വിയർപ്പിൽ നിന്നറിയാം രോഗം; ബയോ സെൻസർ വികസിപ്പിച്ച് തിരുവനന്തപുരം സ്വദേശി
Mail This Article
ശരീരത്തിലുണ്ടാകുന്ന രോഗാവസ്ഥകളെയും മാറ്റങ്ങളെയും പറ്റി മുൻകൂട്ടി സൂചനകൾ ലഭിക്കാൻ വിയർപ്പുതുള്ളികളെ പ്രയോജനപ്പെടുത്തുന്ന ബയോ സെൻസർ സാങ്കേതിക വിദ്യ വികസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയായ ഗവേഷകൻ ഡോ. എ. എം. വിനു മോഹൻ.
തമിഴ്നാട്ടിലെ കാരൈക്കുടിക്കടുത്ത് സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ വിനു മോഹന്റെ പഠനം എസിഎസ് സെൻസേഴ്സ് എന്ന രാജ്യാന്തര ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
വിയർപ്പിന്റെ പിഎച്ച് മൂല്യം, സോഡിയം, പൊട്ടാസ്യം– തോത് തുടങ്ങിയ വിവരങ്ങൾ തിരിച്ചറിഞ്ഞ് ശരീര ആരോഗ്യത്തെപ്പറ്റി മനസ്സിലാക്കാൻ പറ്റുന്ന ചെലവുകുറഞ്ഞ ബയോ സെൻസറുകളാണ് മോഹനും സംഘവും വികസിപ്പിച്ചത്.
വിയർപ്പിലെ ബയോ മാർക്കറുകളായ രാസവസ്തുക്കളുടെ ഗാഢതയിലും അളവിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കിയാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാനാവും.
ശരീരത്തിൽ ഒട്ടിച്ചു നിർത്താവുന്ന സെൻസറുകൾക്കുള്ളിൽ വിയർപ്പിലെ ഈർപ്പം തിരിച്ചറിയുന്ന സർക്യൂട്ട് ബോർഡുകളുണ്ട്. വ്യായാമവും മറ്റും ചെയ്യുന്ന സമത്തും ഇത് ത്വക്കിനോടു ചേർന്ന് നിന്ന് ഓക്സിജന്റെയും ജലാംശത്തിന്റെയും തോതിലുണ്ടാകുന്ന വ്യതിയാനങ്ങൾ തത്സമയം സിഗ്നലുകളായി അറിയിക്കുന്നതിനുള്ള വിപുലീകൃത സെൻസറുകളും വൈകാതെ വികസിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഉമിനീരിൽ നിന്നും മറ്റു ശാരീരിക സ്രവങ്ങളിൽ നിന്നും വ്യക്തിയുടെ ആരോഗ്യ സംബന്ധിയായ ഒട്ടേറെ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന പുതിയ സെൻസറുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണവും പുരോഗമക്കുകയാണെന്ന് വിനുമോഹൻ പറഞ്ഞു.
തിരുവനന്തപുരം പുതിയതുറ പമ്പുകാലാ ജിജി ഭവനിൽ പി. മോഹനന്റെയും എസ്. അല്ലിഭായിയുടെയും മകനാണ്.
English Summary : Sweat says your disease; biosensor developed