തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്ന് സിഡിസി
Mail This Article
കോവിഡിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ് ലോകം. അതിനിടെ ഭീതി ഉയര്‍ത്തി മറ്റു ചില രോഗങ്ങളും വിവിധ രാജ്യങ്ങളില്‍ തലപൊക്കുന്നുണ്ട്. കൂട്ടത്തില്‍ മാരകമായ ഒന്നാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ. നെഗ്ലേരിയ ഫൗലറി എന്ന ഈ അമീബ തലച്ചോറില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അതിന്റെ കോശങ്ങളെ നശിപ്പിച്ച് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കും.
അമേരിക്കയുടെ ദക്ഷിണ മേഖലയില്‍ കാണപ്പെട്ട ഈ അമീബ ഇപ്പോള്‍ വടക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുദ്ധജല തടാകങ്ങളിലും അരുവികളിലുമൊക്കെയാണ് ഈ അമീബയുടെ സാന്നിധ്യം പൊതുവേ കാണാറുള്ളത്. 113 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള ചൂട് കാലാവസ്ഥയാണ് ഈ അമീബ ഇഷ്ടപ്പെടുന്നത്. ഈ മാരക അമീബ മൂക്കിലൂടെ പ്രവേശിച്ചാല്‍ മാത്രമേ അപകടകാരിയാകൂ. വായിലൂടെ പ്രവേശിക്കുന്ന പക്ഷം ഇത് അണുബാധയുണ്ടാക്കില്ല.
എന്നാല്‍ ഈ അമീബ ഉണ്ടാക്കുന്ന പ്രൈമറി അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്(പിഎഎം) അപൂര്‍വമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ( സിഡിസി) കണക്ക് അനുസരിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ 34 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
തലയുടെ മുന്‍വശത്ത് വേദന, പനി, ഛര്‍ദ്ദി, മനംമറിച്ചില്‍ എന്നിവയാണ് പിഎഎമ്മിന്റെ ലക്ഷണങ്ങള്‍. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നാല്‍ കഴുത്ത് വേദന, ചുഴലി ദീനം, മാനസിക പ്രശ്‌നം, വിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകം. രോഗിയെ കോമ സ്‌റ്റേജിലേക്ക് എത്തിക്കാനും ഈ രോഗത്തിന് സാധിക്കും.
അമീബയുടെ സാന്നിധ്യം ഉള്ള പ്രദേശങ്ങളിലെ തടാകങ്ങളിലും അരുവികളിലും നീന്തല്‍ ഒഴിവാക്കണമെന്ന് സിഡിസി നിര്‍ദ്ദേശിക്കുന്നു.
English Summary : Brain-eating amoeba spreading rapidly in the US