കോവിഡ്: എബി രക്തഗ്രൂപ്പ് ഉള്ളവർ കൂടുതൽ സൂക്ഷിക്കണോ?
Mail This Article
എബി രക്തഗ്രൂപ്പിലുള്ളവര്‍ക്ക് കോവിഡ്- 19 അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. എ, ബി രക്തഗ്രൂപ്പുകളുള്ളവരും സൂക്ഷിക്കണമെന്നും ഇവരെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തമുള്ളവർക്ക് രോഗസാധ്യത കുറവാണെന്നും ഇന്ത്യയിലെ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേസമയം, തീവ്രമായ തോതില്‍ കോവിഡ് ബാധിതരായ വ്യക്തികളുടെ ഡേറ്റ പരിഗണിക്കപ്പെട്ടില്ല എന്നത് ഈ പഠനത്തിന്റെ പോരായ്മയാണെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനാല്‍ രക്തഗ്രൂപ്പും രോഗതീവ്രതയും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മദ്രാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ ഫലം medRxiv പ്രീപ്രിന്റ് സെര്‍വറിലാണ് പ്രസിദ്ധീകരിച്ചത്.
വടക്കേ ഇന്ത്യയിലെ തെരുവോര കച്ചവടക്കാര്‍ക്കിടയില്‍ നടത്തിയ സീറോസര്വയലന്സും രക്ത നിര്‍ണയ പരിശോധനയുമാണ് പഠനത്തിന് അടിസ്ഥാനമാക്കിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൂന്നു ജില്ലകളിലെ 509 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. പഠനത്തിനായി പരിഗണിച്ച ഈ മൂന്ന് ജില്ലകളിലെയും സീറോ പ്രിവലന്‍സ് 0.4 ലും അധികമാണ്. ഈ ഉയര്‍ന്ന സീറോപ്രിവലന്‍സ് നിരക്ക് ഭൂരിപക്ഷം അണുബാധകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
ഒ, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് ബാധയ്ക്കു സാധ്യത കുറവാണെന്നും ബാധിച്ചാലും രോഗം സങ്കീര്‍ണമായി മരണം സംഭവിക്കാനുള്ള സാധ്യത പരിമിതമാണെന്നും കാനഡയിലെ ടോറന്റോ സര്‍വകലാശാല മുന്‍പ് കണ്ടെത്തിയിരുന്നു.
അതേസമയം, എന്തുകൊണ്ടാണ് ചില രക്തഗ്രൂപ്പുകാരില്‍ രോഗസാധ്യതയും സങ്കീര്‍ണതയും കുറഞ്ഞിരിക്കുന്നത് എന്നതിന്റെ കാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. ഇതിന് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
English Summary : COVID- 19: Individuals with blood group AB at highest risk