കാറ്റിലെ പൂമ്പൊടിക്കൊപ്പം ഉയരുന്നു കോവിഡ് അണുബാധയും
Mail This Article
ഒരു വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന അലര്‍ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്താണ്. ചുമച്ചും തുമ്മിയും ചുവന്ന കണ്ണുകളുമായി ഇക്കാലയളവില്‍ നിരവധി പേരെ വഴിയില്‍ കണ്ടു മുട്ടിയെന്നിരിക്കും. ഈ മാസങ്ങളില്‍ അന്തരീക്ഷത്തില്‍ നിറയുന്ന പൂമ്പൊടിയാണ് ഈ അലര്‍ജി കേസുകളുടെ പിന്നില്‍. എന്നാല്‍ അലര്‍ജി മാത്രമല്ല, കോവിഡ് 19 അണുബാധയും പൂമ്പൊടിയുടെ തോത് അനുസരിച്ച് ഉയരുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
പൂമ്പൊടി അണുബാധ നിരക്കുകളെ സ്വാധീനിക്കുന്ന സുപ്രധാന പരിസ്ഥിതി ഘടകമാണെന്ന് മ്യൂണിക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെയും ഹെംഹോള്‍ട്‌സ് സെന്‍ട്രം മഞ്ചനിലെും ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. വടക്കന്‍ അര്‍ധഗോളത്തിലെ രാജ്യങ്ങളില്‍ മരങ്ങളില്‍ നിന്നു പൂമ്പൊടി പരക്കുന്ന കാലഘട്ടത്തിനോട് അടുപ്പിച്ചാണ് കഴിഞ്ഞ വര്‍ഷം കോവിഡും ഇവിടങ്ങളില്‍ വ്യാപിച്ചത്. ഇതാണ് ഇത്തരത്തിലൊരു പഠനത്തിന് ഗവേഷകരെ പ്രേരിപ്പിച്ച ഘടകം.
പഠനത്തിന്റെ ഭാഗമായി അഞ്ച് ഭൂഖണ്ഡങ്ങളിലെ 31 രാജ്യങ്ങളിലുള്ള 130 കേന്ദ്രങ്ങളിലെ പൂമ്പൊടി ഡേറ്റ ശാസ്ത്രജ്ഞര്‍ അപഗ്രഥിച്ചു. വായുവിലെ പൂമ്പൊടിയുടെ സാന്നിധ്യം അണുബാധ നിരക്കുകളില്‍ ശരാശരി 44 ശതമാനം വ്യതിയാനം വരുത്താമെന്ന് പഠനത്തില്‍ കണ്ടെത്തി. ഈര്‍പ്പവും വായുവിന്റെ താപനിലയും ചില കേസുകളില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്.
ഒരു ക്യുബിക് മീറ്ററില്‍ 100 പൂമ്പൊടി തരികള്‍കൂടുന്നത് അനുസരിച്ച് അണുബാധ നിരക്കില്‍ ശരാശരി 4 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു. ചില ജര്‍മ്മന്‍ നഗരങ്ങളില്‍ പ്രതിദിനം ഒരു ക്യുബിക് മീറ്ററില്‍ 500 പൂമ്പൊടി തരികളുടെ വരെ സാന്നിധ്യം രേഖപ്പെടുത്തിയപ്പോള്‍ അണുബാധ നിരക്കില്‍ 20 ശതമാനം വര്‍ധനവുണ്ടായി.
പൂമ്പൊടിയുടെ തോത് വായുവില്‍ ഉയരുന്നത് ചുമയും ജലദോഷവും ഉണ്ടാക്കുന്ന വൈറസിനെതിരെ ശ്വാസനാളിയിലുണ്ടാകുന്ന പ്രതിരോധ പ്രതികരണത്തെ ക്ഷയിപ്പിക്കും. കൊറോണ വൈറസ് ഒരു ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ബാധിക്കപ്പെട്ട കോശങ്ങള്‍ മെസഞ്ചര്‍ പ്രോട്ടീനുകളെ പുറപ്പെടുവിക്കും. ആന്റിവൈറല്‍ ഇന്റര്‍ഫെറോണുകള്‍ എന്നറിയപ്പെടുന്ന ഈ പ്രോട്ടീനുകള്‍ അടുത്തുള്ള കോശങ്ങള്‍ക്ക് അവരുടെ ആന്റിവൈറല്‍ പ്രതിരോധം ഉയര്‍ത്താന്‍ ആവശ്യപ്പെട്ട് സന്ദേശം നല്‍കും. കൂടാതെ വൈറസ് ബാധിത കോശങ്ങളില്‍ ഒരു അണുബാധ പ്രതികരണവും ഉണ്ടാകും.
എന്നാല്‍ വായുവില്‍ തിങ്ങിയിരിക്കുന്ന പൂമ്പൊടി വൈറസിനോടൊപ്പം ശ്വസിച്ച് കഴിഞ്ഞാല്‍ ആന്റിവൈറല്‍ ഇന്റര്‍ഫെറോണുകള്‍ കുറഞ്ഞ തോതില്‍ മാത്രമേ ഉത്പാദിപ്പിക്കപ്പെടൂ. വൈറസിനെതിരെയുള്ള പ്രതിരോധ പ്രതികരണവും കുറഞ്ഞ തോതിലായിരിക്കും. ഇത് അണുബാധയുടെ തീവ്രത വര്‍ധിപ്പിക്കുന്നു. കോവിഡ് തീവ്രമാകാന്‍ സാധ്യതയുള്ളതും ഉയര്‍ന്ന അപകടസാധ്യതയുള്ളതുമായ വ്യക്തികള്‍ പൂമ്പൊടി ശ്വസിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയും ഫില്‍റ്റര്‍ മാസ്‌കുകള്‍ ധരിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
English Summary : High airborne pollen concentrations ups risk of COVID-19 infection