ADVERTISEMENT

ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന് താഴെയായി മുൻവശത്ത് സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്‌ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ശരീരത്തിന് പ്രശ്‌നമാണ്. തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ആവശ്യത്തിലും കുറഞ്ഞു പോകുന്ന അവസ്ഥയായ  ഹൈപോതൈറോയ്‌ഡിസം ഇന്ത്യക്കാരിൽ പത്തിലൊരാൾക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ മുതിർന്നവരുടെ 10.95 ശതമാനത്തിനെയും ബാധിക്കുന്ന ഹൈപോതൈറോയ്‌ഡിസം പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നതാണ് സത്യം. അടുത്തിടെ ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ നടത്തിയ പഠനമനുസരിച്ച് ഹൈപ്പോതൈറോയ്‌ഡിസം ബാധിതരിൽ മൂന്നിലൊന്നും രോഗനിർണയം നടത്താതെ ഇതിന്റെ പ്രശ്‌നങ്ങൾ അനുഭവിച്ചു വരുന്നു. മുംബൈയിൽ മാത്രം മുതിർന്നവരിലെ 16.36 ശതമാനത്തിനും ഈ രോഗാവസ്ഥയുണ്ട്. എന്നാൽ 2.86 ശതമാനം കേസുകളും കണ്ടുപിടിക്കപ്പെടാതെ പോകുന്നതായി നവി മുംബൈ ഹോപ് ആൻഡ് കെയർ ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ് ഡോ. മനോജ് ഛദ്ദ പറയുന്നു. 

ക്ഷീണം, ശരീരഭാരം കൂടുക, വരണ്ട ചർമം, മലബന്ധം, പേശീവേദന, കണ്ണിന് താഴെ തടിപ്പും കറുപ്പും തുടങ്ങിയ നിരവധി ലക്ഷണങ്ങൾ തൈറോയ്‌ഡ് രോഗവുമായി ബന്ധപ്പെട്ട് ശരീരത്തിൽ പ്രത്യക്ഷപ്പെടാം. കൃത്യ സമയത്ത് രോഗനിർണയം നടക്കാതെ പോയാൽ കൊളസ്‌ട്രോൾ തോതുയരാനും മാസമുറ തെറ്റാനും വിഷാദരോഗത്തിനു വരെയും ഹൈപ്പോതൈറോയ്‌ഡിസം കാരണമാകാം. ഹൃദ്രോഗസംബന്ധവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കാം. വ്യക്തിയുടെ ജീവിത നിലവാരത്തെ മൊത്തത്തിൽ ബാധിക്കാനും ഹൈപ്പോതൈറോയ്‌ഡിസം കാരണമാകാം. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഹൈപ്പോതൈറോയ്‌ഡിസം വരാനുള്ള സാധ്യത മൂന്ന് മടങ്ങ് അധികമാണ്. ഇതവരിൽ വന്ധ്യതയ്ക്കും പോളിസിസ്‌റ്റിക് ഓവറി സിൻഡ്രോമിനും കാരണമാകാം. ഗർഭിണികളിൽ ഗർഭമലസൽ, രക്തസ്രാവം, വിളർച്ച തുടങ്ങിയവയ്‌ക്കെല്ലാം ഹൈപ്പോതൈറോയ്‌ഡിസം കാരണമാകാം. ഇതിനാലാണ് ഗർഭകാലത്ത് തൈറോയ്‌ഡ്  പരിശോധന നിർബന്ധമായും നടത്താൻ ഡോക്‌ടർമാർ നിർദേശിക്കുന്നത്. 

പ്രമേഹം, ഹൈപ്പർടെൻഷൻ എന്നിവയടക്കമുള്ള രോഗാവസ്ഥകളിലേക്ക് നയിക്കുമെന്നതിനാൽ തൈറോയ്‌ഡ് പ്രശ്‍നങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗർഭിണികൾ, മധ്യവയസ്ക്കകളായ സ്ത്രീകൾ, 55 വയസ്സിന് മുകളിലുള്ളവർ തുടങ്ങിയവർ ഇടയ്ക്കിടെ തൈറോയ്‌ഡ് പരിശോധന നടത്തണമെന്ന് ദ ഹെൽത്ത് സൈറ്റ്. കോം പോർട്ടലിന് അനുവദിച്ച അഭിമുഖത്തിൽ ഡോ. മനോജ് ഛദ്ദ  കൂട്ടിച്ചേർക്കുന്നു.

English Summary : Hypothyroidism - Symptoms and causes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com