മൂക്കിനോടു മാത്രമല്ല നാക്കിനോടും ചോദിക്കാം കോവിഡ് ആണോ എന്ന്
Mail This Article
മണം നഷ്ടമാകുന്നത് കോവിഡിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. സാധാരണ പനിയാണോ കോവിഡ് ആണോ എന്നറിയാനുള്ള മാര്‍ഗമായി പോലും മൂക്കിന്റെ ഈ ശേഷിയെ നാം ഉപയോഗപ്പെടുത്തി വരുന്നു. എന്നാല്‍ മൂക്കിന് മാത്രമല്ല, നാക്കിനുമുണ്ട് നമ്മളോട് ചില കോവിഡ് വിശേഷങ്ങള്‍ പറയാന്‍. കോവിഡ് ടങ് എന്ന പേരില്‍ അറിയപ്പെടുന്ന നിരവധി പ്രകടമായ ലക്ഷണങ്ങളാണ് കോവിഡ് രോഗികളുടെ നാക്കില്‍ ഉണ്ടാക്കുന്നത്.
നാക്കിന്റെ ആരോഗ്യത്തെ ബാധിക്കാവുന്ന കാര്യങ്ങള്‍ പലതുള്ളതിനാല്‍ കോവിഡ് ടങ് അത്ര എളുപ്പം കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. നാക്കിലെ പ്രശ്‌നങ്ങള്‍ വൈറസിന്റെ നേരിട്ടുള്ള സ്വാധീനം കൊണ്ടാണോ അതോ മറ്റു വല്ല അസുഖങ്ങളോടുമുള്ള പ്രതികരണമാണോ എന്നതിനെ കുറിച്ച് ഇനിയും വ്യക്തതയില്ല. എന്നാലും നാളിതു വരെ ലഭ്യമായ പഠന റിപ്പോര്‍ട്ടുകള്‍ നാക്കിനും അനുബന്ധ ഭാഗങ്ങള്‍ക്കും കോവിഡ് വരുത്താവുന്ന ചില മാറ്റങ്ങള്‍ അടിവരയിടുന്നു.
നാക്കിലും മോണയിലും ഉണ്ടാകുന്ന വ്രണങ്ങളും മുറിവുകളുമാണ് ഇവയില്‍ പ്രധാനപ്പെട്ട ഒരു ലക്ഷണം. ചിലരില്‍ ഇത് വായ്പ്പുണ്ണും ഉണ്ടാക്കാം. വേദനയേറിയ ഈ അവസ്ഥ നമ്മുടെ ആഹാര രീതിയെ തന്നെ ബാധിക്കാം. വരണ്ട വായും നാക്കുമാണ് കോവിഡ് ടങ്ങിന്റെ മറ്റൊരു ലക്ഷണം. ഇതിന്റെ ഭാഗമായി ചുണ്ടുകള്‍ പൊട്ടാനും മോണകള്‍ക്കും പല്ലുകള്‍ക്കും അണുബാധയേല്‍ക്കാനും സാധ്യതയുണ്ട്.
രുചിമുകുളങ്ങള്‍ക്ക് വരുന്ന ക്ഷതവും ചില കോവിഡ് രോഗികളില്‍ കണ്ടു വരുന്നു. ആഴ്ചകള്‍ തന്നെ വേണ്ടി വന്നേക്കാം ഇത് പഴയ നിലയിലാകാന്‍. വായില്‍ എപ്പോഴും ഒരു ലോഹ രുചി വരുന്നത് ഭക്ഷണത്തിനോടുള്ള താത്പര്യം നശിപ്പിക്കും. മണം നഷ്ടമാകുന്നത് പോലെ തന്നെ ഗൗരവമായി സമീപിക്കേണ്ടതാണ് ഈ രുചി നഷ്ടമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നാക്കിന്റെ നിറം മാറ്റവും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളിലൊന്നാണ്. ആരോഗ്യമുള്ള നാക്കിന് ഒരു പിങ്ക് കലര്‍ന്ന നിറമായിരിക്കും. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള അണുബാധയുണ്ടാകുമ്പോള്‍ വെളുത്തതും കറുത്തതും തവിട്ട് നിറത്തിലുമൊക്കെയുള്ള പാടുകള്‍ നാക്കിനു മുകളില്‍ കാണപ്പെടാം. എന്തെങ്കിലും കഴിക്കുമ്പോള്‍ വായ്ക്ക് ചുറ്റുമുള്ള പേശികളില്‍ വേദനയും കോവിഡ് ടങ് ലക്ഷണമാണ്. നാക്കിനും അതിനു ചുറ്റുമുള്ള ഭാഗങ്ങളിലുമൊക്കെ ഉണ്ടാകുന്ന നീര്‍ക്കെട്ടും ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
English Summary : Signs you are suffering from COVID-tongue