പരുക്കേറ്റ തലയോട്ടിയെ പുനർനിർമിക്കുന്ന ശസ്ത്രക്രിയ കഴിഞ്ഞ് അജീഷ് പോൾ; ഓണം ആഘോഷിച്ച് വീട്ടിലേക്കു മടക്കം
Mail This Article
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോൾ രാജഗിരി ആശുപത്രിയിലെ രണ്ടാം ഘട്ട ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിന് മുൻപ് ഓണക്കോടി ധരിച്ച് ആശുപത്രിയിൽ പൂക്കളമൊരുക്കുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം കൂടി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്ന അജീഷ് പോൾ ശസ്ത്രക്രിയ ഉൾപ്പടെയുള്ള 24 ദിവസത്തെ ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ജൂണിൽ ആശുപത്രി വിട്ടിരുന്നു.
ജീവൻ രക്ഷിക്കാൻ നടത്തിയ ആദ്യഘട്ട ശസ്ത്രക്രിയയിൽ ഡോക്ടർമാർ അജീഷിന്റെ പൊടിഞ്ഞു പോയ തലയോട്ടിയുടെ ഭാഗങ്ങൾ നീക്കം ചെയ്തു. രക്ഷപെടുത്തുവാൻ പറ്റിയ ചെറിയൊരുഭാഗം സൂക്ഷിച്ചുവച്ചു. ഇത്തരത്തിൽ പരുക്കേറ്റ തലയോട്ടിയെ പുനർനിർമിക്കുന്ന ക്രേനിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹം കഴിഞ്ഞയാഴ്ച വിധേയനായത്.
അക്രമത്തിൽ തകർന്ന് നഷ്ടപ്പെട്ട തലയോട്ടിയുടെ ഭാഗങ്ങൾ 3ഡി പ്രിന്റിങ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി പുനർനിർമിച്ചാണ് സ്ഥാപിച്ചത്. രാജഗിരി ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ജഗത് ലാൽ, ഡോ. ജോ മാർഷൽ ലിയോ, ഡോ. മനോജ് നാരായണപ്പണിക്കർ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
English Summary : Sjeesh Paul's Surgery at Rajagiri Hospital