ലോകം ഒരു പുതിയ മഹാമാരിയെ തുറിച്ച് നോക്കുന്ന നിലയിലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍
Mail This Article
യുകെയില്‍ ആദ്യം കണ്ടെത്തിയതും ഇപ്പോള്‍ ലോകമാകെ പടര്‍ന്ന് പ്രബലമായതുമായ കൊറോണ വൈറസിന്റെ ബി.1.1.7. വകഭേദം കോവിഡ് മഹാമാരിയുടെ ഗതി മാറ്റി മറിക്കുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍. കഴിഞ്ഞ ഒരു വര്‍ഷം നാം കണ്ട് പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഒരു പുതിയ മഹാമാരിയെ തന്നെ നാം നേരിടുന്ന അനുഭവമാണ് ബി.1.1.7 സമ്മാനിക്കുന്നതെന്ന് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിനിസോട്ട സെന്റര്‍ ഫോര്‍ ഇന്‍ഫെക്‌ഷ്യസ് ഡിസീസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. മൈക്കിള്‍ ഓസ്റ്റര്‍ഹോം പറയുന്നു.
മുന്‍ വൈറസുകളെ അപേക്ഷിച്ച് 50 മുതല്‍ 100 ശതമാനം വരെ വ്യാപനശേഷി കൂടിയതാണ് ബി1.1.7 വകഭേദം. ഇതിന് 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ കടുത്ത രോഗമുണ്ടാക്കാനാകുമെന്നും ഡോ. മൈക്കിള്‍ കൂട്ടിച്ചേര്‍ക്കുന്നു. കോവിഡിന്റെ നാലാം തരംഗത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ നിലവിലുള്ള വാക്‌സീനുകള്‍ ഈ മാരക വകഭേദത്തിനെതിരെ ഫലപ്രദമാണെന്നതാണ് ലോകത്തിന് ആശ്വാസം പകരുന്ന കാര്യം.
ഈയവസ്ഥയില്‍ ലോക്ഡൗണ്‍ അത്യന്താപേക്ഷിതമാണെന്നും പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബി 1.1.7 വകഭേദമാണ് അമേരിക്കയിലെയും ഏറ്റവും പ്രബലമായ കോവിഡ് വകഭേദമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വ്യാപനശേഷി കൂടിയ ബി 1.1.7 വകഭേദം കൂടുതല്‍ പേരുടെ മരണത്തിനും കാരണമാകുന്നുണ്ട്. കുറഞ്ഞത് 114 രാജ്യങ്ങളിലെങ്കിലും ഈ വകഭേദം പടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ അടുത്ത ദിവസങ്ങളിലുണ്ടായ കോവിഡ് വ്യാപന വര്‍ധനവിന് പിന്നിലും ബി 1.1.7 വകഭേദമാണോ എന്ന് സംശയിക്കപ്പെടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്ത് വിട്ട ജനിതക സീക്വന്‍സിങ്ങ് ഡേറ്റയും ഇത് ശരിവയ്ക്കുന്നു. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,787 സാംപിളുകള്‍ സീക്വന്‍സിങ്ങ് നടത്തിയതില്‍ 736 എണ്ണം ബി 1.1.7 വകഭേദം മൂലമാണെന്ന് തെളിഞ്ഞിരുന്നു.
English Summary : We're in a new oandemic, Virus expert warns