ഫെയ്സ്ബുക്കിൽ അവൾ ഇങ്ങനെ കുറിച്ചു
"I am the first female in the world to have male hands”
മാസങ്ങൾ കടന്നു പോയി. അവളുടെ മനസ്സും ശരീരവും ശരീരത്തിലെ ആ പുതിയ കൂട്ടിനെ സ്വീകരിക്കാൻ തുടങ്ങി. ഞരമ്പുകൾ മുട്ടിനു താഴോട്ട് സിഗ്നലുകൾ കടത്തി വിട്ടു. ക്രമേണ ആ കൂട്ട് അവളുടെ ശരീരത്തിൽ അലിഞ്ഞു ചേർന്നു. മുൻപ് അവൾക്ക് കൈകൾ കൊണ്ട് എന്തെല്ലാം ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാൻ സാധിച്ചു തുടങ്ങി.
ഏറ്റവും വലിയ അദ്‌ഭുതം എന്താണെന്നറിയുമോ? ഇന്ന് ആ പുരുഷന്റെ ദൃഢമായ കൈകൾക്കു പകരം അവിടെ ഒരു സ്ത്രീയുടെ മെലിഞ്ഞു വെളുത്ത മിനുസമുള്ള കൈകളാണ് ഉള്ളത്. അത്രമേൽ ദാനം കിട്ടിയ ആ കൈകൾ ആ പെൺകുട്ടിയുമായി ഇഴുകിച്ചേർന്നിരിക്കുന്നു. ഈ പ്രതിഭാസത്തിന് ശാസ്ത്രത്തിന്റെ ഭാഷയിൽ ഒരുപാടു കാരണങ്ങൾ ഉണ്ടാവും. പക്ഷേ ഞാൻ ഈ അദ്‌ഭുതത്തെ ഇങ്ങനെ വിളിക്കുന്നു..."ദൈവത്തിന്റെ കരങ്ങൾ. "