ADVERTISEMENT

കോവിഡിനെതിരെയുള്ള പ്രതിരോധ വാക്‌സീന്‍ കുത്തിവയ്പ്പ് ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. അതേ സമയം, കുത്തിവയ്പ്പ് അല്ലാതെ മറ്റ് രൂപങ്ങളിലുള്ള വാക്‌സീന്റെ സാധ്യതയും ശാസ്ത്രലോകം പരിഗണിക്കുന്നുണ്ട്. ഇന്ത്യയില്‍ കോവാക്‌സീന്‍ പുറത്തിറക്കിയ ഭാരത് ബയോടെക്ക് മൂക്കിലൂടെ സ്‌പ്രേയായി അടിക്കുന്ന ഒരു കോവിഡ് വാക്‌സീന്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. 

ഈ ഇന്‍ട്രാ നേസല്‍ വാക്‌സീന്റെ ഒന്നാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി ഭാരത് ബയോടെക്കിന് അടുത്തിടെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയിരുന്നു. പ്രതിരോധ കുത്തിവയ്പ്പാണോ ഇത്തരത്തിലുള്ള നേസല്‍ സ്‌പ്രേയാണോ കോവിഡ് പ്രതിരോധത്തിന് മികച്ചതെന്ന ചര്‍ച്ചകള്‍ക്കും ഇത് വഴി തെളിയിക്കുന്നു. 

അമേരിക്കന്‍ കമ്പനിയായ ആള്‍ട്ട്ഇമ്മ്യൂണ്‍ കോവിഡിനെതിരെ നേസല്‍ സ്‌പ്രേ വികസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡ് വ്യാപനം തടയാന്‍, ഇത് ഫലപ്രദമാണെന്നും കുട്ടികളില്‍  ഇവ സുരക്ഷിതമാണെന്നും ആള്‍ട്ട് ഇമ്മ്യൂണ്‍ അവകാശപ്പെടുന്നു. 

കുത്തിവയ്പ്പും സ്‌പ്രേയും തമ്മിലുള്ള വ്യത്യാസം

സൂചി ഉപയോഗിച്ചോ വായിലൂടെയോ ആണ് പരമ്പരാഗത വാക്‌സീനുകള്‍ ശരീരത്തിലേക്ക് നല്‍കുന്നത്. കോവിഡിന് നിലവിലുള്ള വാക്‌സീനുകളെല്ലാം കുത്തിവയ്പ്പ് രൂപത്തിലാണ്. കൈകളിലെ ഡെല്‍റ്റോയ്ഡ് പേശിയിലാണ്  അവ എടുക്കുന്നത്. ഇതിന് പകരം നേസല്‍ വാക്‌സീനുകള്‍ മൂക്കിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്യും.

സാര്‍സ് കോവ്-2 ഉള്‍പ്പെടെയുള്ള പല വൈറസുകളും  മൂക്ക് വഴി ശരീരത്തില്‍ പ്രവേശിച്ച് ശ്ലേഷ്മപാളികളിലെ കോശങ്ങളെയാണ് ആദ്യം ബാധിക്കുക. വൈറസുകളെ മൂക്കില്‍ വച്ചുതന്നെ നേരിടാന്‍ നേസല്‍ വാക്‌സീനുകള്‍ ശരീരത്തെ സഹായിക്കുന്നു. വൈറസുകള്‍ ശരീരത്തിനുള്ളില്‍ പെരുകാതെ തുടക്കത്തിലേ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. 

18നും 55നും ഇടയില്‍ പ്രായമുള്ള 180 പേരിലാണ് ആഡ്‌കോവിഡ് എന്ന ഇന്‍ട്രാ നേസല്‍ വാക്‌സീന്‍ ആള്‍ട്ട് ഇമ്മ്യൂണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി പരീക്ഷിച്ചത്. അവയുടെ പാര്‍ശ്വഫലങ്ങളും അവ ശരീരത്തിലുണ്ടാക്കുന്ന ആന്റിബോഡികളുടെയും ടി-സെല്ലുകളുടെയും തോതും നിരീക്ഷണവിധേയകമാക്കി.   

സാര്‍സ് കോവ്-2 വൈറസ് ഉള്‍പ്പെടെയുള്ളവയെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിന്‍ എ എന്ന ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ നേസല്‍ വാക്‌സീന്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കുമെന്ന് പരീക്ഷണത്തില്‍ കണ്ടെത്തി. പരിസ്ഥിതി സൗഹൃദമായ നേസല്‍ വാക്‌സീനുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനും എളുപ്പത്തില്‍ റഫ്‌റിജറേഷന്‍ സൗകര്യമില്ലാതെ സൂക്ഷിച്ച് വയ്ക്കാനും സാധിക്കും. കുത്തിവയ്പ്പിനെ അപേക്ഷിച്ച് നല്‍കാന്‍ എളുപ്പമായതിനാല്‍ കൂടുതല്‍ പേരിലേക്ക് വേഗത്തില്‍ കോവിഡ് പ്രതിരോധം എത്തിക്കാനും ഇത് വഴി സാധിക്കുമെന്ന് ആള്‍ട്ട് ഇമ്മ്യൂണ്‍ അവകാശപ്പെടുന്നു. 

English Summary : Can nasal sprays prevent COVID transmissions more effectively?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com