ശരീരത്തിൽ സോഡിയം കുറഞ്ഞാൽ? അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ലക്ഷണങ്ങൾ
Mail This Article
വയോജനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് സോഡിയം കുറയുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളും. രക്ത സമ്മർദം നിലനിർത്താനും മറ്റു ശാരീരിക പ്രവർത്തനങ്ങൾക്കും വളരെയേറെ ആവശ്യമുള്ള ഒരു മൂലകമാണ് സോഡിയം. രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ് 125 മുതൽ 135 വരെയാണ്. ഛർദി, അതിസാരം, അമിതമായി വിയർപ്പ്, വൃക്കരോഗങ്ങൾ, മൂത്രം കൂടുതലായി പോകാൻ ഉപയോഗിക്കുന്ന ഡയൂററ്റിക് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാം. കൂടാതെ മസ്തിഷ്കത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, മസ്തിഷ്കജ്വരം (എൻസഫലൈറ്റിസ്) ന്യുമോണിയ, സ്ട്രോക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അർബുദം തുടങ്ങിയവയും സോഡിയത്തിന്റെ അളവു കുറയ്ക്കും.
ക്ഷീണം, തളർച്ച, തലവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ. തുടർന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങൾ അഗാധമായ അബോധാവസ്ഥ (കോമ) തുടങ്ങിയവയിലേക്കു നയിക്കും.
ഛർദിയും വയറിളക്കവുമുള്ള സാഹചര്യത്തിൽ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തണം. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും ഒരു ടീ സ്പൂൺ പഞ്ചസാരയും ചേർത്തു തയ്യാറാക്കുന്ന മിശ്രിതം ഓരോ തവണയും ഛർദിയും വയറിളക്കവുമുണ്ടാകുമ്പോൾ കുടിക്കാൻ നൽകണം. കഞ്ഞിവെള്ളത്തിൽ ഉപ്പിട്ടു നൽകുന്നതും കരിക്കിൻ വെള്ളത്തിൽ ഉപ്പിട്ടു നൽകുന്നതും സോഡിയത്തിന്റെ നഷ്ടം ഒഴിവാക്കാൻ സഹായിക്കും. മൂത്രം പോകാനായി ഡയൂററ്റിക് മരുന്നുകൾ കഴിക്കുമ്പോൾ സോഡിയത്തിന്റെ അളവ് കുറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ രോഗിയെ ആശുപത്രിയിൽ കിടത്തി ഡ്രിപ്പായി സോഡിയം അടങ്ങിയ സലൈൻ നൽകേണ്ടി വരും.
വീട്ടിൽ വയോജനങ്ങളുണ്ടെങ്കിൽ പെരുമാറ്റത്തിലും സംസാരത്തിലും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുക, അസാധാരണമായി പെരുമാറുക തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ സോഡിയത്തിന്റെ അളവ് പരിശോധിക്കുന്നതു വളരെ പ്രധാനമാണ്.
English Summary : Low sodium and health problems