ADVERTISEMENT

രക്തത്തിൽ യൂറിക് ആസിഡ് കൂടിയിരിക്കുന്നവർ ധാരാളമുണ്ട്. മലയാളികൾ പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിലുള്ളവരിൽ കൂടുതലായി കാണുന്നു. യൂറിക് ആസിഡ് രക്തത്തിൽ കൂടിയിരുന്നാൽ കാലിലെ തള്ളവിരലിൽ നീരും വേദനയും ഉണ്ടാക്കുന്ന ഗൗട്ട് എന്ന രോഗം ഉണ്ടാകും എന്ന് മാത്രമേ മിക്കവർക്കും അറിയാവൂ. പക്ഷെ അതിലും വളരെ ഗൗരവമായ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാവുന്നുണ്ട്. 

എന്താണ് യൂറിക് ആസിഡ് ?

നമ്മുടെ ശരീരത്തിൽ നിന്നും മൂത്രത്തിൽ കൂടി പുറംതള്ളുന്ന ഒരു വെയ്‌സ്റ്റ് രാസ വസ്തുവാണിത്. രണ്ടു തരത്തിൽ ആണ്  ഇത് രക്തത്തിൽ എത്തുന്നത്. കോശങ്ങൾ നശിക്കുമ്പോൾ അതിലുള്ള  പ്രോട്ടീനും നശിപ്പിക്കപ്പെടുന്നു. പ്രോട്ടീനിലെ പ്യൂരിൻ എന്ന അമിനോ ആസിഡിൽ നിന്നാണ് യൂറിക് ആസിഡ് ഉണ്ടാവുന്നത്. രണ്ടാമതായി നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനിലുള്ള പ്യൂരിനിൽ നിന്നും യൂറിക് ആസിഡ് രക്തത്തിൽ എത്തുന്നു. കൂടുതൽ യൂറിക് ആസിഡ് രക്തത്തിൽ കൂടി വൃക്കകളിൽ എത്തുമ്പോൾ അവ മൂത്രത്തിൽ കൂടി പുറംതള്ളുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഇത് രക്തത്തിൽ യൂറിക് ആസിഡ് കൂടാൻ കാരണമാവും. സാധാരണ നിലവാരം പുരുഷന്മാരിൽ 7 മി. ഗ്രാമും സ്ത്രീകളിൽ 6  ഉം ആണ്. ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരിലുള്ള ഈസ്ട്രജൻ എന്ന ഹോർമോൺ ആണ്. ഈ ഹോർമോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്. റെഡ് മീറ്റ് പോലുള്ള പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണങ്ങളും ഫ്രക്ടോസ് കോൺ സിറപ് അടങ്ങിയ പാനീയങ്ങളും ആൽക്കഹോൾ പ്രത്യേകിച്ച് ബിയർ  പോലുള്ളവയും കൂടുതലായി ശരീരത്തിൽ എത്തിയാൽ രക്തത്തിലെ യൂറിക് ആസിഡ് കൂടാം. 

ആരോഗ്യ പ്രശ്നങ്ങൾ 

ഗൗട്ട് 
രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ അവ ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിൽ സന്ധികളിൽ അടിഞ്ഞുകൂടി നീരും, കഠിനമായ വേദനയും ഉണ്ടാക്കുന്നു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നു. ചിലപ്പോൾ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലും ഇത് ഉണ്ടാവാം. ഗൗട്ട് ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു രോഗമാണ്. വേണ്ടപോലെ ചികിത്സിച്ചില്ലെങ്കിൽ എല്ല്, സന്ധികൾ, അടുത്തുള്ള കലകൾ എന്നിവയ്ക്ക് സ്ഥായിയായ നാശം ഉണ്ടാക്കും. 

വൃക്കയിലെ കല്ല് 
വൃക്കകളിൽ കല്ല് ഉണ്ടാവുന്നതിന്റെ ഒരു പ്രധാന കാരണം രക്തത്തിലെ ഉയർന്ന യൂറിക് ആസിഡ് ലെവൽ ആണ്. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ വൃക്കയിൽ അടിഞ്ഞു കൂടുകയും ആ  പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനു ചുറ്റും  കാൽസ്യം ഓക്സലൈറ്റ് അടിഞ്ഞു കൂടി കല്ലുണ്ടാവുകയും ചെയ്യുന്നു. അസഹ്യമായ വേദന, മൂത്ര തടസ്സം, വൃക്ക രോഗങ്ങൾ എന്നിവയും കാരണമാവാം.

ഹൃദയാഘാതം 
രക്തത്തിൽ യൂറിക് ആസിഡ് കൂടിയിരുന്നാൽ അത് ഹൃദയാഘാതത്തിനു കാരണമാവാം. യൂറിക് ആസിഡ് കൂടുമ്പോൾ ശരീരത്തിൽ നീർക്കെട്ട് (inflammation ) ഉണ്ടാകുന്നു. ഈ നീർക്കെട്ടാണ് മിക്ക ജീവിതശൈലി രോഗങ്ങൾക്കും കാരണമാവുന്നത്. വർഷം തോറും യൂറിക് ആസിഡ് പരിശോധിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. 

സ്ട്രോക്ക്
ഹൃദയാഘാതം പോലെ തന്നെ സ്ട്രോക്ക് ഉണ്ടാകുവാനുള്ള സാധ്യതയും കൂടുന്നു. 

ഉദ്ധാരണ പ്രശ്നങ്ങൾ 
പുരുഷന്മാരിലുണ്ടാവുന്ന ഉദ്ധാരണ പ്രശ്നങ്ങൾക്ക് യൂറിക് ആസിഡ്  കരണമാവാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

പ്രമേഹം, ബിപി, ഫാറ്റി ലിവർ 
അടുത്തകാലത്ത് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത് ഉയർന്ന യൂറിക് ആസിഡ് നിലവാരം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഫാറ്റി ലിവർ എന്നിവയ്ക്ക് ഒക്കെ കാരണമാവുന്നു എന്നാണ്. 

യൂറിക് ആസിഡ് നിയന്ത്രിച്ചു നിർത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക്  ഈ വക പ്രശ്നനങ്ങൾ വിരൽചൂണ്ടുന്നു. യൂറിക് ആസിഡ് എങ്ങനെ നിയന്ത്രിച്ചു നിർത്താമെന്നും എല്ലാവരും അറിഞ്ഞിരിക്കണം.

English Summary : Uric acid related diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com