കോവിഡ് കരളിനെ ബാധിക്കാതിരിക്കാൻ; രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
Mail This Article
ഇത് കോവിഡ് കാലമാണ്; ചെറിയ ഇടവേളയ്ക്ക് ശേഷം കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുകയാണ് രാജ്യം. കോവിഡ് സൃഷ്ടിച്ച ഒരു വലിയ പ്രതിസന്ധിയില്‍ നിന്ന് രാജ്യവും ലോകവും വാക്‌സീന്‍ വിതരണം ആരംഭിച്ചതോടെ കരകയറുമ്പോഴും ഭൂരിഭാഗം പേരിലും വാക്‌സീന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഒട്ടനവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കുന്നത് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമോയെന്ന സംശയം. കരള്‍രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഈ ആശങ്കയും സംശയവും നിലനില്‍ക്കുന്നുണ്ട്. കരള്‍ രോഗത്തിന് ചികിത്സ തേടുന്നവരാണ് നിങ്ങളെങ്കില്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും ചിലര്‍ തുറന്നുവിടുന്ന ഇത്തരം അഭ്യൂഹങ്ങളില്‍ വിശ്വസിക്കാതെ ചികിത്സിക്കുന്ന ഡോക്ടറോട് കാര്യങ്ങള്‍ തിരക്കുന്നതാകും ഏറ്റവും ഉചിതം. ഒരാളുടെ പ്രതിരോധ ശേഷിയായിരിക്കില്ല മറ്റൊരാള്‍ക്ക്. അതിനാല്‍തന്നെ നിങ്ങളുടെ അയല്‍വാസിക്ക് വാക്‌സീന്‍ സ്വീകരിച്ചതുമൂലം പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നറിഞ്ഞുകൊണ്ട് വാക്‌സീന്‍ എടുക്കാതെ ഇരിക്കുന്നത് ബുദ്ധിയല്ല. പകരം നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ കുറിച്ചറിയാവുന്ന ഡോക്ടറുമായി സംസാരിച്ച ശേഷം തീരുമാനം എടുക്കുന്നതാണ് ഏറ്റവും നല്ലത്.
45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഒരു വലിയ ശതമാനം കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്നതിനാല്‍ പലരും വാക്‌സീന്‍ സ്വീകരിക്കാന്‍ ഭയപ്പെടുന്ന വിവരവും നാം ദിവസവും കേള്‍ക്കാറുണ്ട്. പൂര്‍ണ ആരോഗ്യവാനായ ഒരു വ്യക്തിയെ പോലെ കരള്‍ രോഗികള്‍ക്കും കോവിഡ് രോഗം പിടിപെടാതിരിക്കാന്‍ വാക്‌സീന്‍ അനിവാര്യമാണ്.
വാക്‌സീന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് കരള്‍ രോഗികളുടെ സുരക്ഷയെ കുറിച്ച് പ്രത്യേക പരിശോധന നടത്തിയിട്ടില്ലെങ്കിലും കരള്‍ രോഗികള്‍ക്ക് വാക്‌സീന്‍ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത. വിട്ടുമാറാത്ത കരള്‍ രോഗമുള്ളവര്‍ക്കും കരള്‍ മാറ്റിവച്ചവര്‍ക്കും വാക്‌സീന്‍ എഫിഷ്യന്‍സി കുറവാണെങ്കിലും ഒരു പരിധി വരെ കോവിഡ് 19 വാക്‌സീന്‍ പ്രതിരോധം നല്‍കുമെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല, പാശ്ചാത്യരാജ്യങ്ങളിലെ വിവിധ കരള്‍ പഠന സമിതികള്‍ കരള്‍ രോഗമുള്ളവര്‍ക്കും കരള്‍ മാറ്റിവച്ചവര്‍ക്കും വാക്‌സീന്‍ എടുക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ആയതിനാല്‍ കരള്‍ രോഗികള്‍ വാക്‌സീന്‍ സ്വീകരിക്കുന്നതിനോട് പുറംതിരിഞ്ഞ് നില്‍ക്കേണ്ട ആവശ്യം നിലവിലില്ല. അതിനാല്‍തന്നെ കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് വാക്‌സീന്‍ സ്വീകരിക്കാം.
കരള്‍ രോഗികള്‍ കോവിഡിനെ സൂക്ഷിക്കണം
ഇതുവരെയുള്ള പഠനങ്ങള്‍ പ്രകാരം തീവ്രമായ കോവിഡ് രോഗമുളളവരില്‍ ഗുരുതരമായ കരള്‍ തകരാറുകള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗ ബാധിതരായി ആശുപത്രിയില്‍ എത്തുന്ന പലരെയും പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ കരള്‍ എന്‍സൈമുകളുടെ അളവ് കൂടി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ എന്‍സൈമുകളുടെ അളവ് കൂടാന്‍ കാരണം കരളിന് താത്കാലികമായി സംഭവിച്ച തകരാറുകള്‍ മൂലമാണെന്നത് പ്രത്യേകം ഓര്‍ക്കണം. ചുരുക്കി പറഞ്ഞാല്‍ കരളിന്റെ തകരാര്‍ കോവിഡ് രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ചാണിരിക്കുന്നത്. കോവിഡ് കരളിനെ ബാധിക്കുന്നത് കരള്‍ കോശങ്ങളുടെ അണുബാധമൂലമോ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനവും വൈറസും തമ്മിലുള്ള യുദ്ധത്തില്‍ കുടുങ്ങിയതോ ആകാം. അതിനാല്‍ തന്നെ കരള്‍ രോഗികള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ മുന്‍കരുതലും സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ആധികാരികതയില്ലാത്ത വാര്‍ത്തകളില്‍ വിശ്വാസിച്ച് സ്വയം അപകടം വരുത്തി വയ്ക്കാതെ നിങ്ങളുടെ ഡോക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കരളിന്റെ സുരക്ഷയും കോവിഡില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്.
മരുന്നുകള്‍ കോവിഡ് വന്നാലും മുടക്കരുത്
കരള്‍ രോഗികളും കരള്‍ ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താക്കളും മരുന്നിന്റെ ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കോവിഡ് രോഗ വ്യാപനകാലഘട്ടമായതിനാല്‍ ജാഗ്രത കുറഞ്ഞാല്‍ രോഗം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എന്നിരുന്നാലും നിങ്ങള്‍ കരള്‍ ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താവോ കരള്‍രോഗിയോ ആണെങ്കില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് മുടങ്ങാതെ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ നില്‍ക്കരുത്. പകരം എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാലോ സംശയങ്ങള്‍ ഉണ്ടെങ്കിലും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മാനസിക ആരോഗ്യത്തിന് വ്യായാമം
കോവിഡിന്റെ രണ്ടാം വരവ് കരള്‍ രോഗികളില്‍ ആശങ്ക സൃഷ്ടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ഘട്ടത്തില്‍ രോഗിക്കും കുടുംബത്തിനും മാനസികമായി പിന്തുണ അനിവാര്യമാണ്. പലര്‍ക്കും ഉത്കണ്ഠ വര്‍ധിച്ചിട്ടുണ്ട്. രോഗത്തേക്കാള്‍ വലിയ വിപത്താണ് രോഗം വരുമെന്ന ഭയം എന്നതിനാല്‍ രോഗത്തിന് ചികിത്സയെന്ന പോലെ മനസിനും പരിചരണം വേണം. പതിവായുള്ള വ്യായാമം മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ശുദ്ധവായു ശ്വസിക്കുക, നല്ല ഭക്ഷണം കൃത്യമായ ഉറക്കം എന്നിവ ഈ കാലഘട്ടത്തില്‍ ഉറപ്പുവരുത്തുന്നത് രോഗിക്ക് ഏറെ ഗുണം ചെയ്യും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ചാൾസ് പനയ്ക്കൽ
സീനിയർ കൺസൽട്ടൻ്റ്
ഹെപ്പറ്റോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി
ഡോ. മാത്യു ജേക്കബ്
മൾട്ടി ഓർഗൻ ലിവർ ട്രാൻസ്പ്ലാന്റ് സർജറി
ആസ്റ്റർ മെഡ്സിറ്റി
English Summary : COVID 19 and liver patients