ADVERTISEMENT

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ ഭയന്ന് ജീവിക്കേണ്ടി വന്ന വിഭാഗമാണ് ഹൃദ്രോഗികള്‍. കോവിഡും ഹൃദ്രോഗവും ഒരുമിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും പലവുരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരുടെ മുന്നറിയിപ്പുകളെ സാധൂകരിക്കുന്നതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം കോവിഡ് ബാധയ്ക്ക് ശേഷം നടന്ന ഹൃദയാഘാതങ്ങളുടെ എണ്ണം. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്തും  പലരും കോവിഡിനെ തുടര്‍ന്നുള്ള ഹൃദ്രോഗബാധയാല്‍ മരണപ്പെട്ടു. 

ഇതിനാല്‍ ഹൃദയാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് വാക്സീനെടുക്കേണ്ടതാണ്. എന്നാല്‍ വാക്സീന്‍ തങ്ങള്‍ക്ക് എന്തെങ്കിലും സങ്കീര്‍ണതകളുണ്ടാക്കുമോ എന്ന് ഭയന്ന് അതെടുക്കാതിരിക്കുന്ന ഹൃദ്രോഗികള്‍ നിരവധിയാണ്. ഇത്തരം മിഥ്യാധാരണകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫോര്‍ട്ടിസ് എസ്കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. നിഷിത് ചന്ദ്ര പറയുന്നു. 

പ്രതിരോധ സംവിധാനം നാഡീവ്യൂഹത്തെ ആക്രമിക്കുന്ന ഗിലന്‍ ബാര്‍ സിന്‍ഡ്രോം, രക്തം കട്ടപിടിക്കല്‍, ഹൃദയപേശികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡൈറ്റിസ്, തീവ്ര അലര്‍ജിക് പ്രതികരണമുണ്ടാക്കുന്ന അനാഫിലാക്സിസ് എന്നിവയാണ് കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട ഗൗരവമുള്ള പാര്‍ശ്വഫലങ്ങള്‍. എന്നാല്‍ ഇവയെല്ലാം വാക്സീന്‍ എടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ പ്രകടമാകുന്നതാണ്. നീണ്ടു നില്‍ക്കുന്ന ഒരു പാര്‍ശ്വഫലവും വാക്സീനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ ഇവയെല്ലാം കൃത്യ സമയത്ത് കണ്ടെത്തി പ്രതിവിധി കണ്ടെത്താന്‍ സാധിക്കുന്നതാണ്. 

വാക്സീനുമായി ബന്ധപ്പെട്ട് ഗിലന്‍ ബാര്‍ സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യതയേക്കാൾ 17 മടങ്ങ് അധികമാണ് മറ്റേതെങ്കിലും അണുബാധ മൂലം ഇത് വരാനുള്ള സാധ്യത. കോവിഡ് വാക്സീനുകള്‍ ഹൃദ്രോഗികള്‍ക്ക് സുരക്ഷിതമാണെന്നും ഇതിനാല്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടിയ ശേഷം വാക്സീന്‍ എടുക്കാവുന്നതാണെന്നും  ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ വാക്സീന്‍ എടുത്തതു കൊണ്ട് മാത്രം സുരക്ഷിതരായെന്ന ധാരണയില്‍ ഹൃദ്രോഗികള്‍ കോവിഡ് മുന്‍കരുതലുകള്‍ ഉപേക്ഷിക്കാന്‍ പാടില്ല. കോവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വന്നതോടെ ബ്രേക്ക്ത്രൂ അണുബാധകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അതിനാല്‍ വാക്സീന്‍ എടുത്ത ശേഷവും ഹൃദ്രോഗികള്‍ സാമൂഹിക അകലം, മാസ്ക്, കൈകളുടെ ശുചിത്വം തുടങ്ങിയ പ്രതിരോധ നടപടികള്‍ തുടരേണ്ടതാണ്.

English Summary : Long term effects on heart health post COVID vaccination?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com