ADVERTISEMENT

റിട്ടയേർഡ് അധ്യാപകനായ വാസു മാഷ് ഈയിടെയായി ചെറിയ പിണക്കത്തിലാണ്. പൊതുവെ ശാന്തശീലനും നാട്ടുകാരുടെയെല്ലാം വാസുവേട്ടനുമായ ഇദ്ദേഹത്തിനിതെന്തു പറ്റി ? വർഷങ്ങളായി അലട്ടുന്ന ശ്വാസം മുട്ടലും ചുമയുമൊക്കെ ഈ  കോവിഡ്  കാലത്ത് കാര്യമായി ശല്യം ചെയ്യുന്നുമില്ല. കാര്യം വിശദമായി അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. രാമൻ നമ്പ്യാരുടെ ചായ പീടികയിൽ പോയി ഒരു ചൂടു ചായയും കുടിച്ച് സഹപാഠികളായിരുന്ന അന്ത്രുക്കയോടും, ചാണ്ടിക്കുഞ്ഞിനോടും ശിഷ്യഗണങ്ങളോടുമൊക്ക നാട്ടുകാര്യങ്ങളും, വീട്ടുവിശേഷങ്ങളുമൊക്ക ചർച്ച ചെയ്‍തിട്ട് നാളെത്രയായി. അതിനൊക്ക  ഇനി എത്ര നാളെടുക്കും? ഈ  തിരഞ്ഞെടുപ്പു കാലത്തും ഒരു കൂട്ടായ്‌മയും നടക്കുന്നില്ല. ഏതു ഗാന്ധിയനും പരിഭവത്തിനു വേറെ കാരണം വേണ്ടല്ലോ.

ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ ഏറെയാണ്. നാട്ടിലും വീട്ടിലും ഊർജ്ജ്വസ്വലരായിരുന്ന നമ്മുടെ മുതിർന്ന പൗരന്മാരൊക്കെ ഈ കാലഘട്ടത്തിൽ വീട്ടിനുള്ളിൽതന്നെ കഴിയാൻ നിർബന്ധിതരായിരിക്കയാണ്. പ്രത്യേകിച്ചും വാസുമാഷിനെപ്പോലെ ദീർഘകാല ശ്വസനതടസ്സ രോഗങ്ങൾ (COPD -Chronic Obstructive Pulmonary Diseases) ഉള്ളവർ. മിക്കപ്പോഴും വീട്ടിനുള്ളിൽ തന്നെ കഴിയുന്നതു കൊണ്ടും പൊടിപടലങ്ങളും മറ്റും അമിതമായി ശ്വസിക്കാത്തതു കൊണ്ടും സിഒപിഡി അടക്കമുള്ള ശ്വാസകോശ രോഗങ്ങൾ പൊതുവെ കുറവായാണ് കണ്ടുവരുന്നത്. എന്നാൽ ഇങ്ങനെ കുറഞ്ഞു നിൽക്കുന്ന സാഹചര്യം ഉള്ളത് കൊണ്ടുമാത്രം ദൈനംദിനചര്യകൾ പഴയപടിയാക്കാറായോ? തീർച്ചയായും അതിനൊന്നും സമയമായിട്ടില്ല എന്ന് മാത്രമല്ല, അതെല്ലാം ഇപ്പോൾ നിയന്ത്രണ വിധേയമായി നിൽക്കുന്ന ശ്വാസതടസ്സ രോഗങ്ങൾ അധികരിക്കാനും കൂടുതൽ സങ്കീർണതകളിലെത്തിക്കാനും ആശുപത്രിവാസമടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമായേക്കാം എന്നതാണ് വസ്‌തുത. 

നവംബർ 18 ലോക സിഒപിഡി ദിനമാണ്. ഈ കോവിഡ് കാലത്ത് സിഒപിഡി യെക്കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്. രോഗികൾ മാത്രമല്ല; പൊതു സമൂഹവും. സിഒപിഡി ബാധിതനായ വാസുമാഷിനെപ്പോലെ  പൊതുകാര്യപ്രസക്തനായ ഒരാൾ ഈ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ ബോധവാനായി കൂട്ടുകാർക്കും, നാട്ടുകാർക്കും, തന്റെ ശിഷ്യഗണങ്ങൾക്കും രോഗപ്രതിരോധ മാർഗങ്ങൾ പറഞ്ഞു കൊടുക്കണം. അത് ചായപ്പീടികയിൽ വെച്ചാവരുത്. മറിച്ച്  ഇന്ന് നമുക്ക് വളരെ എളുപ്പം ലഭ്യമായ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച്  വളരെ നല്ല രീതിയിൽ ഫലപ്രദമായി  ആരോഗ്യ സന്ദേശം പ്രചരിപ്പിക്കാൻ കഴിയും. ഇത് വഴി ഒറ്റപ്പെടലിന്റെ മാനസിക സമ്മർദം മറികടക്കാനും കഴിയും. 

ദീർഘകാല ശ്വാസതടസ്സ രോഗ ദിനം 2020 (World COPD Day 2020 ) എന്താണ് സി. ഒ. പി. ഡി ?

സർവസാധാരണമായി കാണപ്പെടുന്ന ശ്വാസകോശരോഗമാണ് സിഒപിഡി അഥവാ ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ. ഏകദേശം 600 ദശലക്ഷത്തിലധികം ആളുകൾ ക്രോണിക് ബ്രോങ്കൈറ്റിസ് (Chronic Bronchitis), എംഫിസീമ (Emphysema) തുടങ്ങിയ രോഗങ്ങളാൽ കഷ്ടപ്പെടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അമ്പതു വയസ്സിനുമേൽ പ്രായമുള്ള പത്തുശതമാനത്തോളം പേര് ഇത്തരം രോഗികളാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു. മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നതും ഈ  രോഗങ്ങളാണ്. ഇന്ത്യയിലാകട്ടെ ഇത് മരണകരണങ്ങളിൽ രണ്ടാമതു നിൽക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾക്കു തൊട്ടു പിന്നാലെ.

സിഒപിഡിയുടെ മുഖ്യകാരണങ്ങളിൽ ഒന്നാണ് പുകവലി. ഈ രോഗബാധിതർ ഭൂരിഭാഗവും പുകവലിക്കുന്നവരോ അത് ഉപേക്ഷിച്ചവരോ ആണ്. മറ്റുള്ളവർ വലിച്ചു വിടുന്ന പുക നിരന്തരം ശ്വസിക്കുന്നവർക്കും രോഗം ബാധിക്കാം. ശ്വാസകോശങ്ങൾക്ക് തകരാറുണ്ടാക്കുന്ന വസ്‌തുക്കൾ നിരന്തരമായി ശ്വസിക്കുന്നവർക്കും രോഗബാധയുണ്ടാകാം. വായു സഞ്ചാരം കുറഞ്ഞ ഇടുങ്ങിയ അടുക്കുകളിലെ പുകയും ഇതിന് കാരണമാകാം. നമ്മുടെ നാട്ടിൽ സ്ത്രീകൾ  സിഒപിഡി ബാധിതരാവുന്നതിന്റെ മുഖ്യ കാരണമിതാണ്. പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്യുന്നവരിലും സിഒപിഡി കണ്ടു വരാറുണ്ട്. ഇത് കൂടാതെ ജനിതക കാരണങ്ങൾ, അലർജി തുടങ്ങിയ നിരവധി ഘടകങ്ങൾ രോഗാവസ്ഥയ്ക്ക് അപ്രധാനമല്ലാത്ത പങ്കു വഹിക്കുന്നു. ഇന്ത്യയിൽ ഇത്തരം ശ്വാസകോശരോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നു മാത്രമല്ല പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് രോഗം പത്തു വർഷം  നേരത്തേ (40 വയസ്സ് മുതൽ) പിടിപെടുന്നതായും കണ്ടു വരുന്നു. ശ്വാസകോശങ്ങളുടെ വലുപ്പക്കുറവ്, പോഷകാഹാരക്കുറവ്, ക്ഷയരോഗികളുടെ ബാഹുല്യം തുടങ്ങിയവ ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണെങ്കിലും ദീർഘകാല ശ്വാസതടസ്സരോഗങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം അടുത്ത കാലം വരെ ലഭിച്ചിരുന്നില്ല. രോഗി സ്വയം വരുത്തിവച്ച (പുകവലി) അസുഖങ്ങളാണെന്ന ചിന്താഗതി, പ്രായമുള്ളവരിലാണ് അസുഖം സാധാരണ കാണപ്പെടുന്നത് എന്ന വസ്‌തുത, ചികിത്സിച്ചാൽ  തന്നെ പരിപൂർണ ശമനം കിട്ടാൻ സാധ്യതയില്ല തുടങ്ങിയ ഘടകങ്ങൾ ഈ അവഗണനയ്ക്ക് കരണമായിത്തീർന്നിട്ടുണ്ട്. 

ആരംഭദശയിൽ തന്നെ രോഗം കണ്ടെത്താനും ശരിയായ ചികിത്സ നൽകാനും കഴിഞ്ഞാൽ രോഗികൾക്ക് വളരെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഇന്ന് സാധ്യമാണ്. ഈ സാഹചര്യത്തിലാണ് 'ശ്വാസ  തടസ്സ രോഗങ്ങൾ (സിഒപിഡി) ഉള്ളവർക്കും സുഖമായി ജീവിക്കാം : എപ്പോഴും  എല്ലായിടത്തും.' (Living  Well  With COPD:Everybody Everywhere) എന്ന സന്ദേശവുമായി  നവംബർ 18  ന്  ഈ  വർഷത്തെ ദീർഘകാല ശ്വാസതടസ്സ രോഗ ദിനാചരണം (World COPD Day) നടക്കുന്നത്.

രോഗനിർണയം, ചികിത്സ, പ്രതിരോധം:

നാൽപത് വയസ്സിൽ കൂടുതലുള്ള പുകവലിക്കാരിലാണ് ഇത് കൂടുതലും കാണുന്നത്. തുടർച്ചയായുള്ള ചുമ, കിതപ്പ്, കഫക്കെട്ട്, വലിവ് തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. രോഗം മൂർച്ഛിക്കുമ്പോൾ രോഗി തീരെ നടക്കാൻ വയ്യാത്ത അവസ്ഥയിലാവുന്നു.

സിഒപിഡി രോഗ നിർണയം മിക്കപ്പോഴും വൈകിയാണ് നടക്കാറ്. ആദ്യ ലക്ഷണങ്ങളെ അവഗണിക്കുന്നതോ, തെറ്റിദ്ധരിക്കുന്നതോ ആണിതിനു പ്രധാന കാരണം. ശ്വാസകോശത്തിന്റെ സങ്കോച വികാസ ശക്തി കണ്ടുപിടിക്കുന്ന സ്‌പൈറോമീറ്റർ വഴി രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനാകും. കംപ്യൂട്ടർ സഹായത്തോടെയുള്ള ഈ പരിശോധന രോഗത്തിന്റെ കാഠിന്യം നിർണയിക്കാനും സഹായിക്കും.

ചികിത്സ

ചികിത്സ ഫലിക്കുമെന്നുള്ള ആത്മവിശ്വാസമാണ് ആദ്യം വേണ്ടത്. ഫലപ്രദമായ ആധുനിക ചികിത്സ കൊണ്ട് ആശ്വാസം ലഭിക്കും. ശരിയായ ചികിത്സയിലൂടെ ശ്വാസോച്ഛ്വാസം ആയാസരഹിതമാകുന്നു. ചുമ കുറയുന്നു. രോഗിയുടെ പ്രവർത്തനക്ഷമത വർധിക്കുന്നു. ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാനുള്ള ആത്മവിശ്വാസം വർധിക്കുകയും ചെയ്യുന്നു. 

ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ വഴിയാണ് പുകവലി നിർത്തൽ. പുകവലിക്കുന്ന രോഗികൾ പുകവലി നിർത്തുന്നത് രോഗം കഠിനമായ അവസ്ഥകളിൽ പോലും ഗുണം ചെയ്യും. സ്വന്തം ഇച്ഛാശക്തികൊണ്ട് മാത്രം പുകവലി നിർത്താൻ കഴിയുന്നില്ലെങ്കിൽ അത് നിർത്താനുള്ള ഫലപ്രദമായ പുതിയ മരുന്നുകൾ ഇന്ന് ലഭ്യമാണ്. 

ഒരിക്കൽ പുകവലി നിർത്തി വീണ്ടുമത് തുടങ്ങിയാലും പരാജയപ്പെട്ടു എന്നു നിരാശപ്പെടരുത്. പുകവലി ഉപേക്ഷിച്ച മിക്കവരും  പലതവണ ശ്രമിച്ചതിന് ശേഷമാണ് പുകവലി പൂർണമായും നിറുത്തുന്നതിൽ വിജയം നേടിയെടുത്തിട്ടുള്ളത്. 

സിഒപിഡി ചികിത്സയ്ക്ക് ഏറ്റവും ഉത്തമം ഇൻഹേലറുകളാണ്. എന്നാൽ ഇൻഹേലറുകളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നമ്മുടെ ഇടയിൽ നിലനിൽക്കുന്നു. അവ വളരെ തീവ്രതയേറിയ മരുന്നുകളാണെന്നും മറ്റു നിവർത്തിയില്ലെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും പലരും വിശ്വസിക്കുന്നു. എന്നാൽ യാഥാർഥ്യം നേരെ മറിച്ചാണ്. വളരെ ചെറിയ അളവിൽ മരുന്നുകൾ ശ്വാസകോശത്തിലേക്ക് നേരിട്ടെത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ അവയ്ക്ക് തുലോം കുറവുമാണ്. പെട്ടെന്ന് ആശ്വാസം കിട്ടുകയും ചെയ്യും.

വീട്ടിനകത്തെ വായു ശുദ്ധമായി വയ്ക്കാനും, പുക, രൂക്ഷ ഗന്ധം എന്നിവ ഒഴിവാക്കാനും ശ്രമിക്കുക. വീട്ടിനുള്ളിലെ പൊടി, പുക, പടക്കപ്പുക എന്നിവയിൽ നിന്ന് വിട്ടു നിൽക്കാനും ശ്രദ്ധിക്കുക. ജലദോഷം, പനി എന്നീ  രോഗമുള്ളവരിൽ നിന്നും വിട്ടു നിൽക്കുക. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കുറഞ്ഞ അളവിൽ പലതവണ കഴിക്കുന്ന രീതി അവലംബിക്കുക. അമിത ഭാരം കുറയ്ക്കുന്നത് ചികിത്സയ്ക്ക് ഗുണം ചെയ്യും.

രോഗികൾക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഒരു ചെറിയ വൈറൽ പനി പോലും മാരകമായ ന്യുമോണിയ ആയിത്തീരാൻ അധികസമയം വേണ്ട. ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറയാനും ഇടയാക്കും. അതുകൊണ്ട് ജലദോഷം, പനി തുടങ്ങിയ നിസ്സാര രോഗങ്ങൾ പോലും ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കേണ്ടത് പരമപ്രധാനമാണ്. 

മിതമായ രീതിയിലുള്ള വ്യായാമ മുറകൾ ചികിത്സയിൽ ഉപകാരപ്രദമാണ്. ദിവസേന 15-20 മിനിറ്റ് നടത്തം ശീലമാക്കുക. ശ്വസന വ്യായാമം ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുക. 

സമീകൃതാഹാരം, കൃത്യമായ ശ്വസന വ്യായാമങ്ങൾ, മാനസിക സമ്മർദങ്ങൾക്ക്  അടിപ്പെടാതെയുള്ള ജീവിതം എന്നിവ രോഗം നിയന്ത്രിക്കുന്നതിൽ സഹായിക്കും.  

രോഗം സങ്കീർണമായാൽ :

25-30 വയസ്സുമുതൽ ശ്വാസകോശത്തിന്റെ പ്രവത്തനക്ഷമത വർഷം  തോറും ചെറിയ അളവിൽ കുറഞ്ഞു വരുന്നത് സാധാരണമാണ്. എന്നാൽ സിഒപിഡി രോഗികളിൽ ഈ കുറവ് നാല് മടങ് വേഗത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ രോഗം സങ്കീർണാവസ്ഥയിലേക്ക്  നീങ്ങി ശ്വാസകോശത്തിന്റെ പ്രവർത്തനം മന്ദീഭവിക്കാനും (Respiratory Failure), ഹൃദയം, വൃക്ക, തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാനും സാധ്യതയേറെയാണ്. രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിച്ച് ചികിത്സിച്ചു ഈ  അവസ്ഥയിൽ എത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം. എന്നാൽ സങ്കീർണാവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ വീട്ടിൽത്തന്നെ ഓക്‌സിജൻ സ്ഥിരമായി കൊടുക്കേണ്ടി വരും. (Domicillary Oxygen Therapy). ശ്വാസ കോശത്തിൽ കൂടുതൽ കേടുപാടുകളുള്ള ഭാഗങ്ങൾ സ്‌കാനിങ്ങിലൂടെ  കണ്ടുപിടിച്ച് , അത്തരം ഭാഗങ്ങൾ ഓപ്പറേഷനിലൂടെ നീക്കം ചെയ്യുന്ന ചികിത്സാരീതിയും പ്രചാരത്തിലുണ്ട്. (Lung Volume Reduction Surgery). ശ്വാസകോശങ്ങൾ മാറ്റിവയ്ക്കുന്ന ചികിത്സയും (Lung Transplantation) ഇന്ന് വിദേശ രാജ്യങ്ങളിൽ നിലവിലുണ്ട്. എന്നാൽ ഇതിനാവശ്യമായ ശ്വാസകോശങ്ങളുടെ ലഭ്യതക്കുറവും, തുടർ ചികിത്സയുടെ ഭാരിച്ച  ചെലവുകളും മറ്റു സങ്കീർണതകളും  മൂലം ഇത്തരം ചികിത്സാ രീതികൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടില്ല.

സിഒപിഡി ശ്വാസകോശത്തിനപ്പുറം മറ്റ് പ്രധാനപ്പെട്ട അവയവങ്ങളേയും ബാധിക്കും. പേശീക്ഷയം, ശരീരഭാരം കുറയൽ, അസ്ഥികളുടെ ദൃഢത കുറയുന്ന ഓസ്റ്റിയോപോറോസിസ്, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, വിഷാദരോഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

കോവിഡും സിഒപിഡിയും 

കോവിഡ് 19 പ്രധാനമായും ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതു കൊണ്ട് കടുത്ത സിഒപിഡി ഉള്ളവർക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ ശ്വാസകോശ ക്ഷതം ഉള്ളതിനാൽ ശ്വാസകോശത്തിന് ഒരു അണുബാധയെക്കൂടെ ചെറുക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. സിഒപിഡി ഉള്ള ഒരാൾ പൊതുവായുള്ള മാർഗ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുന്നതോടൊപ്പം നിലവിൽ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും തുടരണം. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ മരുന്നുകളുടെ അളവിലും എണ്ണത്തിലും ഏറ്റക്കുറച്ചിലുകൾ വരുത്താവൂ.

കോവിഡ് കാലത്ത് സിഒപിഡി ഉള്ള വ്യക്തികൾ പ്രത്യേക മുൻകരുതലുകൾ എടുക്കുക.

∙ അത്യാവശ്യ വൈദ്യസഹായം ആവശ്യമുള്ള ഘട്ടങ്ങളിലൊഴികെ വീട്ടിൽതന്നെ തുടരുക. 

∙ പുറത്തു പോകൽ തികച്ചും ആവശ്യമെങ്കിൽ, മറ്റുള്ളവരിൽ നിന്ന് 6 അടി അകലെ നിൽക്കുക.

∙ പൊതു സഥലത്ത് പോകേണ്ടി വന്നിട്ടുണ്ടെങ്കിൽ സോപ്പും ചൂട് വെള്ളവും ഉപയോഗിച്ച് പതിവായി 20 സെക്കൻഡ് നേരം കൈ കഴുകുക. 

∙ വീട്ടിൽ നിന്നു പുറത്തു പോകുന്ന മറ്റുള്ളവരോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ, അവരുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക. 

∙ മുഖത്ത് ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക. 

∙ പുകവലി വേണ്ടേ വേണ്ട, പുകവലിക്കാരുടെ സാമീപ്യവും വേണ്ട. 

സിഒപിഡി (COPD) തടയാൻ 

∙ പുകവലി പാടെ ഉപേക്ഷിക്കുക.

∙ പുകവലിക്കാരുടെ സാമീപ്യം (Passive Smoking) ഒഴിവാക്കുക. 

∙ പുകയും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും കഴിവതും മാറി നിൽക്കുക.

∙ കുട്ടിക്കാലത്തുണ്ടാകുന്ന ശ്വാസകോശത്തിലെ അണുബാധകളെ നിസ്സാരവൽക്കരിക്കരുത്. ശരിയായ ചികിത്സ നൽകുക. 

∙ ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമയും, ശ്വാസം മുട്ടലും  സിഒപിഡിയുടെ തുടക്കമാകാം. ആരംഭ ഘട്ടത്തിൽതന്നെ ചികിത്സയും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുക. 

ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പ്രചാരണ പരിപാടികൾ, നിയമനിർമാണം തുടങ്ങിയ വിവിധ പരിപാടികളിലൂടെ പുകവലി നിയന്ത്രിക്കുക മാത്രമാണ് ഈ  രോഗങ്ങൾക്കുള്ള ശാശ്വത പരിഹാരം.

English Summary : COPD Day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com