ADVERTISEMENT

അനാരോഗ്യകരമായ ജീവിതശൈലി മൂലം സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന രോഗമാണ് പ്രമേഹം. മോശം ഭക്ഷണശീലങ്ങള്‍, വ്യായാമം ഇല്ലായ്മ, സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കാം. പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ അത് നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ച് തുടങ്ങിയാല്‍ ഒരു പരിധി വരെ ഒഴിവാക്കാം. പ്രമേഹ ചികിത്സയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്‍സുലിന്‍ തെറാപ്പി. ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് ശരീരത്തില്‍ ഇന്‍സുലിന്‍ ഉണ്ടാകാത്തതിനാല്‍ അവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ്പല്ലാതെ വേറെ വഴിയില്ല. മരുന്ന് കൊണ്ടും ജീവിതശൈലി മാറ്റം കൊണ്ടും പഞ്ചസാര നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഇന്‍സുലിന്‍ ചിലപ്പോള്‍ എടുക്കേണ്ടി വരാറുണ്ട്. 

ഇന്‍സുലിന്‍ കുത്തിവയ്പ്പ് എടുക്കുന്നതില്‍ നിന്ന് ടൈപ്പ് 2 പ്രമേഹ രോഗികളെ പിന്തിരിപ്പിച്ചിരുന്ന ഒരു ഘടകം ദിവസവും എടുക്കേണ്ടി വരുന്ന കുത്തിവയ്പ്പുകളായിരുന്നു. എന്നാല്‍ ഇനി ആഴ്ചയില്‍ ഒന്ന് ഇന്‍സുലിന്‍ കുത്തിവയ്പ്പ് എടുത്തും പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താം. ഇതിന് സഹായിക്കുന്ന ഒരു പരീക്ഷണ ഇന്‍സുലിന്‍ കുത്തിവയ്പ്പ് ലോസാഞ്ചലസിലെ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തി. ബേസല്‍ ഇന്‍സുലിന്‍ എഫ്‌സി എന്ന ഈ ഇന്‍സുലിന്‍ കുത്തിവയ്പ്പ് ദിവസവും എടുക്കുന്ന ഇന്‍സുലിന്‍ ഡെഗ്ലുഡെക്കിന്റെ അത്ര തന്നെ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഗവേഷകര്‍ പറയുന്നു. 

399 രോഗികളില്‍ 32 ആഴ്ച നീളുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് ബേസല്‍ ഇന്‍സുലിന്‍ എഫ്‌സി പ്രമേഹ നിയന്ത്രണത്തില്‍ പ്രതിദിന ഇന്‍സുലിന്‍ കുത്തിവയ്പ്പിനോളം തന്നെ കാര്യക്ഷമമാണെന്ന് തെളിഞ്ഞത്. കുത്തിവയ്പ്പുകളുടെ എണ്ണം കുറയ്ക്കുന്നത് ഇന്‍സുലിന്‍ തെറാപ്പിയോടുള്ള താത്പര്യം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രതിവാര കുത്തിവയ്പ്പിന്റെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ തോത് വല്ലാതെ കുറഞ്ഞു പോകുന്ന ഹൈപോഗ്ലൈസീമിയ എന്ന സങ്കീര്‍ണത ഒഴിവാക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പ്രതിദിന ഇന്‍സുലിന്‍ മൂലം ചില രോഗികള്‍ക്ക് ഉണ്ടാകുന്ന ഹൈപോഗ്ലൈസീമിയ ചുഴലിദീനത്തിനും ബോധക്കേടിനും മരണത്തിനും വരെ ചിലപ്പോള്‍ കാരണമാകാറുണ്ട്. പ്രതിദിന ഇന്‍സുലിന്‍ കുത്തിവയ്പ്പിനെ അപേക്ഷിച്ച് കൂടുതല്‍ നിയന്ത്രണവിധേയമാണ് പ്രതിവാര ഇന്‍സുലിന്‍ കുത്തിവയ്‌പ്പെന്നും ഗവേഷണ പഠനം കൂട്ടിച്ചേര്‍ക്കുന്നു. 

English Summary :  Weekly insulin jabs may be enough to control blood sugar levels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com