വൈറല്‍ ഹെപ്പറ്റൈറ്റിസ്; ഓരോ 30 സെക്കൻഡിലും ഒരു മരണം, രോഗത്തെ പ്രതിരോധിക്കാൻ അറിയേണ്ടത്
Mail This Article
നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരള്‍ വീക്കം ഉണ്ടാക്കുന്നത്. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ (Hepatitis A, B, C, D, E) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി രോഗികളില്‍ കണ്ടുവരുന്നത്. ഈ രണ്ട് വൈറസുകള്‍ കാരണം മാത്രം പതിനൊന്നു ലക്ഷത്തിലധികം രോഗികള്‍ എല്ലാ വര്‍ഷവും മരണപ്പെടുകയും ഏകദേശം മുപ്പതു ലക്ഷത്തിലധികം ആളുകള്‍ പുതുതായി രോഗബാധിതര്‍ ആവുകയും ചെയ്യുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആയതിനാല്‍ സമൂഹത്തില്‍ ഇതേപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടന (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ - WHO) എല്ലാവര്‍ഷവും ജൂലൈ ഇരുപത്തെട്ടിന്, ലോക കരള്‍ വീക്ക ദിനം അഥവാ World Hepatitis Day ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (വേള്‍ഡ്ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ -WHO) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വൈറല്‍ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ഓരോ മുപ്പതു സെക്കന്‍ഡിലും ഒരാള്‍ വീതം മരിച്ചു വീഴുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രോഗികളില്‍ 'ഇനിയും കാലതാമസം പാടില്ല' എന്ന അര്‍ത്ഥത്തില്‍ 'Hepatitis can't wait'എന്നതാണ് ഈ വര്‍ഷത്തെ സന്ദേശമായി WHO നല്‍കിയിരിക്കുന്നത്.
വിവിധതരം ഹെപ്പറ്റൈറ്റിസുകള്‍
ഹെപ്പറ്റൈറ്റിസ് ബി, സി
വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീര്‍ണതകള്‍ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ചില രോഗികളില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് (Chronic Hepatitis) എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് (cirrhosis), ലിവര്‍ കാന്‍സര്‍ (liver cancer) തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ നിമിത്തമാവുകയും ചെയ്യുന്നു.
ഹെപ്പറ്റൈറ്റിസ് ഡി
ഹെപ്പറ്റൈറ്റിസ് ബി രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി വൈറസ്. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി - ഡി രോഗബാധ (Co-infection / Super infection) വളരെ തീവ്രതയുള്ളതും സങ്കീര്‍ണവുമാണ്.
ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ്
വൈറസ് ബാധയാല്‍ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയോ ആണ് ഈ രോഗങ്ങള്‍ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയില്‍ ദീര്‍ഘകാല സങ്കീര്‍ണതകള്‍ക്ക് ഈ രോഗങ്ങള്‍ കാരണമാകാറില്ല.
രോഗ ലക്ഷണങ്ങള്‍
മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ടെസ്റ്റുകള്‍ക്ക് വിധേയനാകേണ്ടതുമാണ്.
ചികിത്സാ മാര്‍ഗങ്ങള്‍
ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ക്ക് ഫലപ്രദമായ ആന്റി വൈറല്‍ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് തടയുന്നതിനുംകഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങള്‍ക്ക് പ്രത്യേക ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്‌പ്പെടുത്താനാവും.
എങ്ങനെ പ്രതിരോധിക്കാം?
1. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ രോഗബാധ തടയാന്‍ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്.
2. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം
· രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഉപകരണങ്ങള്‍ (സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ) ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
· ഷേവിങ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
· ടാറ്റു, അക്യുപങ്ക്ചര്‍ തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നു മാത്രം സ്വീകരിക്കുക.
· സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക.
· രോഗസാധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവര്‍ ഹെപ്പറ്റൈറ്റിസിന്റെ സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്ക് വിധേയരാവുക.
3. വാക്‌സീനുകള്‍
ഹെപ്പറ്റൈറ്റിസ് എ, ബി രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്‌സീനുകള്‍ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.
വൈറല്‍ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളില്‍ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.
(പട്ടം എസ്‌യുടി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റാണ് ലേഖകൻ)
English Summary : World Hepatitis day 2021, Viral Hepatitis and prevention tips