വെരിക്കോസ് വെയ്ൻ ചികിത്സിച്ചു മാറ്റാം
Mail This Article
പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണു വെരിക്കോസ് വെയ്ൻ. ഞരമ്പുകൾ തടിക്കുന്നതെല്ലാം വെരിക്കോസാണോ, പേടിക്കേണ്ടതുണ്ടോ എന്നിങ്ങനെ ഈ രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ഒട്ടേറെ. കാലുകളിൽ തൊലിക്കടിയിൽ കാണുന്ന തടിച്ചു ചുരുണ്ടു കിടക്കുന്ന അശുദ്ധരക്തധമനികളാണു വെരിക്കോസ് വെയ്ൻ. തടിച്ച രക്തധമനികളിൽ, നമ്മൾ എഴുന്നേറ്റു നിൽക്കുമ്പോൾ രക്തം കെട്ടിക്കിടക്കുകയും അതിന്റെ മർദം കാലിലെ മറ്റു കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇതു തുടർന്നാൽ കാലിലെ തൊലിയുടെയും മറ്റും ആരോഗ്യം നശിക്കുകയും കാലക്രമേണ കരിയാത്ത വ്രണങ്ങൾ ഉണ്ടാകുകയും ചെയ്യും.
കൃത്യമായ ചികിത്സയിലൂടെ ഇതു പരിഹരിക്കാമെന്നു പറയുന്നു, കോട്ടയം വടവാതൂർ ജെ.കെ.മെഡികെയർ ആൻഡ് ഡയബറ്റിസ് സെന്റർ ആശുപത്രിയിലെ സർജൻ ദീപു ജോർജ്.
എന്താണു വെരിക്കോസ് വെയിനിനു കാരണം?
വെയിനുകളിൽ രക്തത്തിന്റെ ഒഴുക്കിനെ സഹായിക്കാനായി ചെറിയ വാൽവുകൾ ഉണ്ട്. അതിന്റെ പ്രവർത്തനം നിലച്ചാൽ രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുകയും രക്തം കെട്ടിക്കിടക്കുകയും വെയിനുകൾ തടിക്കുകയും ചെയ്യും. ചിലരിൽ രക്തക്കുഴലുകളുടെ ഭിത്തിയുടെ ശക്തിക്കുറവുകാരണവും വെയിനുകൾ തടിക്കാം.
വെരിക്കോസ് വെയ്ൻ മൂലം എന്തൊക്കെ പ്രയാസം ഉണ്ടാകാം?
കുറച്ചു നേരം നിന്നു കഴിയുമ്പോൾ കാൽ കഴപ്പും വേദനയും അനുഭവപ്പെടാം. പിന്നീട് കാലുകളിൽ നീരു വരാം. കാലു പൊക്കി വയ്ക്കുമ്പോൾ അത് അപ്രത്യക്ഷമാകുകയും ചെയ്യും. കാലക്രമേണ ഈ നീരു കൂടിവരികയും കാലു പൊക്കിവച്ചാലും മാറാത്ത അവസ്ഥയുണ്ടാകുകയു ംചെയ്യാം.
എന്തുകൊണ്ടാണു വ്രണം ഉണ്ടാകുന്നത്?
രക്തത്തിന്റെ മർദം കൂടുന്നതു കാലിലെ മറ്റു കോശങ്ങളെ ബാധിക്കുമെന്നു പറഞ്ഞല്ലോ. അത് ഏറ്റവും ബാധിക്കുക തൊലിയെയാണ്. വെരിക്കോസ് വെയ്ൻ ഉള്ളവരുടെ കാലിന്റെ താഴ്ഭാഗത്തെ തൊലി ക്രമേണ കറുത്തു വരും. ഇതു ത്വക്ക് മോശമായി തുടങ്ങിയെന്നതിന്റെ സൂചനയാണ്. ഈ തൊലി കൂടുതൽ വരണ്ടും രോമങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലും കാണാം. സ്ഥിതി വീണ്ടും മോശമാകുന്നതനുസരിച്ചു വ്രണം ഉണ്ടാകുകയും കരിയാതാകുകയും ചെയയും.
എപ്പോൾ ചികിത്സ തേടണം?
പലരും ചികിത്സ തുടങ്ങുന്നതു ത്വക്കും മറ്റും മോശമായി വ്രണങ്ങൾ ആയിത്തുടങ്ങിയ ശേഷമാണ്. എന്നാൽ, ഇത്തരം സങ്കീർണതകളിലേക്കു കടക്കാൻ കാത്തു നിൽക്കരുത്. അതിനു മുൻപു തന്നെ ചികിത്സ ആരംഭിക്കണം.
എന്തു പരിശോധനയാണു നടത്തേണ്ടത്?
വെരിക്കോസ് വെയ്ൻ ബാധിച്ചതായി സംശയമുണ്ടെങ്കിൽ ശസ്ത്രക്രിയാ വിദഗ്ധനെ സമീപിക്കണം. പരിശോധനയ്ക്കു ശേഷം രോഗമുണ്ടെങ്കിൽ ഡോപ്ലർ സ്കാനിങ്ങിനു നിർദേശിക്കും. അതിനു ശേഷമാകും ചികിത്സാരീതി തീരുമാനിക്കുക.
എന്തൊക്കെയാണു ചികിത്സകൾ?
ഗുളികകളും വെരിക്കോസ് വെയിൻ കംപ്രസ് ചെയ്യാനുള്ള സോക്സുകളുമെല്ലാം ആദ്യഘട്ടത്തിൽ നിർദേശിച്ചേക്കാം. ശസ്ത്രക്രിയയും മറ്റു ചികിത്സകളും കുറച്ചുകാലം കൂടി നീട്ടാൻ ഇവ സഹായിക്കുമെന്നല്ലാതെ ചികിത്സയിലെ അവസാനവാക്കല്ല.
ചികിത്സകളിൽ പ്രധാനം 1) ശസ്ത്രക്രിയ 2) സ്ക്ലീറോതെറപ്പി 3) ലേസർ അല്ലെങ്കിൽ ആർഎഫ്എ എന്നിവയാണ്.
ഇവയിൽ ഏതാണു കൂടുതൽ മെച്ചം?
എല്ലാ ചികിത്സകളുടെയും ലക്ഷ്യം തടിച്ച വെയ്നുകളെ ഒഴിവാക്കുകയെന്നതാണ്. ശസ്ത്രക്രിയയിൽ തുടയുടെ ഭാഗത്തു മുറിവുണ്ടാക്കിയ ശേഷം തടിച്ച വെയ്നുകളെ എടുത്തുകളയുകയാണു ചെയ്യുക. സ്ക്ലീറോതെറപ്പി കൂടുതൽ ചെറിയ വെയ്നുകൾക്കാണ് അഭികാമ്യം. ശസ്ത്രക്രിയ ഇല്ലാതെയുള്ള ചികിത്സയാണു ലേസർ ചികിത്സ. വാൽവുകളുടെ തകരാർ അധികമാണെങ്കിൽ ചെറിയ തോതിൽ ശസ്ത്രക്രിയയും വേണ്ടിവരാം.
വെയ്നുകൾ എടുത്തുകളയുകയോ കരിച്ചുകളയുകയോ ചെയ്താൽ പിന്നെയെങ്ങനെയാണ് രക്തം ഒഴുകുക?
പുറത്തുള്ള വെയ്നുകൾ കൂടാതെ അകത്ത് ഒരു പ്രധാന വെയ്ൻ ഉണ്ട്. പുറത്തുള്ളവ പോയാലും ഉൾഭാഗത്തെ വെയ്നിന്റെ പ്രവർത്തനം നന്നായി നടക്കുന്നുണ്ടെങ്കിൽ പുറത്തെ വെയിനിന്റെ ജോലി കൂടി അതു ചെയ്തുകൊള്ളും.
ഓപ്പറേഷനു ശേഷം എന്താണു ശ്രദ്ധിക്കേണ്ടത്?
ശസ്ത്രക്രിയയാണെങ്കിൽ മുറിവു കരിയും വരെ വിശ്രമിക്കുന്നതാണു നല്ലത്. ശസ്ത്രക്രിയയ്ക്കും ലേസറിനും ശേഷം കാലിൽ നീരുവരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തുടവരെയുള്ള സോക്സുകൾ 3 മുതൽ 6 മാസം വരെ തുടർച്ചയായി ധരിക്കാം
English Summary : Varicose vein treatment