ചിക്കൻപോക്സിനെതിരെ കരുതലെടുക്കാം; പ്രതിരോധിക്കാൻ അറിയേണ്ടത്
Mail This Article
ചിക്കൻപോക്സ്– ആളുകളെ എപ്പോഴും ഒരു ഭീതിയുടെ നിഴലിൽ നിർത്തുന്ന ഒരു രോഗമാണ്. നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻ പോക്സിന്റെ പ്രധാന ലക്ഷണം. കാഴ്ചയില്‍ മെഴുകു ഉരുക്കി ഒഴിച്ചാല്‍ ഉണ്ടാവുന്നത് പോലെ ഇരിക്കും. ത്വക്കില്‍ കുരുക്കള്‍ ഉണ്ടാവുന്നതിനു മുന്‍പുതന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്.
നെഞ്ചിലോ പുറകിലോ മുഖത്തോ ആരംഭിക്കുന്ന ഈ കുരുക്കൾ പതുക്കെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടെ നിറയുന്നു. അസുഖത്തിന്റെ കഠിന്യമനുസരിച്ചു വായ, കൈവള്ള, കാൽപ്പാദം, ഗുഹ്യഭാഗങ്ങൾ എന്നീ ഇടങ്ങൾ വരെ വൈറസ് കയ്യേറി കുരുക്കൾ വിതയ്ക്കുന്നു. ഈ ഘട്ടത്തിൽ ശരീരം മുഴുവൻ ചൊറിച്ചിലും ഉണ്ടാവും. ക്രമേണ കുരുക്കള്‍ പൊട്ടി വടുക്കളോ പൊറ്റകളോ ആയി മാറുന്നു. അഞ്ചു മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ നിലനിൽക്കും.
വേരിസെല്ല സോസ്റ്റർ വൈറസ് (varicella zoster virus) ആണ് രോഗകാരണം. വളരെ പെട്ടെന്ന് ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് രോഗം പകരാം. വായുവഴി ആണ് രോഗം പകരുന്നത്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിലേക്ക് തുറന്നു വിടപ്പെടുന്ന വൈറസ് മറ്റൊരാളിൽ പ്രവേശിക്കുന്നു. രോഗത്തിന്റെ ഇൻക്യൂബെഷന്‍ കാലാവധി 10-21 ദിവസം വരെയാണ്, അതായതു ഒരാളുടെ ശരീരത്തില്‍ രോഗാണു കയറിക്കഴിഞ്ഞു രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ഇത്രയും ദിവസങ്ങള്‍ എടുക്കാം.
രോഗം പകരുന്ന വിധം
ചർമത്തില്‍ കുരുക്കള്‍ ഉണ്ടാവുന്നതിനു ഒന്നോ രണ്ടോ ദിവസം മുന്‍പേ തന്നെ രോഗം പകര്‍ത്തുന്നത് തുടങ്ങും. ഇതുകൂടാതെ ശരീരത്തിലുണ്ടാകുന്ന കുമിളകളിലെ വെള്ളം തട്ടുന്നത് വഴിയും അസുഖം പകരാം. കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയശേഷം ഒരു 10 ദിവസത്തേക്ക് ഈ രോഗപ്പകര്‍ച്ചാ സാധ്യത തുടരും.
രോഗം മൂർച്ഛിച്ചാൽ?
ന്യൂമോണിയ, തലച്ചോറിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ, ഞരമ്പ് പൊട്ടി അഥവാ അരച്ചൊറി (herpes zoster/shingles) എന്നിവയാണ് രോഗം മൂർച്ഛിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ. മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിൽ ചിക്കൻപോക്‌സ് വഴിയുള്ള അപകട സാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കൻപോക്‌സ് വന്നാൽ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വഴി വീണ്ടും അക്രമിക്കപ്പെട്ടാലും, ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്. സാധാരണ ഗതിയിൽ വന്നു പോകുന്ന ഒരു അസുഖമാണെങ്കിൽ കൂടെ, ഗുരുതരമായ സങ്കീർണതകളും മരണവും വിരളമായെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചികിത്സ
ലക്ഷണങ്ങൾ കണ്ടുറപ്പിച്ചതിനു ശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. ചില അവസരങ്ങളിൽ സ്ഥിരീകരണ പരിശോധനകളും നടത്തതാറുണ്ട്. പോളിമറൈസ് ചെയിൻ റിയാക്‌ഷൻ, ആന്റിബോഡി ടെസ്റ്റ്, കുരുക്കളിലെ ദ്രാവകമെടുത്തുള്ള സാൻക്സ്മിയർ ടെസ്റ്റ് തുടങ്ങിയവയാണ് അവ.
വൈറസിന്റെ പെറ്റുപെരുകല്‍ തടയുന്ന മരുന്നുകളായ (അസൈക്ലോവിർ, വാലാസൈക്ക്ലോവീര്‍) തുടങ്ങിയവ രോഗതീവ്രത കുറയ്ക്കുകയും രോഗസങ്കീര്‍ണതകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ചിക്കൻപോക്‌സ് രോഗിയുടെ ലക്ഷണങ്ങള്‍ക്ക് ആശ്വാസമേകാന്‍ പാരസെറ്റാമോളും കലാമിൻ ലോഷനുമൊക്കെ നല്‍കാറുണ്ട്. പാരസെറ്റമോൾ പനിയും ശരീരവേദനയും കുറക്കുന്നു. കാലാമിൻ പുരട്ടുന്നത് തൊലിപ്പുറത്തെ അസ്വസ്ഥതകളും കുറയ്ക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙നിര്‍ജ്ജലീകരണം തടയാന്‍ വെള്ളം ധാരാളം കുടിക്കേണ്ടതാണ്.
∙ തൊലിപ്പുറത്തുള്ളതു പോലെ തന്നെ, ദഹനേന്ദ്രിയങ്ങളുടെ ഉൾ ഭാഗത്തും കുരുക്കള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ദഹനവ്യവസ്ഥയിലെ അസ്വസ്‌ഥതകൾ കുറയ്ക്കുവാൻ എണ്ണയുടെയും മസാലകളുടെയും ഉപയോഗം കുറയ്ക്കുക.
ചിക്കൻപോക്സ് വന്നാൽ കുളിക്കാമോ?
കുളിക്കാതെയിരുന്നാൽ ശരീരം അശുദ്ധമാവും, അസ്വസ്ഥകള്‍ ചൊറിച്ചില്‍ ഒക്കെ കൂടും എന്നു മാത്രമല്ല ചൊറിഞ്ഞു പൊട്ടിയ വൃണങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ രോഗാണുബാധ ഉണ്ടായി പഴുക്കാനുള്ള സാധ്യതയും കൂടുന്നു. ദിവസവും കുളിക്കണം. സോപ്പ് ഉപയോഗിക്കാം തോര്‍ത്ത് ഉപയോഗിക്കുന്ന സമയത്ത് കഴിയുന്നതും പൊട്ടാതെ ഇരിക്കാന്‍ മൃദുവായ തുണി ഉപയോഗിക്കുകയും വെള്ളം ഒപ്പി എടുക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധിക്കാം.
പ്രതിരോധ മാര്‍ഗങ്ങൾ
വാക്സീന്‍: രോഗം വരുന്നത് സാധ്യതകള്‍ തടയാനായി ഉപയോഗിക്കാം. രോഗിയോട് സംസര്‍ഗ്ഗം ഉണ്ടായ ഉടനെ ആണെങ്കില്‍ മാത്രമേ ഇത് രോഗം തടയാന്‍ പ്രാപ്തമാവൂ എന്നത് ഓര്‍ക്കണം. ആദ്യ 3-5 ദിവസങ്ങളില്‍ എടുത്താല്‍ രോഗം വരാനുള്ള സാധ്യത നല്ലതുപോലെ കുറയും. രോഗം വന്നാലും അതുമൂലം തലച്ചോറിലും ശ്വാസകോശത്തിലും അണുബാധ പോലെയുള്ള ഗുരുതരാവസ്ഥ തടയാന്‍ വാക്സീന്‍ പ്രയോജനം ചെയ്യും എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. വളരെ വേഗത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിരോധം പടുത്തുയര്‍ത്താനുള്ള വാക്സീന്‍റെ കഴിവുമൂലമാണ് ഇത് സാധ്യമാകുന്നത്.
ചിക്കന്‍പോക്സ് ഇമ്മ്യുണോഗ്ലോബുലിന്‍: വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡി കൃത്രിമമായി ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഈ രീതി. വാക്സീന്‍ എടുക്കാന്‍ സാധിക്കാത്ത ആരോഗ്യസ്ഥിതി ഉള്ളവര്‍ക്കും, പെട്ടെന്നുള്ള സംരക്ഷണം വേണ്ടവര്‍ക്കും ഈ കുത്തിവയ്പ്പ് എടുക്കാം.
English Summary : Chickenpox: symptoms, treatment, causes and prevention