ADVERTISEMENT

മലയാളത്തിന്റെ അതുല്യ നടനായിരുന്നു തിലകൻ. മരണത്തിന്റെ മുന്നിൽ നിന്ന് ഒരിക്കൽ തിലകനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന അനുഭവം ഡോക്ടേഴ്സ് ദിനമായ ഇന്നലെ ഡോ. സുൽഫി നൂഹു പങ്കുവച്ചിരുന്നു. ഡോക്ടർമാർക്കു നേരേയുള്ള ആക്രമണം വർധിച്ച ഈ കാലഘട്ടത്തിൽ ഈ കുറിപ്പ് ഏറെ പ്രസക്തമാണ്. ഡോ. സുൽഫിയുടെ അനുഭവം ഇങ്ങനെ.

‘മരണമെത്തുന്ന നേരത്ത് സധൈര്യം ചികിത്സിക്കാൻ ഡോക്ടർമാരെ അനുവദിക്കണം. ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ഈ കഥ ഒന്നുകൂടി പറയണമെന്ന് തോന്നുന്നു. ദിവംഗതനായ പ്രശസ്ത നടൻ തിലകന്റെ വാതിൽക്കൽ മരണമെത്തിയ കഥ.

ഇതുപോലെ നൂറു നൂറു കഥകൾ എല്ലാ ഡോക്ടർമാർക്കും പറയനുണ്ടാകും  

ഡിഫൻസിവ് മെഡിസിൻ അഥവാ ‘സ്വയം പ്രതിരോധ ചികിത്സ’ എന്ന  ചികിത്സാരീതിയിലേക്ക് ഡോക്ടർമാരെ തള്ളി വിടുന്ന ചില കാര്യങ്ങൾ കണ്ടപ്പോൾ ഈ കഥ വീണ്ടും ഒന്നുകൂടെ ഓർമിപ്പിക്കുകയാണ്.

 ഏറെ കൊല്ലങ്ങൾക്കു മുമ്പാണ്. അത്യാഹിതവിഭാഗം നൈറ്റ്  ഡ്യൂട്ടി. രാത്രി ഒരു മണികഴിഞ്ഞിട്ടുണ്ടാവണം. തിരക്കൊന്നൊതുങ്ങിയപ്പോൾ മൊബൈലിൽ കുത്തി അത്യാഹിത വിഭാഗത്തിലെ ഹോളിനെതിരെയുള്ളതന്നെ ഡ്യൂട്ടി റൂമിൽ ഞാൻ ഹാജർ. പെട്ടെന്ന് വലിയ ശബ്ദകോലാഹലം.

സിസ്റ്റർ ഓടിവന്ന് അത്യാഹിത വിഭാഗത്തിലേക്ക് ഉടൻ എത്താൻ ആവശ്യപ്പെട്ടു. അവിടേക്ക് ചെല്ലുമ്പോൾ മുറി നിറയെ വലിയ ആൾക്കൂട്ടം.

ആശുപത്രിയുടെ മുന്നിൽ  ആംബുലൻസും നിറയെ മറ്റു വാഹനങ്ങളും. ജനക്കൂട്ടത്ത പുറത്താക്കി  രോഗി കിടന്ന കട്ടിലിലിനടുത്തേക്ക് എത്തിയപ്പോൾ  പ്രശസ്തനടനെ തിരിച്ചറിയുവാൻ അധികസമയം വേണ്ടിവന്നില്ല– ശ്രീ തിലകൻ.

പ്രശസ്തമായ ശാർക്കര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള നാടക കളരിയിൽ മേക്കപ്പ് അണിഞ്ഞപ്പോൾ  അനാഫൈലക്സിസ് അഥവാ ഗുരുതരമായ അലർജി. സിസ്റ്റർ പെട്ടെന്ന് പറഞ്ഞു നിർത്തി

നോക്കുമ്പോൾ പൾസ്‌ വളരെ വീക്ക്. വീക്കെന്ന് പറഞ്ഞാൽ പോരാ , കിട്ടുന്നില്ല. ബിപി റിക്കോർഡ് ചെയ്യാൻ കഴിയുന്നതിലും താഴെ.

ദേഹം മുഴുവൻ തടിച്ചു പൊന്തിയിട്ടുണ്ട്. കാര്യത്തിലെ ഗൗരവം വളരെ കൃത്യം. സെക്കൻഡുകൾക്കകം എന്തെങ്കിലും ചെയ്താൽ  ചിലപ്പോൾ രോഗി രക്ഷപ്പെടും.

രണ്ടാമത്തെ മാർഗം  30 കിലോമീറ്റർ അകലെയുള്ള  നഗരഹൃദയത്തിലെ ഏതെങ്കിലും സർക്കാർ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുക.

30 കിലോമീറ്റർ ഓടിയെത്താൻ കുറഞ്ഞത് 30 മിനിറ്റ്. 30 മിനിറ്റ് പോയിട്ട് 5 മിനിറ്റ്നപ്പുറം പോലും ജീവൻ നിൽക്കില്ല. 

അതേ , മരണം വാതിൽക്കൽ!

ഇതിൽ പറഞ്ഞ രണ്ടാമത്തെ ചോയിസ് ആണ് ഡിഫൻസിവ് മെഡിസിൻ. ഡിഫൻസീവ് മെഡിസിൻ വളരെ എളുപ്പമാണ്. ഒട്ടും റിസ്ക് എടുക്കാതിരിക്കുക. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് രോഗിയുടെ കൂട്ടിരിപ്പുകാരോട് പറയുക. കത്തെഴുതുക. കത്ത് കൊടുക്കുക തീർന്നു.

അന്ന് ഡോക്ടർമാരെ തല്ലുന്ന ശീലം അങ്ങനെയങ്ങ് സാധാരണമായി തുടങ്ങിയിരുന്നില്ല. അതായത് , ഒരുപക്ഷേ രോഗിമരിച്ചാലും തല്ലൊന്നും കിട്ടില്ല . കിട്ടിയാൽ ജീവൻ. ഇല്ലെങ്കിൽ അല്പം സങ്കടം.

ഞാനും സിസ്റ്റർമാരും രോഗിയുടെ പുറത്തേക്ക് ചാടി വീഴുന്നു. ഇഞ്ചക്‌ഷനുകളും  മറ്റ് സംവിധാനങ്ങളും മരുന്നുകളും ഏതാണ്ട്  അരമണിക്കൂറോളം.

പതിയെ പൾസ് ശക്തിയുള്ളതാകുന്നതും ബിപി റെക്കോർഡ് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉയരുന്നതും ഞങ്ങൾ കണ്ടറിഞ്ഞു .

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അപകടമേഖല ഏതാണ്ട് തരണം ചെയ്തു. ആ സംഭവം കഴിഞ്ഞ് കൊല്ലങ്ങൾ കഴിഞ്ഞാണ് പ്രശസ്തനടൻ നമ്മെ വിട്ടു പിരിഞ്ഞത്. അന്ന് ഡിഫൻസീവ്  മെഡിസിൻ എന്ന എളുപ്പമുള്ള വഴി സ്വീകരിച്ചിരുന്നെങ്കിൽ  അടുത്ത ജങ്ഷൻ പോലും എത്തില്ല. ഉറപ്പല്ലേ.

മരണം വാതിക്കൽ എത്തുമ്പോൾ ഡോക്ടർക്ക് ചികിത്സിക്കാൻ സ്വാതന്ത്ര്യം വേണം. ആത്മ ധൈര്യം വേണം. നിങ്ങളുടെ പിന്തുണ വേണം. 

എന്തും ചെയ്യൂ ഡോക്ടർ, ഒന്ന് ശ്രമിച്ചു നോക്കൂ എന്നുപറയുന്ന മനസ്സ്! അത് വേണം.

അതിനുപകരം  ജീവൻ തിരിച്ചു കിട്ടിയില്ലെങ്കിൽ തന്നെ കൊല്ലുമെടോയെന്ന് പറഞ്ഞാൽ, എളുപ്പവഴി ഡിഫൻസീവ്  മെഡിസിൻ.

പ്രതിരോധ ചികിത്സ  എളുപ്പം.

വിവരം പറയുക, കത്തെഴുതുക, നൽകുക തീർന്നു.

ആരുടെയും ഭീഷണിയോ  തല്ലു കിട്ടുമോയെന്ന ഭയമോ വേണ്ട. ഇങ്ങന ഡോക്ടർമാരെ ഡിഫൻസീവ് മെഡിസിനിലേക്ക് തള്ളിവിടുന്ന രീതിയിലുള്ള പെരുമാറ്റം അപൂർവം ചിലരിലെങ്കിലും ഉണ്ടാകുന്നു.

ഇത് മാറേണ്ടതാണ്.

ജൂലൈ 1 ഡോക്ടർസ്  ദിനം. കാലാകാലങ്ങളായുള്ള ആചാരം. ഇത്തവണ പലതും വ്യത്യസ്തം. കോവിഡ് 19നിടയിൽ  മരണം കൊണ്ടുപോയത് മൊത്തം 1553 ഡോക്ടർമാരുടെ ജീവനുകൾ. രോഗികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് , മരണം വാതിൽക്കലെത്തിയത്.

ആദ്യ തരംഗത്തിൽ 753 .രണ്ടാം തരംഗത്തിൽ 800. ജീവൻ രക്ഷിക്കാൻ ഞങ്ങളെ അനുവദിക്കണം. അതിനിടയിൽ തല്ലരുത്. രോഗി മരിച്ചാലും രക്ഷപ്പെട്ടാലും.

മരണമെത്തുമ്പോൾ സധൈര്യം ചികിത്സിക്കാൻ അനുവദിക്കണം  അത്രമാത്രം.’

English Summary : Actor Thilakan's Anaphylaxis treatment experience shared by Dr. Sulphi Noohu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com