കൊളസ്‌ട്രോൾ ഉണ്ടോ? ശരീരം പ്രകടമാക്കും ഈ ലക്ഷണങ്ങൾ
Mail This Article
കൊളസ്‌ട്രോൾ രണ്ടു തരത്തിലുണ്ട് എൽ ഡി എൽ കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും എച്ച് ഡി എൽ അഥവാ നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ധമനികളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞു കൂടും. പിന്നീട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.
കൊളസ്‌ട്രോൾ ലെവൽ കൂടാൻ പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ജനിതകമാണ്. പാരമ്പര്യമായി കൊളസ്‌ട്രോൾ വരാം. ജീവിതശൈലിയാണ് കൊളസ്‌ട്രോൾ കൂടാൻ മറ്റൊരു കാരണം. കൊഴുപ്പു കൂടിയ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നത്, വ്യായാമമില്ലായ്‌മ , പുകവലി, അമിത മദ്യപാനം ഇവ കൊളസ്‌ട്രോൾ കൂടാൻ കാരണമാകും. പൊണ്ണത്തടിയാണ് കൊളസ്‌ട്രോൾ വരാൻ മറ്റൊരു കാരണം.
കൊളസ്‌ട്രോൾ കൂടുതലാണെങ്കിൽ ശരീരംതന്നെ ലക്ഷണങ്ങൾ പ്രകടമാക്കും. ചില ആളുകളുടെ ചർമത്തിൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിലുള്ള വളർച്ച കാണാം. ചിലപ്പോൾ മുഖത്തിലും അതുണ്ടാകാം. നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് അനാരോഗ്യകരമായ വർധിച്ചിരിക്കുന്നു എന്നാണ് ശരീരം ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്.
ചർമത്തിലെ ഈ മഞ്ഞ കലർന്ന ഓറഞ്ച് വളർച്ച ചർമത്തിനടിയിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടിയതാവാം. വേദനയില്ലാത്ത ഈ കൊഴുപ്പ് അടിയൽ ശരീരത്തിന്റെ പല സ്ഥാനത്തും കാണാം. കണ്ണിന്റെ മൂലകളിൽ, കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിയാം.
കൺപോളയിൽ കൊളസ്‌ട്രോൾ അടിയുന്നതിനെ സാന്തെലാസ്മ എന്നാണ് പറയുന്നത്. ചർമത്തിലെ മറ്റ് ഭാഗങ്ങളിൽ കാണുന്നതിനെ സാൻതോമ എന്നു വിളിക്കാം.
കൊളസ്‌ട്രോൾ അമിതമായാൽ ആണ് പ്രശ്‌നം. ഇടയ്ക്കിടെ രക്തപരിശോധന നടത്താത്ത ആളാണ് നിങ്ങളെങ്കിൽ ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ അനാരോഗ്യത്തിന്റെ സൂചനയായി കരുതുക. ആരോഗ്യകരമായ ജീവിത രീതിയും വ്യായാമവും ശീലമാക്കുക.
English Summary : The signs of high cholesterol on the face