കോവിഡ് രോഗമുക്തരില്‍ പുതിയ എന്തെങ്കിലും അവശത; മറ്റ് രോഗങ്ങളുമായി സാമ്യമുള്ള ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
Mail This Article
ലോകം നോവല്‍ കൊറോണ വൈറസിന്റെ കൈപ്പിടിയില്‍ അമര്‍ന്നിട്ട് വര്‍ഷം ഒന്ന് കടന്നു പോയി. ഒരു ഡസനിലധികം വാക്‌സീനുകള്‍ വിവിധ രാജ്യങ്ങളിലായി കോവിഡ് പ്രതിരോധത്തിനായി നല്‍കി തുടങ്ങുകയും ചെയ്തു. അപ്പോഴും രോഗവുമായി ബന്ധപ്പെട്ട ഭീതിയും ആശങ്കകളും മാറ്റമില്ലാതെ തുടരുകയാണ്. രോഗം വരുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ മാത്രമല്ല കോവിഡിനെ മാരകമായ വൈറസാക്കുന്നത്. രോഗമുക്തിക്ക് ശേഷവും വൈറസ് അവശേഷിപ്പിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. കോവിഡ് രോഗമുക്തരായി ആശുപത്രി വിടുന്നവരില്‍ 20 ശതമാനത്തിനും വൈകാതെതന്നെ എന്തെങ്കിലും തരത്തിലുള്ള പുതിയ അവശതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു.
ശാരീരികവും മാനസികവുമായ പല വിധ പ്രശ്‌നങ്ങളാണ് രോഗമുക്തരായ ചിലരിലെങ്കിലും കൊറോണ വൈറസ് ബാക്കി വയ്ക്കുന്നത്. ധാരണാ ശേഷിയില്‍ ഉണ്ടാകുന്ന കുറവ്, തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയല്‍, ഓര്‍മക്കുറവ്, ഹ്രസ്വകാല ഓര്‍മ നഷ്ടം എന്നിങ്ങനെ തികച്ചും ആരോഗ്യവാന്മാരായവരില്‍ പോലും കോവിഡ് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. 2020 മാര്‍ച്ചിനും നവംബറിനും ഇടയില്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട 1077 രോഗികളിലാണ് പഠനം നടത്തിയത്.
ഇവരില്‍ പലരും ആസ്ത്‌മ, പ്രമേഹം പോലുള്ള രോഗങ്ങളുള്ളവരാണ്. പല രോഗികളും ഉത്കണ്ഠയും വിഷാദവും ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാറാണ് മറ്റൊരു പ്രശ്‌നം. ഇത്തരത്തില്‍ കോവിഡ് ഉണ്ടാക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ പ്രവചിക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. മറ്റ് രോഗങ്ങളുമായി സാമ്യമുള്ള ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
1. തീവ്രമായ പേശീ വേദന
കോവിഡ് മാറി നാളുകള്‍ ഏറെ കഴിഞ്ഞാലും ചിലരില്‍ തുടരുന്ന അതിതീവ്രമായ പേശീവേദന ആശങ്കയുണര്‍ത്തുന്നതാണ്. ഈ ലക്ഷണം കാണപ്പെടുന്ന രോഗികള്‍ കരുതലോടെ ഇരിക്കുകയും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സഹായം തേടേണ്ടതുമാണ്.
2. അതിഭയങ്കര ക്ഷീണം
കോവിഡ് രോഗമുക്തരില്‍ പലര്‍ക്കും ഏറിയും കുറഞ്ഞും ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിമാരകമായ ഒരു വൈറസിനെതിരെയുള്ള പോരാട്ടം കഴിയുമ്പോള്‍ ശരീരത്തിന് ക്ഷീണമുണ്ടാകുന്നത് സ്വാഭാവികമാണ്. വൈറസിനെതിരെ ശരീരം ഉയര്‍ത്തി വിടുന്ന സൈറ്റോകീന്‍ പ്രവാഹവും ഇതിന് കാരണമാകാം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ ക്ഷീണം മാറുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം.
3. ഹ്രസ്വകാല ഓര്‍മ നഷ്ടം
രോഗമുക്തി നേടിയ രോഗികളില്‍ ചിലര്‍ക്ക് ഓര്‍മ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരാളുടെ ചിന്തിക്കാനുള്ള കഴിവിനെയും വൈറസ് അട്ടിമറിച്ചെന്ന് വരാം. ഇത് ഭാവിയില്‍ പ്രശ്‌നമാകാമെന്നതിനാല്‍ കരുതല്‍ ആവശ്യമാണ്.
ഈ ലക്ഷണങ്ങള്‍ക്ക് പുറമേ ശരീര വേദന, നിരന്തരമായ തലവേദന, ശ്വസനപ്രശ്‌നങ്ങള്‍ തുടങ്ങിയവും കോവിഡ് മുക്തരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
English Summary : COVID-19 recovered patients reported a new disability