സൂക്ഷിക്കണം ഹെപ്പറ്റൈറ്റിസ് ബിയെ, വീടിനകത്തു നിന്നു പകരാം; ആദ്യമേ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ
Mail This Article
ഇന്ന് ലോകഹെപ്പറ്റൈറ്റിസ് ദിനം. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് കാണുന്നത്. ഭക്ഷണപദാർഥങ്ങളിലൂടെയാണ് എ, ഇ വിഭാഗം ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഇവ ശരീരത്തിനുള്ളിൽ നിൽക്കാറുള്ളു. മൂന്നു മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ ശരീരത്തിൽ നിന്ന് ഈ രോഗാണു മുഴുവനായും നമ്മുടെ രോഗപ്രതിരോധശക്തി തന്നെ ഇവയെ നിർമാർജ്ജനം ചെയ്യുന്നു. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വ്യത്യസ്ത സ്വഭാവം കാണിക്കുന്ന വൈറസുകളാണ്. ഇവ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഇവ വിട്ടുപോകണമെന്നില്ല. നിലവിലുള്ള ഏത് ചികിത്സാരീതികളിലൂടെ നമ്മൾ ചികിത്സിച്ചാൽ പോലും ഇവ പൂർണമായും വിട്ടുപോകാത്ത അവസ്ഥ ഉള്ളതുകൊണ്ടാണ് ഇവയെ ഭയക്കുന്നത്.
ഹെപ്പറ്റൈറ്റിസ് എയ്ക്കും ഇയ്ക്കും ഉണ്ടാകുന്ന ലക്ഷണങ്ങൾ ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളിൽ പനി, ഛർദ്ദി, വയറുവേദന ഇതോടൊപ്പം ഒരാഴ്ച കഴിയുമ്പോൾ മഞ്ഞപ്പിത്തം വരും. ഹെപ്പറ്റൈറ്റിസ് ബി.യും സിയും ലക്ഷണങ്ങൾ വളരെ പതുക്കെ മാത്രമേ പ്രകടമാകൂ. രോഗിയെ സംബന്ധിച്ച് ചെറിയ അസ്വസ്ഥതകൾ അതാതയത് ചെറിയ തോതിൽ ദേഹം വേദന, ക്ഷീണം ഒക്കെയേ ഉണ്ടാകൂ. ബിയും സിയും പരിശോധിച്ചു നോക്കുമ്പോൾ മാത്രമേ ഇവ ശരീരത്തിനുള്ളിലുണ്ടെന്നത് അറിയാൻ സാധിക്കൂ.
സൂക്ഷിക്കണം ഹെപ്പറ്റൈറ്റിസ് ബിയെ
ആശുപത്രിയിൽ ഉപയോഗിക്കുന്ന റീസൈക്കിൾ ചെയ്തെടുക്കുന്ന ഉപകരണങ്ങൾ ചിലപ്പോൾ പൂർണമായും സ്റ്റെറിലൈസ് ചെയ്ത് എടുക്കാൻ സാധിക്കാത്തത്തു വഴി ചിലപ്പോൾ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കാം.ഒരാൾ ഉപയോഗിക്കുന്ന ഷേവിങ് സെറ്റ്, ബ്ലെയ്ഡുകൾ തുടങ്ങിയവ മറ്റൊരാൾ ഉപയോഗിക്കുന്നതു വഴിയും ബി ബാധിക്കാം.
വീട്ടിനകത്തു നിന്നും ഹെപ്പറ്റൈറ്റിസ് ബി പകരാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച ഒരാൾ ഉപയോഗിച്ച കറിക്കത്തി, ഇതിൽ രക്തം പുരണ്ടു, അത് സ്റ്റെറിലൈസ് ചെയ്യാതെ എടുത്തു വയ്ക്കുന്നു, അത് അടുത്തയാൾ ഉപയോഗിക്കുന്നു. ഇതുവഴി രോഗം പകരുകയാണു ചെയ്യുന്നത്. അമ്മയിൽ നിന്നു കുഞ്ഞിലേക്കും ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുന്നു. ഇതാണ് ഹെപ്പറ്റൈറ്റിസ് ബിയിലും സിയിലും പേടിക്കേണ്ട ഘടകം. കാരണം ഇവ ശരീരത്തിൽ നിന്ന് പൂർണമായും വിട്ടുപോകുന്നില്ല.
പല സമയത്തും ഹെപ്പറ്റൈറ്റിസ് ബിയുടെ ഡിഎൻഎ, മനുഷ്യരുടെ ഡിഎൻഎയുമായി ലിങ്ക് ചെയ്യപ്പെടുന്നു. ഇങ്ങനെ ലിങ്ക് ചെയ്ത് ശരീരത്തിൽ നിന്ന് വിട്ടുപോകാതെ അവിടെ കിടക്കുന്നു. രോഗം ശരീരത്തിൽ നിന്ന് വിട്ടുപോയോ ഇല്ലെയോ എന്നറിയണമെങ്കിൽ ഹെപ്പറ്റൈറ്റിസ് ബിയുടെ സർഫസ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിൽ ശരീരത്തിൽ നിന്ന് വിട്ടുപോയി. നെഗറ്റീവ് ആകാത്തവരെയാണ് അണുവാഹകർ എന്നുവിളിക്കുന്നത്.
ഇവരെ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. കാരണം എല്ലാവരും ദിവസവും പോയി ഹെപ്പറ്റൈറ്റിസ് ബി യുടെ ചെക്ക് അപ് ചെയ്യാറില്ല. എന്തെങ്കിലും ഒരാവശ്യം വരുമ്പോൾ മാത്രമേ ആശുപത്രിയിൽ പോകുകയും ടെസ്റ്റ് ചെയ്യുകയും ചെയ്യുന്നുള്ളു.
English Summary : Hepatitis Day, Hepatitis B symptoms and treatment