സർവിക്കൽ കാൻസർ; ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുതേ...
Mail This Article
സ്ത്രീകളിൽ കൂടുതലായി കാണുന്ന കാൻസറുകളിൽ ഒന്നാണ് സർവിക്കൽ കാൻസർ. ഗർഭപാത്രത്തെ യോനീഭാഗവുമായി യോജിപ്പിക്കുന്ന ഭാഗത്തെയാണ് സെർവിക്‌സ് എന്ന് പറയുന്നത്. ഇവിടെ വരുന്ന കാൻസറാണ് സർവിക്കൽ കാൻസർ. പൊതുവെ 35 - 69 വയസ്സ് അതായത് മധ്യവയസ്സ് പിന്നിട്ട സ്ത്രീകളിലാണ് ഈ കാൻസർ കൂടുതലായി കാണുന്നത്. നേരത്തെയുള്ള രോഗ നിർണയ ടെസ്റ്റുകൾ വഴി രോഗം നേരത്തെ കണ്ടെത്തി തടയാൻ പറ്റും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പ്രാരംഭ ഘട്ടത്തിൽ പ്രത്യകിച്ചും ഒരു ലക്ഷണങ്ങളും ഈ കാൻസർ ഉണ്ടാക്കാറില്ല എന്നിരുന്നാൽ പോലും അമിതമായ വെള്ളപോക്ക്, കട്ടിയായി വരുന്ന തിക്ക് വജൈനൽ ഡിസ്ചാർജ്, ദുർഗന്ധത്തോടെയോ അഥവാ രക്തംകലർന്ന പോലെയോ ഉള്ള രക്തസ്രവം, കൂടെക്കൂടെ വരുന്ന മൂത്രത്തിൽ പഴുപ്പ് ഇതെല്ലം ഇതിന്റെ ചെറിയ സൂചനകളാണ്.
ഇതിന്റെ പ്രധാന ലക്ഷണം വജൈനൽ ബ്ലീഡിങ് ആണ്. ബ്ലീഡിങ് പലതരത്തിൽ ആവാം. ആർത്തവ ദിനങ്ങൾക്കിടയിൽ ബ്ലീഡിങ് വരുക അല്ലെങ്കിൽ ദിനങ്ങൾ തെറ്റി ബ്ലീഡിങ് വരുക. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ബ്ലീഡിങ് ഉണ്ടാവുക. ആർത്തവ വിരാമം എത്തിയ സ്ത്രീകളിൽ പിന്നീട് പിന്നെയും ബ്ലീഡിങ് ഉണ്ടാവുക എന്നിവയൊക്കെ ഇതിന്റെ പ്രധാന സൂചനകളാണ്. സർവിക്കൽ കാൻസർ കൂടുതൽ അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിക്കഴിയുമ്പോൾ അമിതമായി ക്ഷീണം ഉണ്ടാവുക, സന്ധി വേദന, പുറം വേദന, ഭാരക്കുറവ് ഇതെല്ലം തന്നെ ഉണ്ടാവുന്നതാണ്.
98 ശതമാനം സർവിക്കൽ കാൻസറിന്റെയും പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമാ വൈറസ് അഥവാ HPV വൈറസിന്റെ ഇൻഫെക്‌ഷൻ ആണ്. ലൈംഗിക ബന്ധത്തിലൂടെയാണ് ഈ വൈറസ് ശരീരത്തിനുള്ളിൽ കയറുന്നത്. സർവിക്കൽ കാൻസറിനു പുറമെ മലദ്വാര കാൻസർ, വായ തൊണ്ട, പുരുഷ ലിംഗ കാൻസർ എന്നിവയ്ക്കൊക്കെ കാരണം ഈ വൈറസാണ്. ലൈംഗിക ബന്ധത്തിലൂടെയാണ് ഈ വൈറസ് നമ്മുടെ ശരീരത്തിനുള്ളിൽ കയറുന്നത് എന്നാൽ പോലും ഈ ഇൻഫെക്‌ഷൻ കൂടുതൽ നീണ്ടു നിന്ന് സർവിക്കൽ കാൻസറായി മാറാൻ ചില റിസ്ക് ഫാക്ടേഴ്സ് ഉണ്ട്. വളരെ ചെറു പ്രായത്തിൽ തന്നെ കല്യാണം കഴിക്കുക, അടുത്തടുത്തു ഉണ്ടാകുന്ന പ്രസവങ്ങൾ, ആർത്തവ സമയത്തെ ശുചിത്വമില്ലായ്മ, ഒന്നിലധികം പേരുമായിട്ടുള്ള ലൈംഗിക ബന്ധങ്ങൾ അഥവാ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ശരീരപ്രതിരോധശേഷി കുറഞ്ഞവർ, ലൈംഗിക അസുഖം ഉള്ളവർ എന്നിവരിലാണ് ഈ HPV വൈറസിന്റെ ഇൻഫെക്‌ഷൻ നീണ്ടു നിൽക്കുകയും ക്രമേണ സർവിക്കൽ കാൻസറായി മാറുകയും ചെയ്യുന്നത്.
HPV വൈറസ് ശരീരത്തിനുള്ളിൽ കയറിയാലുടനെതന്നെ അത് കാൻസർ ആയി മാറാറില്ല. ലൈംഗിക ബന്ധത്തിലൂടെ കയറുന്ന ഈ HPV വൈറസ് ഒരു വ്യക്തിയുടെ പ്രതിരോധ ശക്തിയുടെ ബലത്തിൽ ആ ഇൻഫെക്‌ഷൻ മാറും. 10 - 30 % ആളുകളിൽ ഈ വൈറസിന്റെ ഇൻഫെക്‌ഷൻ വിട്ടു മാറാതെ ഒരു അണുബാധ ആയിതന്നെ നില കൊള്ളുന്നു. ഈ ഇൻഫെക്‌ഷൻ ഗർഭാശയ മുഖത്തിന്റെ കോശങ്ങളിൽ ഒരു ജനിതക മാറ്റം വരുത്തി പതിയെ സർവിക്കൽ കാൻസർ ആയി രൂപാന്തരപ്പെടുന്നു. ഗർഭാശയ മുഖത്തെ കോശങ്ങളിൽ ഉണ്ടാകുന്ന ഈ മാറ്റം പത്തു മുപ്പത് വർഷങ്ങൾ കൊണ്ടാണ് സർവിക്കൽ കാൻസർ ആയി മാറുന്നത്. അതായത് ഈ നീണ്ട കാലയളവിലുള്ള സമയത്ത് നമുക്ക് ഒരു സ്ക്രീനിങ് ടെസ്റ്റ് വഴി ഈ HPV വൈറസ് ഉണ്ടാക്കുന്ന മാറ്റങ്ങൾ കണ്ടെത്തുകയും സർവിക്കൽ കാൻസർ ഉണ്ടാകുന്നത് തടയുകയും ചെയ്യാം. ആ ടെസ്റ്റിന്റെ പേരാണ് പാപ് സ്മിയർ ടെസ്റ്റ്.
പാപ് സ്മിയർ ടെസ്റ്റ്
പാപ് സ്മിയർ ടെസ്റ്റ് ഒരു സിംപിൾ സർവിക്കൽ കാൻസർ സ്ക്രീനിങ് ടെസ്റ്റ് ആണ്. സെർവിക്സിന്റെ ഭാഗത്തെ കോശങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നേരത്തെതന്നെ തിരിച്ചറിഞ്ഞു സർവിക്കൽ കാൻസർ തടയാൻ നമ്മളെ സഹായിക്കുന്ന ഒരു പരിശോധനയാണിത്. ഒരു സോഫ്റ്റ് ബ്രഷോ സ്പാറ്റുലയോ ഉപയോഗിച്ച് ഗർഭാശയമുഖത്തും ഉള്ളിലും നിന്നുള്ള കോശങ്ങളെ എടുത്തു മൈക്രോസ്കോപ്പിൽ കൂടെ സൂക്ഷ്മ നിരീക്ഷണം ചെയ്തു നോക്കി സെർവിക്സ് ഭാഗത്തുണ്ടാകുന്ന വ്യതിയാനങ്ങളെ പരിശോധിക്കുകയാണ് ചെയ്യുന്നത്. സെർവിക്സിന്റെ ഭാഗത്ത് എന്തെങ്കിലും അണുബാധ ഉണ്ടോ, കാൻസർ ഉണ്ടോ, കാൻസർ വരാനുള്ള changes എന്തെങ്കിലും ഉണ്ടോ എന്നൊക്കെ നമുക്ക് ഈ പാപ് സ്മിയർ ടെസ്റ്റിലൂടെ അറിയാവുന്നതാണ്.
21 വയസ്സ് മുതലുള്ള വിവാഹിതരായ സ്ത്രീകൾ മൂന്നു വർഷത്തിലൊരിക്കൽ ഈ ടെസ്റ്റ് നിർബന്ധമായും ചെയ്യേണ്ടതാണ്. കൃത്യമായി ചെയ്താൽ സെർവിക്കൽ കാൻസറിന്റെ സാധ്യതയും അതിന്റെ മരണ നിരക്കും ഗണ്യമായി തന്നെ ഈ ടെസ്റ്റ് കൊണ്ട് നമുക്ക് കുറയ്ക്കാൻ സാധിക്കും. ഇത് കൂടതെ HPV വൈറസിന്റെ HPV DNA ടെസ്റ്റും ഇന്ന് ലഭ്യമാണ്. പാപ് സ്മിയർ ടെസ്റ്റും HPV DNA ടെസ്റ്റും, രണ്ടും കൂടി ചെയ്യുമ്പോൾ അതിനെ കോ -ടെസ്റ്റിങ് എന്ന് പറയും. കോ -ടെസ്റ്റിങ് ആണ് ചെയ്യുന്നതെങ്കിൽ ഒരു വ്യക്തി അത് അഞ്ചു വർഷത്തിനുള്ളിൽ ചെയ്താൽ മതി. പാപ് സ്മിയർ ടെസ്റ്റും HPV DNA ടെസ്റ്റുകളും ഉപയോഗിച്ച് നമുക്ക് സർവിക്കൽ കാൻസറിന്റെ നിരക്ക് 80 % വരെ തടയാം.
പ്രതിരോധം തന്നെയാണ് പ്രതിവിധി
സർവിക്കൽ കാൻസറിന്റെ പ്രത്യേകത, ഇന്ന് ഈ HPV വൈറസിന് എതിരെയായി വാക്‌സീനേഷൻ ലഭ്യമാണ് എന്നതാണ്. അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നിവയ്ക്കെതിരെ നമ്മൾ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതു പോലെതന്നെ സർവിക്കൽ കാൻസറിനെതിരെയും ഇന്ന് കുത്തിവയ്‌പ്പുകൾ ഉണ്ട്. 9 -12 വയസ്സുവരെ ഉള്ള കുട്ടികളിലാണ് ഇത് നിർദേശിച്ചിട്ടുള്ളതെങ്കിലും 26 വയസ്സുവരെ ഉള്ളവർക്ക് ഇതെടുക്കാം. 15 വയസ്സിനു താഴെയുള്ളവർക്ക് രണ്ടു ഡോസും. 15 വയസ്സിനു മുകളിലുള്ളവർക്ക് മൂന്ന് ഡോസുമാണ് നിർദേശിച്ചിട്ടുള്ളത്. അടുത്തിടെയായി 45 വയസ്സ് വരെയുള്ളവർക്ക് ഈ വാക്‌സിൻ എടുക്കാം എന്നുള്ളത് രംഗത്ത് വന്നിട്ടുണ്ടെകിലും ഒരു വ്യക്തി ലൈംഗിക ബന്ധത്തിന് ഏർപ്പെടുന്നതിന് മുൻപായിട്ടു വാക്‌സിനേഷൻ എടുക്കുമ്പോഴാണ് ഈ വാക്‌സിന്റെ സമ്പൂർണ എഫ്ഫക്റ്റ് വരുന്നത്. ഈ വാക്‌സിൻ എടുക്കുന്നതിന്റെ വേറൊരു പ്രത്യേകത എന്തെന്ന് വച്ചാൽ HPVവൈറസുകൊണ്ടുണ്ടാകുന്ന മറ്റു കാൻസറുകളിൽ നിന്ന് ഈ വാക്‌സിന് നമ്മളെ പ്രൊട്ടക്ട് ചെയ്യാൻ പറ്റും എന്നതാണ്. കാര്യമായ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത ഈ വാക്‌സീൻ ഇന്ന് ലോകാരോഗ്യ സംഘടന പോലും നിർദേശിച്ചിട്ടുള്ളതാണ്.
90 -95 % സംരക്ഷണ ബലമുള്ള ഈ HPV വാക്‌സിൻ എടുത്താൽ നമ്മുടെ വരും തലമുറയെ നമുക്ക് സർവിക്കൽ കാൻസറിൽ നിന്നു തടയാൻ പറ്റും. പാപ് സ്മിയർ ടെസ്റ്റും HPV വാക്‌സിനേഷനും ഇന്ന് വികസിത രാജ്യങ്ങളിൽ ഒത്തിരി പ്രാധാന്യം നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അവിടെ സർവിക്കൽ കാൻസറിന്റെ നിരക്ക് ഒത്തിരി കുറഞ്ഞിട്ടുണ്ട് . എന്നാൽ നമ്മുടെ രാജ്യത്ത് ഇപ്പോഴും ഗർഭാശയ കാൻസർ കൂടുതലായി തന്നെ സ്ത്രീകളിൽ നില നിൽക്കുന്നു. പാപ് സ്മിയർ ടെസ്റ്റ് ചെയ്തു നേരത്തെ രോഗത്തെ കണ്ടെത്തുവാനും HPV വാക്‌സിനേഷൻ ഉപയോഗിച്ച് കുട്ടികളിൽ ഈ രോഗം തടയാനും സാധിക്കും.
(കോട്ടയം കാരിത്താസ്‍ ആശുപത്രിയിലെ കൺസൽറ്റൻറ് റേഡിയേഷൻ ഓങ്കോളജിസ്റ്റാണ് ലേഖിക)