ADVERTISEMENT

കോവിഡ് മഹാമാരി ലോകത്തിന് സമ്മാനിച്ചത് തീരാത്ത ദുരിതങ്ങള്‍ തന്നെയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് നാം കോവിഡിനോട് കടപ്പെട്ടിരിക്കുന്നു. ലോക്ഡൗണ്‍ മൂലം മലിനീകരണം കുറഞ്ഞ് പരിസ്ഥിതിക്കുണ്ടായ നേട്ടം പോലെയുള്ള അപൂര്‍വം ചില നല്ല കാര്യങ്ങളും കോവിഡിനെ തുടര്‍ന്ന് സംഭവിച്ചിട്ടുണ്ട്. ആ പട്ടികയില്‍ പെടുത്താവുന്ന ഒന്നാണ് കോവിഡ് മൂലം 2020ല്‍ വരാതെ പോയ ഒരു നിഗൂഢ വ്യാധി. തളര്‍വാതത്തിനും മരണത്തിനും അടക്കം കാരണമാകുന്ന അക്യൂട്ട് ഫ്‌ളാസിഡ് മൈലിറ്റിസ്(എഎഫ്എം) എന്ന രോഗമാണ് കോവിഡിനെ തുടര്‍ന്ന് 2020ല്‍ പ്രത്യക്ഷമാകാതെ പോയതെന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. 

പോളിയോയ്ക്ക് സമാനമായ ഈ നാഡീവ്യൂഹസംബന്ധമായ രോഗം പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക. പേശികളെ ദുര്‍ബലമാക്കുന്ന എഎഫ്എം രോഗികളെ സ്ഥിരമായി തളര്‍ത്താനും അവരെ മരണത്തിലേക്ക് നയിക്കാനും ശക്തമാണ്. ദശാബ്ദങ്ങളായി വലപ്പോഴും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഈ നിഗൂഢ വ്യാധി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സജീവമാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ അടുത്തിടെയായി രണ്ട് വര്‍ഷത്തിലൊരിക്കലാണ് എഎഫ്എം വന്നിരുന്നത്. എന്ററോവൈറസ് ഡി68(ഇവി-ഡി68) എന്ന അപൂര്‍വ വൈറസുമായി ബന്ധപ്പെട്ടതാണ് ഈ രോഗമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. 

2014, 2016, 2018 വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട വൈറസിന്റെ അടുത്ത വരവ് പ്രതീക്ഷിച്ചിരുന്നത് 2020ലാണ്. എന്നാല്‍ കോവിഡ് ലോകത്തെ ഉലച്ച 2020ല്‍ പ്രതീക്ഷിച്ച വലിയ ആഘാതം എന്ററോ വൈറസ് നല്‍കിയില്ല. 2016ല്‍ 153 എഎഫ്എം കേസുകളും 2018ല്‍ 238 കേസുകളും റിപ്പോര്‍ട്ട് ചെയ്തിടത്ത് 2020ല്‍ വന്നത് വെറും 31 എഎഫ്എം കേസുകളാണ്. കോവിഡിനെ തുടര്‍ന്ന് വന്ന സാമൂഹിക അകലവും, ക്വാറന്റീനും, ഐസൊലേഷനും, ലോക്ഡൗണുമൊക്കെ ഇതിന് കാരണമായതായി ഗവേഷകര്‍ അനുമാനിക്കുന്നു.

എന്നാല്‍ വൈറസ് താത്ക്കാലികമായി അടങ്ങിയത് ഇനി വര്‍ധിത ശേഷിയോടെ ആഞ്ഞടിക്കാനാണോ എന്ന് പറയാനാകില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ സാര്‍സ് കോവ്2 നെ പോലെ എന്ററോ വൈറസിന്റെ കാര്യത്തിലും ജാഗ്രത പുലര്‍ത്തണമെന്ന് ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു.

English Summary : Outbreak of Mysterious Paralyzing Condition Squashed by COVID–19 Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com