കിഡ്‌നി സ്റ്റോൺ; രോഗം ഗുരുതരമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്ത് വിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ മൂലം വൃക്കയ്ക്ക് ഈ പ്രവര്‍ത്തനം ശരിയായി ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വൃക്കയിലെ കല്ലുകള്‍. കാല്‍സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കകള്‍ക്ക് പുറമേ മൂത്രസഞ്ചിയിലും മൂത്രനാളിയിലും കല്ലുകള്‍ രൂപപ്പെടാം. സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ വൃക്കകളിലെ കല്ലുകള്‍ വൃക്ക രോഗത്തിലേക്കും അവയുടെ നാശത്തിലേക്കും നയിക്കാം. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെട്ട രോഗികളില്‍ 50 ശതമാനം പേര്‍ക്കും പിന്നീട് ഏതെങ്കിലും തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍, അമിതവണ്ണം, കുടുംബത്തില്‍ കിഡ്‌നി രോഗ ചരിത്രം, ചില മരുന്നുകള്‍, ക്രോണ്‍സ് ഡിസീസ്, പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് പോലുള്ള രോഗങ്ങള്‍, ഉയര്‍ന്ന തോതിലുള്ള യൂറിക് ആസിഡും കാല്‍സ്യവും എന്നിവയെല്ലാം വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകാം.
മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തില്‍ രക്തം, മനംമറിച്ചില്‍, ഛര്‍ദ്ദി, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍ എന്നിവയെല്ലാം വൃക്കയിലെ കല്ലുകളുടെ ലക്ഷണങ്ങലാണ്. ക്രോണിക് കിഡ്‌നി രോഗമുണ്ടാകാനുള്ള സാധ്യതയും വൃക്കയിലെ കല്ലുകള്‍ വര്‍ധിപ്പിക്കുന്നു. വൃക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന എന്‍ഡ് സ്റ്റേജ് റീനല്‍ ഡിസീസിലേക്കും ഇത് നയിക്കാം.
പ്രമേഹ രോഗികള്‍ക്ക് സാധാരണ വൃക്കയിലെ പ്രശ്‌നങ്ങള്‍ കണ്ടു വരാറുണ്ട്. പ്രമേഹം കണ്ടെത്തി 5-10 വര്‍ഷത്തിനു ശേഷമാണ് ഇവരില്‍ വൃക്ക രോഗം ഉണ്ടാകാറുള്ളത്. പ്രമേഹ രോഗികള്‍ ആറു മാസം കൂടുമ്പോള്‍ മൈക്രോ ആല്‍ബുമിന്‍, മൈക്രോ ആല്‍ബുമിന്‍ ക്രിയാറ്റിനൈന്‍ അനുപാതം പരിശോധിക്കുന്നത് വൃക്ക നാശത്തിന്റെ സാധ്യത പ്രവചിച്ച് ചികിത്സ ആരംഭിക്കാന്‍ സഹായകമാണ്.
മൂത്രത്തിൽ കാത്സ്യം, ഓക്സലേറ്റ്, ഫോസ്ഫറസ്, യൂറിക് ആസിഡ് എന്നിവപോലുള്ള ഘടകങ്ങൾ അധികതോതിൽ വന്നുകൂടുമ്പോഴാണ് വൃക്കയിൽ കല്ലുകളുണ്ടാവുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായവ ഉപയോഗിച്ച ശേഷം അവശേഷിക്കുന്ന മലിന ഉൽപ്പന്നങ്ങൾ രക്തത്തിലൂടെ വൃക്കയിലെത്തിപ്പെടുകയും മൂത്രമായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ചെറിയ ചതുരാകൃതിയിലുള്ള കട്ടകളായി നിക്ഷേപിക്കപ്പെട്ടേക്കും. ജലപാനം കുറയുന്നതിലൂടെ ഇത് കഴുകിക്കളയപ്പെടാതെ വരും. ജീനുകൾ, പരിസ്ഥിതി, ശരീരഭാരം, ദ്രവരൂപത്തിലുള്ള സാധനങ്ങൾ കഴിക്കുന്നതിന്റെ കുറവ് എന്നിവയും കല്ലുകൾ രൂപപ്പെടുന്നതിന് കാരണങ്ങളാണ്.
പ്രധാനമായും നാലുതരത്തിലുള്ള കല്ലുകൾ വൃക്കയിൽ രൂപപ്പെടുന്നു. അതിൽ കാത്സ്യം കല്ലുകളാണ് സാധാരണയായി കാണുന്നത്. സ്ട്രൂവൈറ്റ് കല്ലുകൾ വൃക്കകൾക്കുണ്ടാകുന്ന ചെറിയ കേടുപാടുകൾ മൂലം ഉണ്ടാകുന്നതാണ്. സിസ്റ്റീൻ കല്ലുകൾ ജനിതക വൈകല്യങ്ങളിലൂടെ ഉണ്ടാകുന്നു. സാന്തീൻ പോലുള്ള വളരെ കുറഞ്ഞ അളവിൽ കാണുന്ന കല്ലുകളും മരുന്നു സംബന്ധമായി ഉണ്ടാകുന്ന മറ്റു കല്ലുകളുമുണ്ട്.
Englih Summary : Kidney stone; Symptoms, causes, treatment