ADVERTISEMENT

ഏതു രോഗശമനത്തിനും മരുന്നിനൊപ്പം പ്രധാനമാണ് ജീവിതശൈലിയും. എന്തു കഴിക്കുന്നു, എത്ര നേരം വ്യായമം ചെയ്യുന്നു എന്നതൊക്കെ രോഗശമനത്തെയും സ്വാധീനിക്കുന്നു. ജീവിതശൈലീ രോഗങ്ങൾക്കു ഭക്ഷണം നിയന്ത്രിക്കുന്നതു പോലെതന്നെ പ്രധാനമാണ് മറ്റു രോഗാവസ്ഥകളിലും ഡോക്ടർമാർ നിർദ്ദേശിക്കുന്ന ആഹാരങ്ങൾ കഴിക്കുകയും ഒഴിവാക്കാൻ പറയുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നത്.

ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് പല രോഗങ്ങൾക്കു കാരണമാകും. ഇവിടെയും മരുന്നിനൊപ്പം ഭക്ഷണ നിയന്ത്രണവും ഏറെ പ്രധാന്യം അർഹിക്കുന്നു. ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്നു നോക്കാം.  

ഇവ ഒഴിവാക്കാം

കൊ‌ഴുപ്പ് കൂടുതൽ അടങ്ങിയ മാംസാഹാരങ്ങളിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്രഡ്, കേക്ക്, ബീയർ, മദ്യം, അവയവ മാംസങ്ങളായ കരൾ, കിഡ്നി ഇവ പ്രധാനമായും ഒഴിവാക്കണം.

ബീഫ്, മട്ടൻ, പോർക്ക് തുടങ്ങിയ റെഡ് മീറ്റ്  ഉപേക്ഷിക്കുകയോ അളവു കുറയ്ക്കുകയോ ചെയ്യുക. ഇവയിൽ പ്രോട്ടീൻ വളരെയധികമുണ്ട്. അച്ചിങ്ങ പയർ, ബീൻസ് തുടങ്ങിയവയും അളവ് കുറയ്ക്കണം.

ആൽക്കഹോൾ പൂർണമായും ഉപേക്ഷിക്കണം. മദ്യം ഡീഹൈഡ്രേഷൻ ഉണ്ടാക്കും. ഇത് കിഡ്നിയിൽക്കൂടി യൂറിക് ആസിഡ് പുറന്തള്ളുന്നതിനു തടസ്സമുണ്ടാക്കും. മാത്രമല്ല കൂടുതൽ കാലറി അടങ്ങിയതാണ് ആൽക്കഹോൾ. അധിക കാലറി ശരീരത്തിലെത്തുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 

ധാരാളമായി കഴിച്ചോളൂ

ആപ്പിൾ, ചെറി, ബെറി പഴങ്ങൾ, കാരറ്റ്, കുക്കുംബർ, ബീറ്റ്റൂട്ട് എന്നിവയുടെ ജ്യൂസ് ആഹാരത്തിൽ ഉൾപ്പെടുത്താം. നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ, വിർജിന്‍ വെളിച്ചെണ്ണ, ഉരുക്കു വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, ചുവന്ന കാബേജ്, നാരങ്ങാവർഗങ്ങൾ, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഉൾപ്പെടുത്തി മിതമായ പ്രോട്ടീൻ, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പുചേർന്ന ഭക്ഷണക്രമം എന്നിവ സ്വീകരിച്ചുകൊണ്ടു യൂറിക് ആസിഡ് നിയന്ത്രിക്കാം. ഞാവൽപഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയിൽ യൂറിക് ആസിഡ് കുറയ്ക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്. മുസമ്പി ജ്യൂസ്, നാരങ്ങാവെള്ളം ഇവ ശീലിക്കുക. 

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം അധികമുണ്ടെങ്കില്‍ ഭക്ഷണക്രമീകരണം, വ്യായാമം ഇവ വഴി കുറയ്ക്കണം. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും. മൂത്രം എപ്പോഴും സുതാര്യമാണ് എന്ന് ഉറപ്പാകുംവിധം ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലിക്കുക. 

English Summary : How to control uric acid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com