ADVERTISEMENT

വാക്‌സീനും മരുന്നുമൊക്കെയായി വരുതിയിലായി തുടങ്ങി എന്ന് നാം കരുതുമ്പോഴേക്കും പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുന്ന വൈറസ്. കൊറോണ വൈറസിനെ ലോകം ഇനിയുമേറെ അറിയാനിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇന്ത്യയില്‍ അലയടിക്കുന്ന കോവിഡ് രണ്ടാം തരംഗം. രണ്ടാം വരവില്‍ നാം കേട്ടറിഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ പുതിയ ചില രോഗലക്ഷണങ്ങള്‍ കൂടി കോവിഡ് അവതരിപ്പിക്കുന്നുണ്ട്. 

പുതിയ വകഭേദങ്ങളുമായി കോവിഡ് വീണ്ടും ആഞ്ഞടിക്കുമ്പോള്‍ ഈ ലക്ഷണങ്ങളെ കരുതിയിരിക്കേണ്ടത് രോഗപ്രതിരോധത്തില്‍ നിര്‍ണായകമാണ്.

ചെങ്കണ്ണ്

ചൈനയില്‍ അടുത്തിടെ നടന്ന പഠനം അനുസരിച്ച് ചെങ്കണ്ണ് എന്ന് നാം വിളിക്കുന്ന നേത്രരോഗവും കോവിഡ് അണുബാധയുടെ ലക്ഷണമാകാം. കണ്ണിനു ചുവപ്പും നീര്‍വീക്കവും കണ്ണ് നിറയുന്നതും ഇത് മൂലം സംഭവിക്കും. പഠനത്തില്‍ പങ്കെടുത്തവരില്‍ കൊറോണവൈറസിന്റെ പുതിയ വകഭേദം ബാധിച്ച 12 പേര്‍ക്കാണ് നേത്രരോഗം ഉണ്ടായത്. കണ്ണുകളിലൂടെ വൈറസ് ശ്വാസകോശത്തിലേക്ക് പടരുമെന്ന സാധ്യത അടിവരയിടുന്നതാണ് ഈ ലക്ഷണം. കണ്ണിലെ ഒക്യുലാര്‍ മ്യൂക്കസ് പാളിയിലൂടെയാണ് വൈറസ് പകരുന്നത്. വൈറസ് കാഴ്ചയെ ബാധിക്കുമോ എന്നറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. 

കേള്‍വിക്ക് തകരാര്‍

കേള്‍വിക്കുറവും ചെവിയില്‍ മുഴക്കവും കടുത്ത കൊറോണവൈറസ് അണുബാധയുടെ ഫലമായി ഉണ്ടാകുന്നുണ്ട്. കൊവിഡ് അണുബാധ കേള്‍വിപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഓഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനവും ചൂണ്ടിക്കാണിക്കുന്നു. ചിലരില്‍ താത്ക്കാലികമായ കേള്‍വി നഷ്ടത്തിന് തന്നെ ഇത് കാരണമാകാം. കോവിഡ് ബാധിച്ചവരില്‍ 7.6 ശതമാനത്തിനും കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് പഠനം. 

ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍

വയറും കുടലുമായി ബന്ധപ്പെട്ട(ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍) പ്രശ്‌നങ്ങള്‍ കോവിഡിന്റെ ഭാഗമായി നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രണ്ടാം തരംഗത്തില്‍ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ വ്യാപകമായിട്ടുണ്ട്. അതിസാരം, ഛര്‍ദ്ദി എന്നിവയെല്ലാം ഇതിന്റെ ഭാഗമായി രോഗിയില്‍ പ്രത്യക്ഷപ്പെടാം. കരളിലെ എന്‍സൈമുകള്‍ താളം തെറ്റാനും ഇവ കാരണമായേക്കാം. 

ആലസ്യവും ബലക്കുറവും

കടുത്ത ബലക്കുറവും ആലസ്യവും കോവിഡ് രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. വൈറസ് ബാധയുടെ ഭാഗമായി നിരവധി പേര്‍ക്ക് അത്യധികമായ ക്ഷീണവും ബലക്കുറവും അനുഭവപ്പെടാറുണ്ട്. വൈറസിനെതിരെ പ്രതിരോധ സംവിധാനം ഉയര്‍ത്തി വിടുന്ന സൈറ്റോകീന്‍ പ്രവാഹമാണ് ഇതിന് പിന്നില്‍. ശരീരം വൈറസിനെതിരെ പോരാടുമ്പോള്‍ സ്വാഭാവികമായും ഇത് ശരീരത്തിന്റെ ബലം ചോര്‍ത്താം. 

പ്രതിദിന കോവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പുതിയ ലക്ഷണങ്ങളെ നിസ്സാരമായി എടുക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

English Summary : Newer symptoms of COVID- 19 infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com